
വാളയാര്‍: കുനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ സ്‌കൂളിലേക്ക് ഒഴുകിയെത്തുകയാണ്.
ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു. രാജ്യസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയില്‍ കാത്തുനിന്നത്.
വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന്‍ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണന്‍ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് അമ്മ കുമാരി.
Content Highlights: martyr a pradeep`s deadbody received by state government at walayar border
Published: 11 Dec 2021, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented