കോഴിക്കോട്: ​ഗതാ​ഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി- കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം-കോടഞ്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനവും നിർവഹിച്ച് കൂടരഞ്ഞിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

To advertise here,

ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമെയാണ് മലയോര, തീരദേശപാതകൾ കൂടി യാഥാർഥ്യമാകുന്നത്. ഇതിനു രണ്ടിനും മാത്രം 10000 കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്.  അതോടൊപ്പം കോവളം-ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്. തിരുവനന്തപുരം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഏതാനും മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളത്തിന്റെ ചിത്രം വലിയ രീതിയിൽ മാറുകയാണ്. - മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തുതന്നെ സ്റ്റാർട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത്, സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല. അതോടെ അവർ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരും. - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നടക്കാൻ പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാതയില്ല. കാർഷിക- വിനോദസഞ്ചാര മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്. വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട് ജില്ലയിലെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചാണ് കോടഞ്ചേരി-കക്കാടംപൊയിൽ ഭാഗം. 34 കി.മീ. ദൂരമുള്ള ഈ ഭാഗം 221.2 കോടിരൂപ ചെലവിലാണ് നിർമിച്ചത്. ഇതിന്റെ തുടർച്ചയായ കോടഞ്ചേരി-മലപുറം റീച്ച് 48 കോടിരൂപ ചെലവിലാണ് നിർമിക്കുന്നത്.