തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിലൂടെ ഭീഷണിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ 1.29 കോടി രൂപ തട്ടിയെടുത്തു. പോലീസ് ഇടപെട്ട് 29 ലക്ഷം രൂപ തിരികെപ്പിടിച്ചിട്ടുണ്ട്. കേസിൽ ഒൻപത് പ്രതികളാണുള്ളത്. ചെങ്ങന്നൂരിൽനിന്ന് നിലവിൽ കുമാരപുരത്ത് താമസിക്കുന്ന ഡോ. വി.എം. രാജശേഖരനിൽനിന്നാണ് പണം തട്ടിയത്.

To advertise here,

17 വർഷമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണിദ്ദേഹം. നവംബർ ആറിനാണ് ഡോക്ടറുടെ മൊബൈലിലേക്ക് ആദ്യ കോൾ വന്നത്. ടെലികോം വകുപ്പിൽനിന്നാണെന്ന് പറഞ്ഞായിരുന്നു വാട്‌സാപ്പ് കോൾ.

ഡോക്ടറുടെ പേരിലുള്ള സിമ്മിൽനിന്ന് സ്ത്രീകളെ വിളിച്ച് അസഭ്യം പറഞ്ഞതിന് നവി മുബൈ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. പിന്നീട് ഡോക്ടറോട് പുതിയ സിം കണക്ഷൻ എടുക്കാൻ ആവശ്യപ്പെട്ടു. ഇതുപയോഗിച്ച് പുതിയ വാട്‌സാപ്പും ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.

അടുത്ത ദിവസം ഇതിൽ വീഡിയോ കോൾ വിളിച്ച് നവി മുംബൈയിലെ പൊതുമേഖല ബാങ്കിൽ ഡോക്ടറുടെ പേരിൽ അക്കൗണ്ടുണ്ടെന്നും മുംബൈയിലെ പ്രമുഖ രാഷ്ട്രീയനേതാവ് ഉൾപ്പെട്ട അഴിമതിപ്പണത്തിന്റെ ഇരുപത് ശതമാനമായ രണ്ടര കോടിയോളം രൂപ ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും അറിയിച്ചു.

ഈ പണത്തിന്റെ മുഴുവൻ വിവരങ്ങളും റിസർവ് ബാങ്കിന്റെ പക്കലുണ്ടെന്നും റിസർവ് ബാങ്കിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് ഇത് കൈമാറണമെന്നും അറിയിച്ചു. സി.ബി.ഐ. ഡയറക്ടർ, സുപ്രീംകോടതി ജഡ്ജി, ഇ.ഡി. ഉദ്യോഗസ്ഥൻ തുടങ്ങിയവരെന്ന് പരിചയപ്പെടുത്തിയായിരുന്നു കോൾ.

ഭയന്ന ഡോക്ടർ പ്രതികൾ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് പല ഘട്ടങ്ങളായി പണം കൈമാറുകയായിരുന്നു. പിന്നീട് സംശയം തോന്നിയ ഡോക്ടർ സുഹൃത്തായ ഡിവൈ.എസ്.പി.യോട് ഇക്കാര്യം പറയുകയും അദ്ദേഹത്തിന്റെ നിർദേശാനുസരണം പോലീസിനെ സമീപിക്കുകയുമായിരുന്നു.

സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.