കൊല്ലം: കേരളത്തിൽ ചാരായനിരോധനം വന്നിട്ട്, 2026 ഏപ്രിൽ ഒന്നിന് മുപ്പതു വർഷം. ഈ ഏപ്രിൽ ഒന്നിന് പോളണ്ടിൽ ചാരായം വീണ്ടും വിപണിയിലെത്തുകയാണ്. വിവിധ ഇന്ത്യൻ റസ്റ്ററന്റുകളിൽ, 'പട്ടയും മുട്ടയും' എന്നു പേരിട്ട് ആഘോഷമാക്കി ചാരായം അവതരിപ്പിക്കുന്നത് മറ്റാരുമല്ല, മലയാളിയായ സംരംഭകൻ കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹനാണ്.

To advertise here,

'ചാരായനിരോധനം വന്നപ്പോൾ തൊഴിൽ നഷ്ടപ്പെട്ട അമ്മാവനെ എനിക്കു പരിചയമുണ്ട്. തൊഴിൽ നഷ്ടപ്പെട്ട വേറെയും കുറേപ്പേരെ അറിയാം. അവർക്ക് പുനരധിവാസം എന്നൊക്കെ പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. അവരുടെയൊക്കെ സങ്കടം നേരിൽക്കണ്ടിട്ടുണ്ട്. പത്തു വർഷം മുൻപാണ് ഞാൻ പോളണ്ടിലെത്തിയത്. ഇവിടെ ആപ്പിൾ കയറ്റുമതിപോലുള്ള സംരംഭങ്ങളുമായി കഴിയുകയായിരുന്നു. പിന്നെ മദ്യനിർമാണരംഗത്തേക്കു കടന്നു. ആയുർവേദമരുന്നുകളിട്ടു നിർമിച്ച 'ആയുർവോഡ്' അങ്ങനെയാണ് വിപണിയിലെത്തിയത്. അതു വിലകൂടിയ ഇനമാണ്. വിലകുറഞ്ഞത് നിർമിക്കുക, അതിലെന്തെങ്കിലും കൗതുകമുണ്ടാവുക എന്നൊക്കെ ആലോചിച്ചപ്പോഴാണ് ചാരായം മനസ്സിൽ വന്നത്' -മിഥുൻ പറഞ്ഞു.

ഇവിടത്തെ ഗുണമേന്മാപരിശോധനകൾ കർക്കശമായതുകൊണ്ട് നാട്ടിലുണ്ടായിരുന്ന ചാരായത്തിന്റെയത്രയും കടുപ്പത്തിൽ ഉണ്ടാക്കാൻ പറ്റില്ല. ഇതിപ്പോൾ 33 ശതമാനം ആൽക്കഹോളോടുകൂടിയതാണ്. ചാരായം എന്നു മലയാളത്തിൽ ചുവന്ന അക്ഷരത്തിൽ എഴുതിയ സാദാ കുപ്പിയിൽ 90 മില്ലി ബോട്ടിലാണ് പ്രധാനം. ഒരു ലിറ്ററിന്റെ കുപ്പിയും ഇറക്കിയിട്ടുണ്ട്. ഗൃഹാതുര ഓർമ പെറ്റ് ബോട്ടിലിനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും നിയമപ്രകാരമുള്ള മുന്നറിയിപ്പുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയിലെത്താൻ പോവുന്നതറിഞ്ഞ് വിവിധ രാജ്യങ്ങളിൽനിന്ന് അന്വേഷണം വരുന്നുണ്ട്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലും സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത് - മിഥുൻ പറഞ്ഞു. നേരത്തേ കേരളത്തിൽ മാധ്യമപ്രവർത്തകനായിരുന്നു മിഥുൻ.