
കൊച്ചി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ (എം.സി.ഒ.എസ്.എ) ഓഫീസ് പ്രിൻസിപ്പൽ ഒഴിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹാരാജാസ് കോളേജിലേത് ബുൾഡോസർ നീതിയാണെന്നും ചരിത്രരേഖകൾ നശിപ്പിച്ച പ്രിൻസിപ്പലിനെ യു.പി പോലുള്ള സംസ്ഥാനത്തിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്യേണ്ടതെന്നും പൂർവവിദ്യാർത്ഥി കൂടിയായ സാഹിത്യകാരൻ എൻ. എസ്. മാധവൻ വിമർശിച്ചു. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന് നിയമപരമായി അധികൃതർ അനുവദിച്ച ഓഫീസിന്റെ താഴ് നോട്ടീസ് ഒന്നും കൂടാതെ തല്ലിപ്പൊളിച്ച് അകത്തുകയറി വിലയേറിയ ചരിത്രരേഖകൾ നശിപ്പിച്ച പ്രിൻസിപ്പലിനെ യുപി പോലത്തെ സംസ്ഥാനത്തിലേയ്ക്ക് സ്ഥലം മാറ്റുക- എൻ എസ് മാധവൻ എക്സിൽ കുറിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് കോളേജ് അധികൃതർ ഒ.എസ്.എ ഓഫീസ് താഴ് തകർത്ത് അകത്തു കയറിയത്. ദീർഘകാലമായി ഗണിതശാസ്ത്ര വിഭാഗത്തിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മുറി ക്ലാസ് റൂമായി മാറ്റുകയായിരുന്നു. മുറിയുടെ താക്കോൽ സംഘടനാ ഭാരവാഹികളുടെ പക്കൽ ആയതിനാൽ പൂട്ട് പൊളിച്ചാണ് കോളേജ് അധികൃതർ ഇവിടെ ബി.എസ്‌സി. ഗണിതശാസ്ത്ര ക്ലാസ് തുടങ്ങിയത്.
അസോസിയേഷൻ്റെ വകയായ കസേരകൾ, കമ്പ്യൂട്ടർ, പുസ്തകങ്ങൾ, ഓഫീസ് ഫയലുകൾ എന്നിവയും നീക്കം ചെയ്തു. അസോസിയേഷൻ്റെ മുൻ ഭാരവാഹികളുടെയും ചരിത്ര സംഭവങ്ങളായ പരിപാടികളുടെയും ചിത്രങ്ങളും എടുത്തു മാറ്റിയിരുന്നു. 1989-ലാണ് പൂർവ വിദ്യാർഥി സംഘടനയ്ക്ക് കോളേജിൽ പ്രത്യേകമായി മുറി അനുവദിച്ചു നൽകുന്നത്.
അതേസമയം പൂർവ വിദ്യാർത്ഥി സംഘടനയുടെ ഓഫീസ് ഒഴിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജസ്റ്റിസ് കെ. സുകുമാരൻ, ഡോ.എം ലീലാവതി, മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ കെ അരവിന്ദാക്ഷൻ, പ്രൊഫ ഷെർളി ചന്ദ്രൻ എന്നിവരും അധികൃതരുടെ നടപടിയെ വിമർശിച്ചിരുന്നു.
പൂർവ വിദ്യാർത്ഥികളായ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, അംബാസഡർ വേണു രാജാമണി, ജസ്റ്റിസ് കെ. സുകുമാരൻ, പി.എസ്. ഗോപിനാഥ്, ആഭ്യന്തര വകുപ്പ് മുൻ സെക്രട്ടറി കെ.കെ വിജയകുമാർ എന്നിവർ നടത്തിയ അനുരഞ്ജന ശ്രമങ്ങളോടും അധികൃതർ മുഖം തിരിച്ചു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഒ.എസ്.എ നിവേദനം നൽകിയിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി എം.സി.ഓ.എസ്.എ ജനറൽ സെക്രട്ടറി സി.ഐ.സി.സി ജയചന്ദ്രൻ പറഞ്ഞു.
നാലുവർഷ ബിരുദപ്രകാരമുള്ള ക്ലാസുകൾ ആരംഭിച്ചതോടെ കോളേജിൽ കൂടുതൽ ക്ലാസ് മുറികളുടെ ആവശ്യമുണ്ടായി. അതിനാലാണ് കോളേജ് കൗൺസിൽ ചേർന്ന് അടഞ്ഞുകിടക്കുന്ന മുറികളിൽ ക്ലാസെടുക്കാനുള്ള തീരുമാനമെടുത്തത്. ഇതോടെയാണ് എം.സി.ഒ.എസ്.എ ഓഫീസ് മുറിയും ക്ലാസ് റൂം ആക്കാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷജിലാ ബീവി നേരത്തെ പറഞ്ഞിരുന്നു.
വ്യാപക പ്രതിഷേധമുയർന്നതോടെ ഇക്കാര്യം കോളേജ് ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിക്കാമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷജിലാ ബീവി പറഞ്ഞു.
ചരിത്രത്താളുകൾ അധികൃതർ മറിച്ചു നോക്കണം- ഡോ.എം ലീലാവതി
ഓഫീസ് ഒഴിപ്പിച്ച കോളേജ് അധികൃതരുടെ നടപടി അധികാര ദുർവിനിയോഗമാണെന്നും കലാലയത്തിൻ്റെ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളാത്ത നടപടിയാണിതെന്ന് കോളേജിലെ മുൻ പ്രൊഫസർ കൂടിയായ ടീച്ചർ കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജ് കേവലമൊരു കെട്ടിടമോ ക്ലാസ് മുറികളുടെ സമുച്ചയമോ അല്ല. അവിടെ പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുമാണ് ഈ കലാലയത്തിൻ്റെ ആത്മാവ്. ആ ചരിത്രത്താളുകൾ അധികൃതർ മറിച്ചു നോക്കണമെന്നുമാണ് ലീലാവതി ടീച്ചർ പറഞ്ഞത്.
ലോകമെങ്ങുമുള്ള പൂർവ വിദ്യാർത്ഥികളെ ഇക്കാലമത്രയും കോളേജുമായി കൂട്ടിയിണക്കാൻ പരിശ്രമിച്ചിരുന്ന സംഘടനയോടാണ് അധികൃതർ ഈ അനീതി കാണിച്ചിരിക്കുന്നത്. ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ അറിയിക്കുകയാണെന്നും അവർ പറഞ്ഞു.
പ്രിൻസിപ്പലിന്റേത് ക്രിമിനൽ നടപടി- ജസ്റ്റിസ് കെ.സുകുമാരൻ
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന ഓഫീസ് താഴ് പൊളിച്ചു കയ്യേറി അപൂർവ്വ ചിത്രങ്ങൾ നശിപ്പിച്ച നടപടി ക്രിമിനൽ കുറ്റമാണ് എന്നും വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാതെ പ്രശ്‍നങ്ങൾ പരിഹരിച്ച് മഹാരാജാസിന്റെ മുൻ പ്രിൻസിപ്പൽമാരുടെ പാരമ്പര്യം കാക്കണമെന്നു വ്യക്തമാക്കി പ്രിൻസിപ്പലിന് കത്തയച്ചു. ദീർഘകാലം എം സി ഓ എസ് എ പ്രസിന്റായിരുന്നു ജസ്റ്റിസ് കെ സുകുമാരൻ. മൂന്നര പതിറ്റാണ്ട് മുൻപ് ജസ്റ്റിസ് സുകുമാരൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് അന്നത്തെ പ്രിൻസിപ്പൽ പ്രൊഫ ഭാരതി എം സി ഓ എസ് എ യ്ക്ക് ഓഫീസ് അനുവദിച്ചത്.
അധികൃതരുടെ നടപടി അനുചിതം- പ്രൊഫ ഷെർളി ചന്ദ്രൻ, പ്രൊഫ കെ. അരവിന്ദാക്ഷൻ
മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടന (എം.സി.ഒ.എസ്.എ)യുടെ ഓഫീസ് താഴ് തകർത്ത് കയ്യേറുകയും ഒഴിപ്പിക്കുകയും ചെയ്ത കോളേജ് അധികൃതരുടെ നടപടി അനുചിതമായെന്ന് മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ ഷെർളി ചന്ദ്രൻ, പ്രൊഫ കെ. അരവിന്ദാക്ഷൻ എന്നിവർ പറഞ്ഞു. കോളേജിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി പൂർവ വിദ്യാർത്ഥികൾ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ തീർത്തും അവഗണിക്കുന്ന രീതിയിലുള്ള അധികൃതരുടെ സമീപനം മഹാരാജാസിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും കോട്ടം തട്ടിക്കുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.
Content Highlights: Maharajas College principal faces outrage for demolishing the Old Students` Association office
Published: 18 Dec 2024, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented