തിരുവനന്തപുരം: റോഡരികിൽ വെയിലും മഴയുമേറ്റ് മത്സ്യവിൽപ്പന നടത്തുന്നവർക്കായി ‘ഓളം വർക്ക് സ്‌റ്റേഷൻ’ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ റോഡരികിൽ മത്സ്യവിൽപ്പന നടത്തുന്നവർക്കിനി ‘ഓള’ത്തിലിരുന്ന് സ്വസ്ഥമായി മത്സ്യവിൽപ്പന നടത്താം. വഴുതക്കാട് വിമെൻസ് കോളേജും സി.ഇ.ടി. കോളേജ് ഓഫ് എൻജിനിയറിങ്ങും ചേർന്നാണ് മത്സ്യത്തൊഴിലാളികൾക്കായി വർക്ക്‌ സ്റ്റേഷൻ ഡിസൈൻ തയ്യാറാക്കിയത്. ആശയത്തിന് ഡിസൈൻ പേറ്റന്റും ലഭിച്ചു.

To advertise here,

‘ഒറ്റയാൾ ക്യുബിക്കിൾ’ എന്ന മാതൃകയിലാണ് വർക്ക്‌ സ്‌റ്റേഷന്റെ രൂപകൽപ്പന. 100 കിലോഗ്രാമിൽ താഴെയാകും മൊബൈൽ യൂണിറ്റിന്റെ ഭാരം. വെന്റിലേഷൻ സൗകര്യത്തോടെ തുറക്കാവുന്ന മേൽക്കൂരയുള്ളതും ചലിപ്പിക്കാൻ കഴിയുന്നതുമായ രീതിയിലാകും നിർമാണം. ഇരുന്നുകൊണ്ട് മത്സ്യവിൽപ്പന നടത്താനും അതോടൊപ്പം വിശ്രമസൗകര്യവുമെല്ലാം ഇതിൽ സജ്ജമാക്കും. സ്ത്രീകളായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന രീതിയിലാകും നിർമാണം.

മത്സ്യാവശിഷ്ടവും വെള്ളവും വേർതിരിക്കാനുള്ള സംവിധാനം, റീച്ചാർജ് സംവിധാനം, സ്ത്രീകൾക്കായി സാനിറ്ററി നാപ്കിൻ സംവിധാനം, സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കർ തുടങ്ങിയ സൗകര്യങ്ങളെല്ലാം വർക്ക്‌ സ്റ്റേഷനിൽ ഒരുക്കും. മെച്ചപ്പെട്ട ശുചിത്വപൂർണമായ തൊഴിൽ സാഹചര്യമൊരുക്കുക എന്നതാണ് ലക്ഷ്യം.

വിമെൻസ് കോളേജ് ഹോം സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി.സിതാര ബാലന്റെ നേതൃത്വത്തിൽ എം.എസ്‌സി. ഹോം സയൻസ് വിദ്യാർഥിയായ കാവ്യ വിജയൻ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഫീൽഡ് സർവേ നടത്തിയിരുന്നു. ഒട്ടേറെ വെല്ലുവിളികൾ മത്സ്യവിൽപ്പന നടത്തുന്നവർ നേരിടുന്നതായി സർവേയിൽ കണ്ടെത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനത്തിനപ്പുറം മത്സ്യത്തൊഴിലാളികൾക്കായി ഒരു വർക്ക്‌ സ്‌റ്റേഷൻ നിർമിച്ച് നൽകണമെന്ന ആശയം രൂപപ്പെട്ടത്. തുടർന്ന് സി.ഇ.ടി. കോളേജുമായി സഹകരിച്ച് വർക്ക്‌ സ്റ്റേഷൻ ഡിസൈൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സി.ഇ.ടി.യിലെ ബി.ആർക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കാർത്തിക് മോഹന്റെ നേതൃത്വത്തിൽ ബി.ആർക് വിദ്യാർഥികളായ പഞ്ചമി, ആദിൽ ജോമി എന്നിവരും ചേർന്നാണ് മൊബൈൽ വർക്ക് സ്റ്റേഷൻ ഡിസൈൻ ചെയ്തത്. ഏകദേശം രണ്ടര വർഷത്തോളം ഗവേഷണം നടത്തിയാണ് വർക്ക്‌ സ്റ്റേഷൻ രൂപകൽപന ചെയ്തത്. ഗവേഷണത്തിന് പേറ്റന്റ് ലഭിച്ചതോടെ ഡിസൈൻ യാഥാർഥ്യമാക്കാനുള്ള തിരക്കിലാണ് വിദ്യാർഥികളും അധ്യാപകരും.