കൊച്ചി: പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി എഡിറ്ററുമായിരുന്ന വി.പി. രാമചന്ദ്രന് (98) അന്തരിച്ചു. കാക്കനാട് മാവേലിപുരത്തെ വീട്ടില്‍ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം.
പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന് എന്ന വി.പി. ആറിന്റെ സ്ഥാനം വലിയ സ്കൂപ്പുകള്ക്കൊപ്പമാണ്. പ്രസിഡന്റ് അയൂബ്ഖാന് പാകിസ്താനില്‍ പട്ടാളനിയമം പ്രഖ്യാപിച്ച വാര്‍ത്ത ആദ്യമായി ലോകമറിഞ്ഞത് വി.പി.ആറിലൂടെയാണ്. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ് പ്രശ്നവും വിയറ്റ്നാം യുദ്ധവുമെല്ലാം വി.പി.ആറിന്റെ കൈയൊപ്പുപതിഞ്ഞ റിപ്പോര്‍ട്ടുകളാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂര്‍ ശേഖരന്‍നായരുടെയും വെട്ടത്ത് രുക്മിണി അമ്മയുടെയും മകനായി 1924 ഏപ്രില്‍ 21-ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയില്‍ ജനനം. ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മെട്രിക്കുലേഷന്‍ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പരിശീലിച്ച് മിലിറ്ററി അക്കൗണ്ട്സില്‍ ലോവര്‍ ഡിവിഷന് ക്ലാര്‍ക്കായി ചേര്‍ന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) പുണെ ഓഫീസില്‍ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ഇത്.
പിന്നീട് മുംബൈയിലെ ഹെഡ്ഓഫീസിലേക്ക് ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി നിയമിച്ചു. ശമ്പളവര്‍ധന ആവശ്യപ്പെട്ടതിന്റെപേരില് ഗുവാഹാട്ടിയിലേക്ക് സ്ഥലംമാറ്റി. എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് പിന്നീടുയര്‍ന്നു. എ.പി.ഐ.യുടെ സ്ഥാനത്ത് പി.ടി.ഐ. രൂപവത്കരിക്കപ്പെട്ടപ്പോഴാണ് പത്രപ്രവര്‍ത്തകനായി അവസരം ലഭിച്ചത്.1956-ലെ പൊതുതിരഞ്ഞെടുപ്പില്‍ പഞ്ചാബിലേക്ക് നിയമിക്കപ്പെട്ടു. പിന്നാലെ ലഹോറില്‍ വിദേശകാര്യ ലേഖകനായി.
1959 മുതല്‍ ആറുവര്‍ഷം ലഹോറില്‍ ലേഖകനായിരുന്നു. 1963-ല്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റായി. വിദേശകാര്യമന്ത്രാലയം, രാജ്യരക്ഷാമന്ത്രാലയം, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് എന്നിവയുടെ റിപ്പോര്‍ട്ടിങ് ചുമതലയാണുണ്ടായിരുന്നത്.
1964-ല്‍ പി.ടി.ഐ.വിട്ട് യു.എന്‍.ഐ.യില്‍ ചേര്‍ന്നു. 1965-ല്‍ യു.എന്‍.ഐ.യുടെ ഡെപ്യൂട്ടി ജനറല്‍മാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1978-ലാണ് യു.എന്‍.ഐ.വിട്ട് മാതൃഭൂമിയില്‍ ചേര്‍ന്നത്. എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. 1979-ല്‍ മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായിരുന്ന കെ.പി. കേശവമേനോന് അന്തരിച്ചപ്പോള്‍ മാതൃഭൂമി പത്രാധിപരായി. 1984-വരെ തുടര്‍ന്നു. 1989-ല്‍ പ്രസ് അക്കാദമി കോഴ്സ് ഡയറക്ടറായി. പിന്നീട് ചെയര്‍മാനായി. ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ (റിട്ട. അധ്യാപിക). മരുമകന്: ചന്ദ്രശേഖരന് (എന്‍ജിനിയര്‍).
വ്യാഴാഴ്ച ഒമ്പത് മുതല്‍ 12 വരെ കാക്കനാട് മാവേലിപുരം എം.ആര്.എ. ഹാളില്‍ പൊതുദര്‍ശനം. സംസ്കാരം രണ്ടിന് അത്താണി പൊതുശ്മശാനത്തില്‍.
Content Highlights: mathrubhumi former editor vp ramachandran passes away
Published: 12 May 2022, 09:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented