
മലപ്പുറം: മീന്മാര്ക്കറ്റില് പൊതുവേ ശല്യക്കാരാണ് കാക്കകള്‍. തരംകിട്ടിയാല്‍ മീന്‍ കൊക്കിലൊതുക്കി കടന്നുകളയും. എന്നാല്‍, ഈ സ്വാതന്ത്ര്യദിനത്തില്‍ കാക്കയോട് കരുതല്കാണിച്ച മറ്റൊരു സംഭവമുണ്ടായി മലപ്പുറത്ത്.
മൂന്നുമാസംമുന്പ് മലപ്പുറം കോട്ടപ്പടി മീന്‍ മാര്‍ക്കറ്റിലൊരു കാക്ക വന്നു. അടിയിലെ ചുണ്ട് പകുതി മുറിഞ്ഞിട്ടുണ്ട്. കച്ചവടക്കാര്‍ മീന്‍ ഇട്ടു കൊടുത്താലും കൊത്തിയെടുക്കാന്‍ കഴിയുന്നില്ല. ചെറിയ കഷണങ്ങളാക്കി കൊടുത്താലും തല ചെരിച്ചുപിടിച്ചുവേണം കൊത്തിത്തിന്നാന്‍; അതും നന്നേ പാടുപെട്ട്. ദിവസം ചെല്ലുന്തോറും മുകളിലെ ചുണ്ട് താഴോട്ട് വളഞ്ഞുവന്നു. ഒന്നും കഴിക്കാനാകാതെ കാക്ക ക്ഷീണിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാള്‍ മാര്‍ക്കറ്റിലെ മീന്‍ കച്ചവടക്കാര്‍ ആ തീരുമാനമെടുത്തു; കാക്കയ്ക്ക് സ്വതന്ത്രമായി ഭക്ഷണംകഴിക്കാന്‍ വഴിയൊരുക്കണം.
വ്യാഴാഴ്ച രാത്രി റിയാസ് കോയിക്കോടന്‍ തുണിയെറിഞ്ഞ് കാക്കയെ കൈപ്പിടിയിലാക്കി. മുകളിലെ ചുണ്ടിലൊരു 'സര്‍ജറി'യും നടത്തി. പൊട്ടിയ ചുണ്ടിന് ആനുപാതികമായി മേല്‍ച്ചുണ്ട് മുറിച്ചുമാറ്റി രാകിമിനുക്കി. മാര്‍ക്കറ്റിലെ അലവി മൂഴിക്കലും പി.കെ. സിറാജും 'ഓപ്പറേഷന് ടേബിളില്‍' സഹായികളായി.
വ്യാഴാഴ്ച രാത്രി കാക്ക ഒബ്സര്‍വേഷനിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മീനിട്ടുകൊടുത്തപ്പോള് 'ഓപ്പറേഷന് സക്സസ്' ആയതിന്റെ സന്തോഷത്തിലാണ് റിയാസ്. 24 മണിക്കൂറുകൊണ്ട് കാക്കയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായി. ഭക്ഷണംകഴിക്കാനും ചെറിയ തോതില്‍ പറക്കാനും തുടങ്ങി.
ഒറ്റ ദിവസംകൊണ്ട് റിയാസിന് മാര്‍ക്കറ്റില്‍ പുതിയ പേരു വീണു; കാക്ക റിയാസ്. എന്നാലും റിയാസിന് സന്തോഷമേ ഉള്ളൂ. 18 കൊല്ലമായി നടത്തുന്ന മീന്‍ കച്ചവടത്തിനിടെ 'കാക്ക ഡോക്ടറാ'കാനും ഭാഗ്യമുണ്ടായല്ലോ.
Content Highlights: A heartwarming story of a fishmonger in Malappuram who performed a makeshift `surgery` on a crow
Published: 16 Aug 2025, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented