തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചായ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം മൂന്നിന് കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് നാടിന് സമര്‍പ്പിക്കും. ലിന്റോ ജോസഫ് എം.എല്‍.എ. അധ്യക്ഷനാകും.

To advertise here,

2016-ല്‍ അധികാരത്തില്‍വന്ന ഇടത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യഘട്ടത്തില്‍ കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് വാളാടുമുതല്‍ കക്കാടംപൊയില്‍വരെയുളള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020-ല്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ.യായിരുന്ന സമയം റീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കിഫ്ബി സഹായധനത്തോടെ 195 കോടിരൂപ ചെലവഴിച്ചാണ് 34.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പൂര്‍ത്തീകരിച്ചത്. 12 മീറ്റര്‍ വീതിയുണ്ട്. ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തിയത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗര്‍ഭകേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള സംവിധാനങ്ങളും സൗരോര്‍ജവിളക്കുകളും സിഗ്‌നല്‍ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ പാകിയ നടപ്പാതകള്‍, ബസ് വെയ്റ്റിങ് ഷെഡ്ഡുകള്‍, കൈവരികള്‍ എന്നിവയുമുണ്ട്. കൂമ്പാറയിലും വീട്ടിപ്പാറയിലുമായി രണ്ടുപാലങ്ങളുമുണ്ട്.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് പുല്ലൂരാംപാറയില്‍, നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയിലേക്ക് എത്തുന്ന തിരുവമ്പാടി-മറിപ്പുഴ റോഡുമായി ചേരുന്നു. കാസര്‍കോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാലവരെ നീളുന്നതാണ് പാത.

ജില്ലയില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയില്‍, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കല്‍, കൂടരഞ്ഞി കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്ഷന്‍, കൂമ്പാറ, മേലേ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയില്‍ വഴിയാണ് മലയോരഹൈവേ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാര്‍. ഭൂമിശാസ്ത്രപരായ കാരണങ്ങളാല്‍ അലൈന്‍മെന്റ് തയ്യാറാക്കാതിരുന്ന മേലെ കൂമ്പാറ-ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് ഗ്രാമീണറോഡില്‍ ഉള്‍പ്പെടുത്തി ഉടന്‍ നവീകരിക്കും.

ഇതിനായി കിഫ്ബി 26.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചെങ്കുത്തായ കുന്നിന്‍മണ്ടയിലൂടെ കടന്നുപോകുന്നതുമൂലമാണ് 7.200 മീറ്റര്‍ ദൈര്‍ഘ്യമുളള ഈ ഭാഗം വില്ലേജ് റോഡില്‍ ഉള്‍പ്പെടുത്തേണ്ടിവന്നതെന്ന് കെ.ആര്‍.എഫ്.ബി. എ.ഇ. പി.എം. അബ്ദുല്‍വഹാബ് പറഞ്ഞു. കോടഞ്ചേരിമുതല്‍ കക്കാടാംപൊയില്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം 2020 ഓഗസ്റ്റ് 11-ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് നിര്‍വഹിച്ചത്. രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു നിര്‍മാണക്കരാര്‍. ഏതാനും സ്ഥലങ്ങളില്‍ ആളുകള്‍ ഭൂമി വിട്ടുനല്‍കുന്നതില്‍ വൈമനസ്യം കാണിച്ചതും നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും എസ്റ്റിമേറ്റില്‍ ഇല്ലാതിരുന്നു വീട്ടിപ്പാറ പാലം പുനര്‍നിര്‍മാണവും സമീപത്തെ വീടൊഴിപ്പിക്കല്‍ നടപടിയുമെല്ലാമാണ് പദ്ധതി വൈകിപ്പിച്ചത്.