തിരുവനന്തപുരം: തൃശ്ശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ വാർഡന്മാരുടെ ക്രൂര മർദനമേറ്റതായി ആരോപിച്ച് മാവോവാദി കേസിലെ വിചാരണത്തടവുകാർ പ്രതിഷേധനിരാഹാരം തുടങ്ങിയിട്ട് മൂന്നുനാൾ. മർദനത്തെത്തുടർന്ന് പൂജപ്പുര ജയിലിലേക്കു മാറ്റിയ തൃശ്ശൂർ സ്വദേശി മനോജ് ആണ് തന്നെ മർദിച്ചവരുടെപേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചികിത്സയ്ക്കിടെ നിരാഹാര സമരം നടത്തുന്നത്.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിയ്യൂർ ജയിലിൽ തിരുവേങ്കടം, കാർത്തി എന്നീ മാവോവാദി തടവുകാരും നിരാഹാരം ആരംഭിച്ചു. ജയിൽ അധികൃതരിൽനിന്ന് എൻഐഎ കോടതി മെഡിക്കൽ റിപ്പോർട്ട് തേടി.
സഹതടവുകാരനായ അസ്ഹറുദീനെ വാർഡന്മാർ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിന് 13-ന് മനോജിനെ മർദിച്ചെന്നാണ് പരാതി. അസ്ഹറുദീൻ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ്. തന്നെയും അസ്ഹറുദ്ദീനെയും സെല്ലിൽ പൂട്ടിയിട്ട് രാത്രി നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചതായി മനോജ്, കോടതിയുടെ അനുമതിയോടെ തന്നെ സന്ദർശിച്ച സുഹൃത്തുക്കളെ അറിയിച്ചു. ഇടതുകണ്ണ് തകരുകയും ശരീരമാകെ മുറിവേൽക്കുകയും ചെയ്ത അവസ്ഥയിലാണ്. വാർഡന്മാരെ ആക്രമിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ ആദ്യം അറിയിച്ചത്. ഇയാൾക്കും സഹതടവുകാരനുമെതിരേ കേസെടുക്കുകയും ചെയ്തു. പിന്നാലെ പൂജപ്പുരയിലേക്ക് മാറ്റി.
മനുഷ്യാവകാശ പ്രവർത്തകർ മനോജിനെ കാണാൻ പൂജപ്പുരയിലെത്തിയപ്പോഴാണ് മെഡിക്കൽകോളജിൽ ചികിത്സയിലാണെന്ന് അറിയുന്നത്. തുടർന്ന് കോടതിയുടെ അനുമതിയോടെ കണ്ടപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങളറിയുന്നത്. സംഘടന സമീപിച്ചതനുസരിച്ച് എൻഐഎ കോടതി ജയിൽ അധികൃതരോട് തടവുപുള്ളിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ചികിത്സയിലാണെന്നായിരുന്നു മറുപടി.
കോടതി മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. തിങ്കളാഴ്ച ജയിൽ അധികൃതർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ഡോക്ടറുടെ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ് കോടതിക്കും മനുഷ്യാവകാശ കമ്മിഷനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.
അന്വേഷണം വേണം -ബിനോയ് വിശ്വം
ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളാകുകയാണ് വേണ്ടതെന്നും ഭേദ്യമുറകളുടെ താവളമാകരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജയിലിലുണ്ടായതായി പറയപ്പെടുന്ന മർദനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Abuse in Thrissur Jail: Maoist Prisoners on Hunger Strike for Justice
Published: 18 Nov 2025, 06:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented