തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ ലോകായുക്ത ജൂലായ് 20-ലേക്ക് മാറ്റി.തങ്ങളുടെ തലയില്‍നിന്ന് കേസ് മാറ്റിത്തന്നാല്‍ മതിയെന്ന് കേസ് പരിഗണിക്കവേ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ അഭിഭാഷകന്‍ പി സുബൈര്‍കുഞ്ഞിനോട് ആവശ്യപ്പെട്ടതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ കേസ് ചുമന്നുകൊണ്ട് നടക്കുകയാണെന്നും അന്തിമ പരിഹാരം ഉണ്ടാകുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

To advertise here,

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് മാറ്റിവെക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതെന്നും ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ രേഖാമൂലം ലോകയുക്തയെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷക പാതിരാപ്പള്ളി കൃഷ്ണകുമാരി കോടതിയെ അറിയിച്ചില്ല. പകരം കേസില്‍ ഇന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ വാക്കാല്‍ നിര്‍ദ്ദേശം തങ്ങള്‍ക്ക് ബാധകമല്ലെന്നും ലോകയുക്തയെ നേരിട്ട് അറിയിക്കുകയോ കേസ് വിചാരണ സ്റ്റേ ചെയ്യുകയോ ആണ് ഹൈക്കോടതി ചെയ്യേണ്ടതെന്നുമായിരുന്നു ഉപലോകായുക്ത ബാബു മാത്യു ജോസഫിന്റെ കോടതിയിലെ പരാമര്‍ശം. തങ്ങള്‍ ഇവിടെ വെറുതെ വേഷം കെട്ടി വന്നിരുന്നാല്‍ മതിയോ എന്ന് ഉപലോകയുക്ത ഹാറൂണ്‍ അല്‍ റഷീദ് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ -അല്‍- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവര്‍ അടങ്ങുന്ന ഫുള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പത്രത്തില്‍ പേര് അച്ചടിച്ചു വരാനാണ് അടിക്കടി കേസ് മാറ്റിവയ്ക്കാന്‍ ഹര്‍ജ്ജിക്കാരന്‍ അപേക്ഷ നല്‍കുന്നതെന്ന ലോകായുക്തയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞു.