കണ്ണൂർ: മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടികൾ വൈകുന്നു. നേത്രാവതിയില്‍ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറിയതും തിരിച്ചടിയായതോടെയാണ് ട്രെയിനുകൾ വൈകുന്നത്. പരശുറാം എക്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

To advertise here,

മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട വണ്ടികള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്.

രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) ഇന്ന് (30.5.2025) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്‌-തിരുവനന്തപുരം എക്‌സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേര്‍ന്നത്. ഇതിനാലാണ് സര്‍വീസ് പുന:ക്രമീകരിച്ചത്‌

ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂര്‍ വൈകിയും ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂര്‍ വൈകിയുമാണ് ഓടുന്നത്‌.

വ്യാഴാഴ്ച കനത്ത മഴയില്‍ അരൂരിലെ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്  അതുവഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മംഗളൂരുവില്‍നിന്നുള്ള ട്രെയിനുകളും വൈകുന്നത്.