
തവാങ്(അരുണാചൽപ്രദേശ്)/കൊട്ടിയം: കേരളത്തിൽനിന്ന് അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ ഏഴംഗസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കൊല്ലം നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് (26) ആണ് മരിച്ചത്. പ്രകാശിന്റെയും ബീനയുടെയും മകനാണ്. തടാകത്തിൽ മുങ്ങിപ്പോയ മലപ്പുറം സ്വദേശി മാധവ് മധുവിനായി തിരച്ചിൽ തുടരുകയാണ്. അഞ്ചുപേരെ രക്ഷപ്പെടുത്തി.
കൊട്ടിയം നിപ്പോൺ ടൊയോട്ടയിലെ ജീവനക്കാരനായ ബിനു സഹപ്രവർത്തകരായ മറ്റ് ആറുപേർക്കൊപ്പം രണ്ടുദിവസംമുൻപാണ് അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയത്. തണുത്തുറഞ്ഞ സേല തടാകത്തിലൂടെ ഇവർ നടന്നുപോകുമ്പോഴായിരുന്നു അപകടം. മൂന്നുപേർ തടാകത്തിലെ ഐസ് പാളികൾക്കു മുകളിലേക്ക് ഇറങ്ങവെ താഴ്‌ന്നുപോകുകയായിരുന്നു. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ബിനു ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്ന് തവാങ് എസ്‌പി തൊംഗൻ പറഞ്ഞു. തവാങ്ങിലേക്ക് പോകുന്നതിനിടെയാണ് സംഘം തടാകത്തിലെത്തിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി.
സംഭവമറിഞ്ഞ് ബിനു പ്രകാശിന്റെ ബന്ധുക്കൾ അരുണാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. സഹോദരൻ: മനു.
Content Highlights: youth drowned to death tawang
Published: 17 Jan 2026, 08:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented