ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്  ഓര്‍ത്തോഡോക്സ് വൈദികര്‍ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഓര്‍ത്തോഡോക്സ് ബിഷപ്പ്മാരായ തോമസ് മാര്‍ അതാനിയസോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍ തുടങ്ങി 21 ഓര്‍ത്തോഡോക്സ് വൈദികര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ജോണി ഇ.പി, കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്നതുപോലെ ബിഷപ്പുമാര്‍ പള്ളി വികാരിമാര്‍ ഉള്‍പ്പടെയുള്ളവരെ നിയമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി.

1934 ലെ സഭ ഭരണഘടന പാലിക്കാതെ പള്ളികളില്‍നിന്ന് തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യുന്നതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 2017ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓര്‍ത്തോഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വി രാമസ്വാമി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് പരേഖ്, അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഒന്നാം എതിര്‍കക്ഷിയായി ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസിനെയും രണ്ടാം എതിര്‍കക്ഷിയായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരും വിരമിച്ചതിനെ തുടര്‍ന്ന് ഇവരെ എതിര്‍കക്ഷികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി, നിലവില്‍ പദവി വഹിക്കുന്നവരെ ഉള്‍പ്പെടുത്തിയേക്കും.

Content Highlights: Malankara church row: Supreme court sent Contempt of Court notice