അങ്കമാലി: കോൺഗ്രസിന് നാണക്കേടായ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റം അനുനയത്തിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശത്തിൽ റോജി എം ജോൺ എംഎൽഎ ഇടഞ്ഞ് നിൽക്കുന്ന പഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് റോജിയോട് അച്ചടക്ക നടപടി നേരിട്ട നേതാക്കളും പഞ്ചായത്ത് അംഗങ്ങളും വിശദീകരിച്ചു.

To advertise here,

'മറ്റത്തൂരിൽ ബിജെപിയുമായി കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ല. സിപിഎമ്മിനെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്നതായിരുന്നു പ്രാദേശികമായി അവിടുത്തെ പാർട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വതന്ത്രനായി ജയിച്ച ഒരാളെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. തങ്ങൾ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു, എന്നല്ലാതെ ബിജെപിയുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഒരു കോൺഗ്രസ് അംഗവും ബിജെപി നേതാക്കളമായി ചർച്ചകൾ നടത്തിയിട്ടില്ല. സ്വതന്ത്ര അംഗത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം ബിജെപി കൂട്ടുകെട്ടായി മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണ്' ഇടഞ്ഞ് നിൽക്കുന്നവർ വിശദീകരിച്ചു.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് നേരത്തെ ഇവർ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സണ്ണി ജോസഫ് ഇവരോട് റോജി എം ജോണിനെ കാണാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇവർ അങ്കമാലിയിലെ റോജിയുടെ ഓഫീസിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. പാർട്ടി പറയുന്നത് എന്തും അനുസരിക്കാൻ തങ്ങൾ തയ്യാറാണെന്നും സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർദേശങ്ങൾ പാലിക്കാമെന്നും അംഗങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഡിസിസി സെക്രട്ടറിയായിരുന്ന ടി.എൻ.ചന്ദ്രന്റെ നേതൃത്വത്തിലാണ് അംഗങ്ങൾ കാര്യങ്ങൾ വിശദീകരിക്കാനെത്തിയത്.

അതേസമയം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാൽ പാർട്ടിയിൽ തിരിച്ചെടുക്കുന്നത് പരിഗണിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം രേഖമൂലം അറിയിച്ചിരുന്നില്ല. ഇത്തരത്തിലൊരു നിർദേശം സംസ്ഥാന നേതൃത്വം ഇവരെ അറിയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അനുനയ ചർച്ചകൾ തുടരുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.