കോഴിക്കോട്: പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ എൽ.പി.ജി. കണക്ഷൻ നിർബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശം ഗുണഭോക്താക്കൾക്ക് പാചകവാതക വിതരണ ഏജൻസികൾ അയച്ചുതുടങ്ങി.

To advertise here,

ഒരുവീട്ടിൽ എൽ.പി.ജി.യും പൈപ്പ് ഗ്യാസും (പി.എൻ.ജി.) ഒരുമിച്ച് കൈവശംവെക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ടെന്നും രണ്ടുമുണ്ടെങ്കിൽ എൽ.പി.ജി. ഒഴിവാക്കണമെന്നുമാണ് നിർദേശം.

നിശ്ചിതദിവസത്തിനകം എൽ.പി.ജി. ഒഴിവാക്കിയില്ലെങ്കിൽ അതു റദ്ദാവുമെന്നാണ് ഗുണഭോക്താക്കൾക്കു കിട്ടിയ വിവരം. പലർക്കും പല സമയപരിധിയാണ് നൽകിയിരിക്കുന്നത്.

അതേസമയം, പൈപ്പ് ലൈൻ ഒഴിവാക്കാനുള്ള അവസരമില്ല. ഇന്ത്യൻ ഓയിൽ -അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പൈപ്പ് വഴി പ്രകൃതിവാതകമെത്തിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എൽ.പി.ജി. ഗുണഭോക്താക്കൾ പി.എൻ.ജി.യിലേക്ക് മാറണമെന്ന് മാർച്ച് 25-ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ നിർദേശത്തോടെ എൽ.പി.ജി. സബ്‌സിഡികിട്ടുന്ന ഉജ്ജ്വൽ യോജനാ ഉപഭോക്താക്കളും ആശങ്കയിലായി.

പുതിയ കണക്ഷനും വിലക്ക്

പാചകവാതക പ്രതിസന്ധി കുറഞ്ഞെങ്കിലും ഇപ്പോഴും പുതിയ എൽ.പി.ജി. കണക്ഷൻ നൽകാനോ, അധിക സിലിൻഡർ അനുവദിക്കാനോ തയ്യാറായിട്ടില്ല. പുതിയ വീടെടുത്തു മാറുന്നവർ ഉൾപ്പെടെ ഇതുകാരണം ബുദ്ധിമുട്ടുകയാണ്. ഗ്രാമീണമേഖലയിൽ ഇപ്പോഴും 45 ദിവസം കഴിഞ്ഞാൽ മാത്രമേ സിലിൻഡർ മാറ്റാൻ അപേക്ഷിക്കാനാവുന്നുള്ളൂ. നഗരമേഖലയിൽ ഇത് 25 ദിവസമാണ്. കമ്പനികൾക്കനുസരിച്ച് വ്യത്യാസമുണ്ട്.

ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം

പാചകവാതക സിലിൻഡർ ഗുണഭോക്താക്കളോട് ബയോമെട്രിക് മസ്റ്ററിങ് നടത്താനും നിർദേശമുണ്ട്. ജൂലായിൽ മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഗ്യാസ് റദ്ദാവും എന്നാണു പറയുന്നത്. രേഖാമൂലം ഇത്തരം അറിയിപ്പൊന്നും തന്നിട്ടില്ലെന്നും സന്ദേശങ്ങൾ വന്നിട്ടുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു.

അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്

25 വർഷമായി എൽ.പി.ജി. ഉപയോഗിക്കുന്നുണ്ട്. ഒരു വർഷമായി പൈപ്പ് ലൈനുമുണ്ട്. എൽ.പി.ജി. ഒഴിവാക്കാൻ പറയുന്നത് അംഗീകരിക്കാനാവില്ല. പൈപ്പ് ലൈൻ വേണ്ടെന്നു വെക്കാൻ പറ്റുന്നില്ല. നമുക്ക് എന്താണ് വേണ്ടതെന്ന് മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്നത് എന്തിനാണ്?

കെ.കെ. പദ്മനാഭൻ

(പൂവമ്പായി, പനങ്ങാട്)