1. ജറുസലേം നഗരം | AP 2. ബിജു കുര്യൻ
''ഇസ്രയേലില്‍ ശുചീകരണജോലി അടക്കമുള്ള ചെറിയജോലികള്‍ക്കെല്ലാം വലിയ വേതനമാണ്. ശുചീകരണജോലിക്ക് ഒരുദിവസം പതിനായിരം രൂപയിലേറെ വേതനമുണ്ട്. കൃഷിപ്പണിക്കും ഇരട്ടിയാണ് വേതനം, ഇതെല്ലാം കണ്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുകുര്യന്‍ പോയിരിക്കുന്നത്''- ഇസ്രയേലില്‍ ആധുനികകൃഷി രീതി പഠിക്കാനായി പോയ സംഘത്തിലെ അംഗമായിരുന്ന ആലപ്പുഴ സ്വദേശി സുജിത്ത് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞദിവസമാണ് സുജിത്ത് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ ഇസ്രയേലില്‍നിന്ന് തിരികെ കേരളത്തില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഇസ്രയേലില്‍നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജുകുര്യനെക്കുറിച്ച് ഇതുവരെ മറ്റുവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ബിജുകുര്യന്‍ വ്യക്തമായി ആസൂത്രണം ചെയ്താണ് ഇസ്രയേലില്‍വെച്ച് മുങ്ങിയതെന്നാണ് സഹയാത്രികനായിരുന്ന സുജിത്തും കരുതുന്നത്. ''യാത്രയ്ക്കിടെ ബിജുവിന് ഇത്തരം ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന സൂചനകളൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ല. രാത്രി ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്ത്, വാഹനത്തിന്റെ പിറകില്‍നിന്നിരുന്നയാളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ ഇടറോഡുകളിലൂടെ പോയിക്കാണുമെന്നാണ് കരുതുന്നത്. ഇസ്രയേലില്‍ ചെറിയ പണികള്‍ക്കൊന്നും ആളെക്കിട്ടാത്തതിനാല്‍ ഇത്തരം ജോലികള്‍ കിട്ടാന്‍ പ്രയാസമുണ്ടായേക്കില്ല. ശുചീകരണ ജോലിക്ക് ദിവസം പതിനായിരം രൂപയിലേറെ ശമ്പളം കിട്ടും. പിടിക്കപ്പെട്ടാല്‍ ഇങ്ങോട്ട് കയറ്റിവിടും. അദ്ദേഹം ഭാഗ്യവാന്‍. ചിലപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് കോടീശ്വരനായാകും തിരിച്ചുവരിക''- സുജിത്ത് പറഞ്ഞു.
ഒരാഴ്ചയോളം നീണ്ട ഇസ്രയേല്‍ സന്ദര്‍ശനം ഏറെ ഉപകാരപ്രദമായെന്നാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സുജിത്തിന്റെ പ്രതികരണം. കഴിഞ്ഞ 12 വര്‍ഷമായി മുഴുവന്‍സമയ കര്‍ഷകനാണ് ഇദ്ദേഹം. ചേര്‍ത്തല,മുഹമ്മ,കഞ്ഞിക്കുഴി, മാരാരിക്കുളം, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലായി 25 ഏക്കറോളം സ്ഥലത്ത് കൃഷിചെയ്യുന്നു. വെണ്ട, വഴുതന, ചീര, തുടങ്ങിയ പച്ചക്കറികളും നെല്ലും സൂര്യകാന്തിയുമെല്ലാമാണ് സുജിത്ത് കൃഷി ചെയ്യുന്നത്.
നേരത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്ന സുജിത്ത്, അയല്‍സംസ്ഥാനങ്ങളിലും പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുമെല്ലാം പോയി ഓരോകാര്യങ്ങളും പഠിച്ചാണ് മുഴുവന്‍സമയ കൃഷിയിലേക്കിറങ്ങിയത്. എന്നാല്‍ അതിനുശേഷം കൃഷിരീതികളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടില്ല. ഇസ്രയേല്‍ സന്ദര്‍ശനത്തോടെ പുതിയ പലകാര്യങ്ങളും പഠിക്കാനായി. അവിടെകണ്ടതില്‍ മുഴുവനായൊന്നും ഇവിടെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പകുതിയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ വലിയ വിജയം നേടാനാകുമെന്നുമാണ് ഈ യുവകര്‍ഷകന്‍ പറയുന്നത്.
ഒരുപുതിയ രീതി കണ്ടുപിടിച്ചാലും ഇസ്രയേലുകാര്‍ വെറുതെഇരിക്കുന്നില്ല. അതില്‍ കൂടുതല്‍ ഇനി എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് അവര്‍ ആലോചിക്കുന്നത്. അവര്‍ അങ്ങനെ പുതിയ പുതിയ സാങ്കേതികവിദ്യകളും കൃഷിരീതികളുമെല്ലാം കണ്ടുപിടിച്ച് അങ്ങനെ പോകും. നമ്മള്‍ ഇങ്ങനെ നില്‍ക്കും. ചെലവ് കൂടുതലാണെങ്കിലും ഇസ്രയേലില്‍ പോയി പഠിച്ച പലകാര്യങ്ങളും ഒരുവര്‍ഷത്തിനുള്ളില്‍ ഇവിടെയും നടപ്പാക്കാനാകും. മനസുവേണമെന്ന് മാത്രം.
വെള്ളത്തിന് കടുത്ത പ്രതിസന്ധി നേരിടുന്ന സ്ഥലമാണ് ഇസ്രയേല്‍. അതിനാല്‍ ആവശ്യത്തിന് മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വെള്ളം കൃഷിക്കായി ഉപയോഗിച്ചാല്‍ വാട്ടര്‍ കണക്ഷന്‍ തന്നെ സര്‍ക്കാര്‍ കട്ട് ചെയ്യും. അങ്ങനെ കൃഷി ചെയ്യേണ്ടെന്നും പറയും. മലിനജലമെല്ലാം കൃത്യമായി സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നു. വലിയ നിക്ഷേപമാണ് അവര്‍ കാര്‍ഷികമേഖലയില്‍ നടക്കുന്നത്. അവരുടെ പാതി ചെയ്താല്‍ നമുക്കും വിജയത്തില്‍ എത്താം- സുജിത്ത് പറഞ്ഞു.
ചെറിയകാര്യങ്ങള്‍ പോലും വിശദമായി പഠിച്ചിട്ടാണ് അവര്‍ ചെയ്യുന്നത്. കൃഷിയൊന്നുംചെയ്യാതെ മണ്ണ് വെറുതേയിടുന്നതും പതിവാണ്. ഗോതമ്പോ പയറോ മുളപ്പിച്ചു വെട്ടിമൂടി മണ്ണിനു പോഷകം നല്‍കിയാണു വെറുതെയിടുക. അതിനുശേഷം കൃഷിയിറക്കുമ്പോള്‍ മികച്ച വിളവുലഭിക്കും.
രാസവളവും കീടനാശിനിയുമെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന് സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണമുണ്ട്. കീടനാശിനി പ്രയോഗിച്ച് നിശ്ചിതദിവസം കഴിഞ്ഞ് മാത്രമേ വിളവെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂ. മാത്രമല്ല, ലാഭമുള്ള വിളകള്‍ മാത്രമേ ഇസ്രയേലുകാര്‍ കൃഷി ചെയ്യുകയുള്ളൂവെന്നും അല്ലാത്ത സാധനങ്ങളെല്ലാം പുറമേനിന്ന് വാങ്ങിക്കുകയാണെന്നും സുജിത്ത് പറഞ്ഞു.
നഷ്ടം വരുന്ന ഒരു കൃഷിയും അവിടെ ചെയ്യുന്നില്ല. കര്‍ഷകരെല്ലാം പക്കാ ബിസിനസ് മൈന്‍ഡാണ്. അവക്കാഡോ, ഓറഞ്ച് തുടങ്ങിയവയെല്ലാം നന്നായി കൃഷിചെയ്യുന്നു. ഇതെല്ലാം വലിയരീതിയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഗ്രൂപ്പ് ഫാമിങ്ങും സജീവമാണ്.
ഇസ്രയേലില്‍ ആയിരം പശുക്കളുള്ള ഒരു ഫാമില്‍ പത്തുപേര്‍ മാത്രമാണ് ജോലിചെയ്യുന്നത്. ഇവിടെയാണെങ്കില്‍ ഒരു നൂറുപേര്‍ വേണ്ടിവരും. എന്നാല്‍ അവിടെ എല്ലാം സാങ്കേതികവിദ്യയുടെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പശുക്കളിലും ചിപ്പുകളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. യന്ത്രസഹായത്തോടെയാണ് കറവ. പാലുകുറഞ്ഞാലും എന്തെങ്കിലും അസുഖം വന്നാലുമെല്ലാം കര്‍ഷകരുടെ മൊബൈല്‍ഫോണില്‍ വിവരം ലഭിക്കും. രോഗലക്ഷണങ്ങളുള്ള പശുക്കളെ അപ്പോള്‍തന്നെ ഫാമില്‍നിന്ന് മാറ്റി പ്രത്യേക കേന്ദ്രത്തിലാക്കി ആവശ്യമുള്ള ചികിത്സ നല്‍കും. ഫാമുകളില്‍നിന്ന് ചാണകവും മൂത്രവും നീക്കം ചെയ്യാറില്ല. ചാണകമെല്ലാം അവിടെവെച്ച് തന്നെ ഉണക്കിയെടുക്കുകയാണ്.പശുക്കള്‍ ചാണകത്തിലും മൂത്രത്തിലും കിടന്നാലും രോഗമൊന്നും വരില്ലെന്നാണ് അവിടെയുള്ള കര്‍ഷകര്‍ പറയുന്നത്.
മഴമറയും തുള്ളിനനയും ഇസ്രയേലിന്റെ കണ്ടുപിടിത്തമാണ്. ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന പച്ചക്കറിക്കൃഷിയാണു മറ്റൊരു സവിശേഷത. വിത്തു സംസ്‌കരിച്ച് രോഗപ്രതിരോധമൊരുക്കിയാണു കൃഷി. വെണ്ടയൊഴികെ മിക്കവാറും പച്ചക്കറികളെല്ലാം കൃഷിചെയ്യുന്നു. എല്ലായിടത്തും സെന്‍സര്‍ സംവിധാനമുണ്ട്. വെള്ളമോ വളമോ മൂലകങ്ങളോ അങ്ങനെ എന്തിന്റെയെങ്കിലും കുറവുണ്ടായാല്‍ അറിയാന്‍പറ്റും. നൂറേക്കറോളം സ്ഥലത്തെ കൃഷിപ്പണിക്കു രണ്ടുപേരേയുണ്ടാകൂ. സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നതെന്നും ഇസ്രയേല്‍ മാതൃക പിന്തുടര്‍ന്നാല്‍ ഇവിടെയും വലിയ മുന്നേറ്റമുണ്ടാക്കാമെന്നും സുജിത്ത് പറഞ്ഞു.
Content Highlights: malayali farmer biju kurian missing in israel and israel farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..