
കണ്ണൂർ: കളക്ടറേറ്റിലേക്ക് നഴ്സുമാർ നടത്തിയ മാർച്ചിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് അതിക്രമിച്ചു കയറി, ഗതാഗത തടസ്സം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകൾചേർത്ത് കേസെടുത്തത്. അതേസമയം കല്യാശ്ശേരി എം.എൽ.എൽ എം. വിജിനെതിരേ കേസെടുത്തിട്ടില്ല.
കളക്ടറേറ്റിലേക്ക് കേരള ഗവ. നഴ്സസ് അസോസിയേഷൻ നടത്തിയ സമരത്തിനിടെ ടൗൺ എസ്.ഐ. പി.പി.ഷമീലിനോട് എം.എൽ.എ. തട്ടിക്കയറിയിരുന്നു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജിൻ.
കവാടത്തിനുപുറത്ത് പ്രകടനക്കാരെ പോലീസ് തടയുകയും അവിടെ ഉദ്ഘാടനം നടക്കുകയുമാണ് പതിവ്. വ്യാഴാഴ്ച കവാടത്തിൽ പോലീസുകാർ ഇല്ലാതിരുന്നതിനാൽ പ്രകടനം അകത്തേക്ക് കടന്നു. ഉദ്ഘാടകനായ എം.എൽ.എ.യെ കാത്തിരിക്കുമ്പോൾ ഏതാനും പോലീസുകാരെത്തി. ഉള്ളിൽ കയറിയത് ശരിയായില്ലെന്ന് പറഞ്ഞു.
പിന്നാലെ എസ്.ഐ. എത്തി കേസെടുക്കുമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. അപ്പോഴേക്കും വിജിൻ വന്നു. ഇതിനിടെ തിരിച്ചെത്തിയ എസ്.ഐ. ‘നിങ്ങളോടല്ലേ പുറത്ത് പോകണമെന്ന് പറഞ്ഞത്’ എന്ന് ക്ഷോഭിച്ച് മൈക്ക് പിടിച്ചെടുത്തു. ‘നിങ്ങൾ നോക്കാത്തതുകൊണ്ടല്ലേ കയറിയത്’ എന്നുപറഞ്ഞ് ഇടപെട്ട വിജിൻ ഇനി സമരം കഴിഞ്ഞിട്ട് പോകാമെന്ന് പറഞ്ഞു.
എങ്കിൽ കേസെടുക്കുമെന്ന് പറഞ്ഞ് മൈക്ക് തിരിച്ചുകൊടുത്ത് എസ്.ഐ. പുറത്തേക്ക് പോയി. ഇതിനിടെ വനിതാ പോലീസ് ഓരോരുത്തരുടെയും പേര് ചോദിച്ച് എഴുതിയെടുത്തു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞുനിൽക്കുകയായിരുന്ന എം.എൽ.എ.യോടും പേര് ചോദിച്ചു. എന്നോട് പേരുചോദിക്കാൻ നിങ്ങളാരാണെന്നായി വിജിൻ. വാക്തർക്കം നടക്കുന്നതിനിടെ വീണ്ടും വന്ന എസ്.ഐ.യോടാണ് വിജിൻ ‘സുരേഷ് ഗോപി കളിക്കേണ്ടെ’ന്ന് പറഞ്ഞ് ക്ഷോഭിച്ചത്. അകത്ത് കയറാൻ പാടില്ലെന്ന് എസ്.ഐ. പറഞ്ഞപ്പോൾ സമരം നടത്തി അധികം പരിചയമുള്ളവരല്ല ഇവരെന്നും നിങ്ങൾ ഗേറ്റിൽ തടയാത്തതുകൊണ്ട് ഇവർ കയറിയതാണെന്നും പറഞ്ഞ് എം.എൽ.എ. പൊട്ടിത്തെറിച്ചു. 10 മിനിറ്റ് നീണ്ട വാക്തർക്കത്തിനൊടുവിൽ പോലീസ് പിൻമാറുകയായിരുന്നു.
എം.എൽ.എയോട് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് മോശം പെരുമാറ്റമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിമർശനം. ഇതിനുപിന്നാലെയാണ് ഇപ്പോൾ എഫ്ഐആർ രേഖപ്പെടുത്തിയപ്പോൾ എം.എൽ.എയുടെ പേര് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
കണ്ണൂർ ടൗൺ എസ്.ഐക്കെതിരേ എം.എൽ.എ. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. വളരെ മോശം പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: m vijin mla nurses association march kannur fir
Published: 05 Jan 2024, 10:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented