കൊച്ചി: എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) സെർവറിലുണ്ടായ അതീവ ഗുരുതരമായ സൈബർ സുരക്ഷാ വീഴ്ച പരിഹരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജീവനക്കാരനും സൈബർ സുരക്ഷാ ഗവേഷകനുമായ ടെഡി എൻ. ഏലിയാസ് ആണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സർട്ട്-ഇന്നിനെ (CERT-In) അറിയിച്ചത്.

To advertise here,

എയർപോർട്ട്സ് അതോറിറ്റിയുടെ സെർവറിലെ ‘അപ്പാച്ചെ കാഫ്ക’ മാനേജ്മെന്റ് ഇന്റർഫേസും കോൺഫിഗറേഷൻ പേജും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ തുറന്നുകിടക്കുകയായിരുന്നു. ഇതുമൂലം സ്ഥാപനത്തിലെ ആഭ്യന്തര ഇമെയിൽ സന്ദേശങ്ങളും ഔദ്യോഗിക ഇമെയിൽ വിലാസങ്ങളും ഉൾപ്പടെ പുറത്താകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമായിരുന്നു.

നവംബർ 14-നാണ് ടെഡി എൻ. ഏലിയാസ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തുന്നതും തെളിവുകൾ സഹിതം സർട്ട്-ഇന്നിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. തുടർന്ന് ഇവർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെടുകയും നവംബർ 20-ഓടെ സെർവർ സുരക്ഷിതമാക്കി സുരക്ഷാ പ്രശ്‌നം പരിഹരിച്ചുവെന്ന് ഉറപ്പുവരുത്താൻ ഗവേഷകനോട് ആവശ്യപ്പെടുകയും ചെയ്തു. ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് സർട്ട്-ഇൻ ടെഡിക്ക് അഭിനന്ദന കത്തും കൈമാറി.

സൈബർ ആക്രമണകാരികൾ ഈ പേജ് കണ്ടെത്തിയിരുന്നെങ്കിൽ സെർവർ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തി, എയർപോർട്ട് അതോറിറ്റിയുടെ പ്രധാന ലോഗുകളും ആഭ്യന്തര ആശയവിനിമയങ്ങളും രഹസ്യമായി മറ്റൊരു സെർവറിലേക്ക് വഴിതിരിച്ചുവിടാൻ  സാധിക്കുമായിരുന്നു.

കൂടാതെ, ഡാറ്റ സൂക്ഷിച്ചുവെക്കുന്ന സമയപരിധിയിൽ മാറ്റം വരുത്തി നിർണായകമായ വിവരങ്ങളും ലോഗുകളും മായ്ച്ചുകളയാനും, ബ്രോക്കർ സെറ്റിങ്‌സുകളിലോ പാർട്ടീഷനുകളിലോ മാറ്റം വരുത്തി സേവനം പൂർണ്ണമായും തടസ്സപ്പെടുത്തി സിസ്റ്റത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനും സാധ്യതയുണ്ടായിരുന്നു.

വ്യാജ വിവരങ്ങളോ കമാൻഡുകളോ സിസ്റ്റത്തിലേക്ക് കടത്തിവിട്ട് മറ്റ് അനുബന്ധ സോഫ്റ്റ്വെയറുകളുടെ പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാനും ഇത് വഴിവെക്കുമായിരുന്നു.

രാജ്യത്തിന്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സംവിധാനങ്ങളിൽ ഇത്തരമൊരു വീഴ്ചയുണ്ടായത് ദേശീയ സുരക്ഷയുടെയും വിവരസുരക്ഷയുടെയും കൂടി വിഷയമായി മാറുമായിരുന്നു. 1,233 ഔദ്യോഗിക ഇമെയിൽ വിലാസങ്ങളും ആഭ്യന്തര സന്ദേശങ്ങളും ചോരാനുള്ള സാധ്യതയ്ക്കൊപ്പം, സിസ്റ്റം നിയന്ത്രണങ്ങളിൽ കൈകടത്താനുള്ള അവസരവും ഉണ്ടായിരുന്നു എന്നതാണ് ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കുന്നത്.