മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് ഈ ബജറ്റിൽ പ്രഖ്യാപിച്ച ആധുനിക അർബുദചികിത്സാ കേന്ദ്രം യാഥാർത്ഥ്യമായാൽ അത് മലബാറിനുതന്നെ വലിയ നേട്ടമാകും. കാരണം നിലവിൽ അർബുദചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സചെയ്യുന്നവരിൽ വലിയൊരു ശതമാനവും മലബാർ മേഖലയിൽനിന്നുള്ളവരാണ്. 10 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. 

To advertise here,

ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരുന്നു അർബുദ ചികിത്സാകേന്ദ്രം. തങ്ങളുടെ നിർദ്ദേശം പരിഗണിച്ചാണ് സർക്കാർ ബജറ്റിൽ തുക അനുവദിച്ചതെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞു. പ്രാരംഭ നടപടികൾക്കായി ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി എന്നിവരുടെ നേതൃത്വത്തിൽ സർക്കാരിനെ സമീപിച്ച് ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു.

അടുത്തഘട്ടം ഇതിനാവശ്യമായ ഭൂമി കണ്ടെത്തലാണ്. അതിനുള്ള നടപടികൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഉയർന്ന നിലവാരമുള്ള അർബുദചികിത്സ ലഭ്യമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. രോഗനിർണയം മുതൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, പാലിയേറ്റീവ് കെയർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കേന്ദ്രം ഒരുക്കുക. മലബാർ മേഖലയിലെ അർബുദ വ്യാപനത്തെക്കുറിച്ച് പഠിക്കാനുള്ള സൗകര്യവും ഇതിൽ ഉണ്ടാകും.

ഞെട്ടിക്കുന്ന കണക്കുകൾ

മലപ്പുറം ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2024ൽ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 7696 പേർ അർബുദബാധിതരായി ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറം ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 2024-ൽ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 7,696 പേർ അർബുദബാധിതരായി ചികിത്സ തേടിയിട്ടുണ്ട്. സ്തനാർബുദം (2021), ഗർഭാശയഗളാർബുദം (314), ശ്വാസകോശ അർബുദം (820), വായയിലെ അർബുദം (703), മറ്റ് അർബുദം (3,838) എന്നിങ്ങനെയാണ് കണക്ക്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിലധികം ഉണ്ടാകാനേ സാധ്യതയുള്ളൂ. 2023-ൽ കണ്ണൂർ മലബാർ കാൻസർ സെന്ററിൽ മാത്രം മലപ്പുറത്തുനിന്നുള്ള 445 രോഗികൾ ഉണ്ടായിരുന്നു. കോഴിക്കോട് എം.വി.ആർ, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിലെല്ലാം ഏറ്റവുമധികം രോഗികൾ എത്തുന്നത് മലപ്പുറത്തുനിന്നാണ്. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ ഒരുലക്ഷത്തിൽ 170 പേർക്ക് അർബുദം ഉണ്ടാകുന്നു.