കാളികാവ്: ചോക്കാട് പാലിയേറ്റീവ് ക്ലിനിക്കിന് ഒരു ജീവനക്കാരിയുടെ ശമ്പളത്തെക്കുറിച്ച് വേവലാതിയില്ല. മാസം തുടങ്ങുംമുൻപുതന്നെ പെടയന്താളിലെ ചൂരപ്ര കുഞ്ഞിരാമൻ എന്ന മനുഷ്യസ്നേഹി ശമ്പളം നൽകാനുള്ള തുക ക്ലിനിക്കിൽ എത്തിക്കും. രണ്ടുവർഷമായി മുടക്കമില്ലാത്ത സേവനമാണിത്. പതിനയ്യായിരത്തിനുമുകളിലുള്ള സംഖ്യയാണ് ഏൽപ്പിക്കുന്നത്.

To advertise here,

76 പിന്നിട്ട കുഞ്ഞിരാമൻ വരുമാനത്തിലെ നീക്കിയിരിപ്പിൽനിന്നല്ല കാരുണ്യവഴിയിൽ പണംനൽകുന്നത്, തെരുവുകളിലൂടെ ലോട്ടറി വിറ്റുകിട്ടുന്ന തുക കൂട്ടിവെച്ചാണ്. വീട്ടിലെ ചെലവ് മകൻ വഹിക്കും. പെൺമക്കളെ വിവാഹംകഴിപ്പിച്ചയച്ചതാണ്.

ദിവസം 120 ടിക്കറ്റുവരെ വിൽക്കും. വരുമാനമത്രയും കാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ടിക്കറ്റ് വിൽപ്പനയ്ക്കുശേഷം കുഞ്ഞിരാമൻ പതിവായി വീട്ടുസാധനങ്ങൾ വാങ്ങിക്കും. ഒന്നും സ്വന്തം വീട്ടിലേക്കല്ല, പാലിയേറ്റീവ് ക്ലീനിക്കിനുകീഴിലെ നിർധനരായ രോഗികളുടെ വീട്ടിലേക്ക്.

ഒരിക്കൽ പാലിയേറ്റീവ് അംഗങ്ങൾക്കൊപ്പം ഗാർഹിക പരിചരണത്തിനു പോയപ്പോൾ നഴ്സിന്റെ പെരുമാറ്റത്തെയും ലാളനയെയുംതുടർന്ന് രോഗിയുടെ മുഖത്തുണ്ടായ സന്തോഷം കുഞ്ഞിരാമൻ കണ്ടു. അന്നുമുതലാണ് കിട്ടുന്ന വരുമാനമത്രയും കാരുണ്യവഴിയിലേക്ക് തിരിച്ചുവിട്ടത്.