ബുധനാഴ്ച പുലര്‍ച്ചെ കാട്ടാനയുടെ ചിത്രം പകര്‍ത്താന്‍പോയ മാതൃഭൂമി സംഘത്തിലുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ അരുണ്‍ കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു, മുകേഷുമൊത്തുള്ള അവസാന നിമിഷങ്ങള്‍ 

To advertise here,

ചൊവ്വാഴ്ച വേനോലിയിലെ കര്‍ഷകനാണ് കാട്ടാനകള്‍ വരുത്തിവെക്കുന്ന കൃഷിനാശത്തിന്റെ ദുരിതം വിളിച്ചുപറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 5.45ന് മലമ്പുഴ വേനോലിക്കടുത്ത എളമ്പരക്കാട്ടിലെ ജനവാസമേഖലയിലേക്കെത്താനായി 5.30ന് ഓഫീസില്‍ എത്താമെന്നുപറഞ്ഞാണ് ഞാനും മാതൃഭൂമി ന്യൂസ് സംഘവും പിരിഞ്ഞത്.

placeholder
A V Mukesh
എ.വി. മുകേഷ്

ബുധനാഴ്ച പുലര്‍ച്ചെ വണ്ടിത്താവളത്തിനടുത്ത വീട്ടില്‍നിന്ന് 4.45ന് പുറപ്പെട്ടു. 5.33 ന് പുത്തൂര്‍ എത്തുമ്പോഴേക്കും എം.വി. മുകേഷിന്റെ വിളിവന്നു, എവിടെയെത്തി..., ഞാന്‍ പുത്തൂരിലെത്തി ഇപ്പോള്‍ ഓഫീസിലെത്തുമെന്ന് പറഞ്ഞതും കോള്‍ കട്ടായി. തുടര്‍ന്ന്, ഓഫീസിലെത്തി. ന്യൂസ് സംഘത്തിനെ കാത്തിരിക്കുന്നസമയം കര്‍ഷകന്റെ വിളിയെത്തി. 'അരുണ്‍ എവിടെയെത്തി ആന വന്നിട്ടുണ്ട്. 10 മിനിറ്റില്‍ എത്തിയാല്‍ കാണാമെന്നുപറഞ്ഞു. എളംബരക്കാട്ടിലേക്ക് പോകുന്നതിനിടെയും കര്‍ഷകന്റെ വിളി തുടര്‍ന്നു. പിന്നീട് അവിടെയെത്തി പാടത്തെ വരമ്പിലൂടെ ഓടിപ്പോയി ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി.

എ.വി. മുകേഷിന് വിട; സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍

കുറച്ചുകഴിഞ്ഞതും കാട്ടാന കാട്ടിലേക്കുകയറി. കോരയാറിനടുത്ത് തടയണഭാഗത്തേക്ക് ഞാന്‍ നീങ്ങി. ഇനി കാട്ടാന അതുവഴിയാണ് കടന്ന് ഊറോലിക്കാട്ടിലേക്ക് പോവുക. ഇതാണ് പി.ടി. ഫൈവിന്റെ (പാലക്കാട് ടസ്‌കര്‍ അഞ്ചാമന്‍) പതിവ്. ഇതനുസരിച്ച് ന്യൂസ് സംഘം ചെക്ഡാമിന്റെ ഭാഗത്തെത്തി.

എന്റെ ക്യാമറയിലെ ചിത്രങ്ങള്‍ മുകേഷിന് കാണിച്ചുകൊടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ പുഴയ്ക്കരികില്‍ പന തള്ളിയിടുന്നതിന്റെ ശബ്ദംകേട്ടു. അതോടെ ആ ഭാഗത്തുപോയി നോക്കാമെന്നുപറഞ്ഞെങ്കിലും നല്ലചിത്രം കിട്ടില്ലെന്ന് തോന്നിയതോടെ മടിച്ചു. അതിനിടയില്‍ നാട്ടുകാരിലൊരാള്‍ ആ ഭാഗത്തുപോയി. അവിടെ നേരത്തേകണ്ട ആനയല്ലാതെ മറ്റൊരാനയുമുണ്ടെന്ന് മനസ്സിലായതോടെ ഉടന്‍ പിന്‍തിരിഞ്ഞു. തുടര്‍ന്ന്, അവിടെനിന്ന് ചെക്ഡാമിന്റെ സിമിന്റ് തിട്ടില്‍ ആനകളിറങ്ങുന്നതും കാത്തിരുന്നു. അതിനിടയില്‍ ന്യൂസ് സംഘം പുഴയോരത്ത് ഒന്നുകൂടെ നോക്കാന്‍പോയി. കുറച്ചുനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഞാന്‍ മുകേഷിനെ ഫോണില്‍വിളിച്ചു. ആ സമയം ആനയെ നന്നായി കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. കുറച്ചുസമയം കഴിഞ്ഞതും ആനയുടെ ചിന്നംവിളി കേട്ടു. പിറകെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ഗോകുലും ഡ്രൈവര്‍ മനോജും ഓടിവരുന്നു.

ഇതിനിടെയാണ് മുകേഷിനെ കാണാനില്ലെന്ന് അറിയുന്നത്. എന്തുസംഭവിച്ചെന്ന് ചോദിച്ചപ്പോള്‍ രണ്ടാനകളിലൊന്ന് ഇവരെ ഓടിച്ചെന്നും ഓടുന്നതിനിടയില്‍ മുകേഷ് വീണുപോയെന്നും ഗോകുല്‍ പറഞ്ഞു.

തിരഞ്ഞുപോയ നാട്ടുകാര്‍ വെള്ളംചോദിച്ച് വന്നപ്പോള്‍ മുകേഷ് പേടിച്ച് ഒരുഭാഗത്ത് ഇരിക്കയായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ കാണുന്നത് മുകേഷ് ബോധമില്ലാതെ കിടക്കുന്നതാണ്. വെള്ളം തളിച്ചിട്ടും അനങ്ങിയില്ല. അതോടെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ച് ചാനലിന്റെ കാറില്‍ പാഞ്ഞു. പിന്നെ കണ്ണീരിന്റെ നിമിഷങ്ങളായിരുന്നു... എല്ലാവര്‍ക്കും.


അനാഥമായി, എഴുതാനിരുന്ന ജീവിതങ്ങള്‍

സമരങ്ങള്‍ ഏറെ നടക്കുന്ന പാലക്കാട് കളക്ടറേറ്റിന്റെ കൂറ്റന്‍ പടിക്കുപുറത്ത് ഓരംചേര്‍ന്ന് മണ്ണില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. ജീവിക്കാന്‍വേണ്ടിയുള്ള സമരത്തിലാണ് ആ മനുഷ്യന്‍. തിരുനെല്ലായ് സ്വദേശി രംഗനാഥന്റെ ജീവിത സമരകഥ മുകേഷ് പറഞ്ഞത് ക്യാമറക്കണ്ണിലൂടെയല്ല. കണ്ണീരിറ്റുവീഴുന്ന വരികളിലൂടെയാണ്. അതുവായിച്ച് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രമേഷ് ഇടപെട്ടു. ലോട്ടറിവില്‍പ്പനയ്ക്കുള്ള ലൈസന്‍സും ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകളും ഉള്‍പ്പെടെ നല്‍കി ചിദംബരത്തിന് ഉപജീവനത്തിലുള്ള മാര്‍ഗം തുറന്നുകിട്ടി. ഭക്ഷണകാര്യങ്ങളിലും പരിഹാരം കാണുകയും ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുകയും ചെയ്തു.

ഇത്തരത്തില്‍ കണ്ണീരുപ്പ് കലര്‍ന്ന നൂറിലേറെ ജീവിതങ്ങള്‍. വാക്കിലൊതുങ്ങാത്ത അവരുടെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥകള്‍. ക്യാമറയും സങ്കടങ്ങള്‍ തൊട്ടറിയുന്ന ഹൃദയവുമായി എ.വി. മുകേഷ് എന്ന ക്യാമറാമാന്‍ അലഞ്ഞ വഴികള്‍ സമാനതകളില്ലാത്തതാണ്. മാതൃഭൂമി !ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച അതിജീവനം എന്ന കോളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍, ഒറ്റപ്പെട്ടുപോയവര്‍, ജീവിതം കൈവിട്ടുപോയവര്‍, തിരിച്ചുവരവിനായി അവര്‍ നടത്തിയ പോരാട്ടങ്ങള്‍.... മുകേഷ് വരച്ചിട്ടത് വ്യത്യസ്തമായ ജീവിത പാഠങ്ങളാണ്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മുകേഷിന്റെ എല്ലാ അതിജീവന സാധ്യതകളും മങ്ങിമാഞ്ഞപ്പോള്‍ ഈ കഥകളും ജീവിതങ്ങളും കൂടിയാണ് അനാഥമാകുന്നത്. എഴുതാനിരുന്ന എത്രയോ ജീവിതകഥകളാണ് പാതിവഴിയില്‍ മുറിഞ്ഞുപോയത്.

placeholder
സഹജീവികളോടുള്ള കരുതലായിരുന്നു മുകേഷിന്റെ എഴുത്തിന്റെ മുഖമുദ്ര. ആ എഴുത്തിന്റെ കരുത്തില്‍ നിരവധി ജീവിതങ്ങള്‍ കര പറ്റി. ക്യാമറയിലൂടെ കണ്ട കാഴ്ചകള്‍ ആര്‍ദ്രതയുള്ള എഴുത്തായി മാറ്റിയ മുകേഷ് അങ്ങനെ വായനക്കാര്‍ക്കും പ്രിയങ്കരനായി.

എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകന്റെയും കാലിന്റെ എല്ലുകള്‍ തകര്‍ന്ന് കിടപ്പിലായ അമ്മയുടെയും ജീവിതം മുകേഷ് അടയാളപ്പെടുത്തിയപ്പോള്‍, മുകേഷിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ അത്, സ്വപ്നങ്ങള്‍ക്കുപോലും വിഷബാധയേറ്റ ആ അമ്മയുടെയും മകന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന് വഴി തുറന്നു. ഒരുലക്ഷത്തില്‍പ്പരം രൂപ സഹായമായി ലഭിച്ചെന്നും ഒരു ചാരിറ്റബിള്‍ സൊസൈറ്റി അവരുടെ ജീവിതകാലം മുഴുവനുള്ള ചെലവുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും വിളിച്ചറിയിച്ചപ്പോള്‍ ഇരുട്ടിലായ ജീവിതങ്ങളില്‍ മെഴുകുതിരിനാളമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടായിരുന്നു മുകേഷിന്.

അതീജിവനത്തിന്റെ നൂറാംലക്കം പ്രസിദ്ധീകരണം ഡല്‍ഹി മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആഘോഷിക്കുകയും മുകേഷിന് ആദരവ്! നല്‍കുകയും ചെയ്തിരുന്നു. അപകടവാര്‍ത്തയറിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ ഒരു ചെറിയ മിടിപ്പും മരണത്തില്‍നിന്ന് ജീവിതത്തിലേക്കുള്ള ദൂരംതാണ്ടിയെത്തുന്ന മുകേഷുമായിരുന്നു പ്രിയപ്പെട്ടവരുടെ മനസ്സില്‍. എന്നാല്‍, ആ പ്രതീക്ഷകളെയെല്ലാം വിഫലമാക്കി മുകേഷ് യാത്ര പറയുമ്പോള്‍ ശൂന്യതയാണ് എങ്ങും നിറയുന്നത്, ആ ക്യാമറയില്‍ നിത്യമായ ഇരുട്ടും.

മുകേഷ് എഴുതി വന്ന പംക്തി അതിജീവനം വായിക്കാം