അഞ്ചുകൊല്ലം കൊണ്ട് അയോഗ്യരായത് 77 പേര്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷതിരഞ്ഞെടുപ്പുകളിൽ സ്വന്തം പാർട്ടികളുടെ പാലംവലിച്ചവർക്ക് കിട്ടുന്നത് താത്കാലിക രാഷ്ട്രീയവിജയം മാത്രം. ഇനി അവരെ കാത്തിരിക്കുന്നത് അയോഗ്യതയാണ്. തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റം തടയാൻ കർശനവ്യവസ്ഥകളാണ് നിയമത്തിൽ.
നിയമസഭയിലും പാർലമെന്റിലും ഒരുകക്ഷി ഒന്നാകെ മറുപക്ഷംചാടിയാലോ മറ്റൊരുപാർട്ടിയിൽ ലയിച്ചാലോ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിൽ അതല്ല സ്ഥിതി. ഒന്നാകെ പോയാലും പെരുവഴിയിലാവും. കോൺഗ്രസിൽനിന്ന് ജയിച്ച എല്ലാവരും ബിജെപിക്ക് കൈകൊടുത്ത മറ്റത്തൂർ മോഡൽ കൂറുമാറ്റക്കേസിൽ ഈ വ്യവസ്ഥ നിർണായകമാവും.
കഴിഞ്ഞ അഞ്ചുവർഷം 77 പേരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്. കൂടുതൽ അംഗങ്ങൾ തലമറന്ന് എണ്ണതേച്ചതായിക്കാണുന്ന ഇത്തവണ ഇതിലുമേറെപ്പേർ അയോഗ്യരായേക്കും. പെട്ടെന്നുണ്ടാവില്ല, പരാതി പരിഗണിച്ച് വാദംകേട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കണം.
1999-ലെ നിയമം വിധിപറയും
നിയമസഭയിലെയും പാർലമെന്റിലെയും കൂറുമാറ്റം സംബന്ധിച്ച വ്യവസ്ഥകൾ ഭരണഘടനയുടെ പത്താം ഷെഡ്യൂൾപ്രകാരമാണ്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റത്തിൽ വിധിപറയുന്നത് 1999-ലെ കേരള ലോക്കൽ അതോറിറ്റീസ് (പ്രൊഹിബിഷൻ ഓഫ് ഡിഫക്ഷൻ) ആക്ടനുസരിച്ചാണ്.
പരാതിയിങ്ങനെ
കൂറുമാറ്റം സംബന്ധിച്ച പ്രശ്‌നമുയർന്നാൽ ആ തദ്ദേശസ്ഥാപനത്തിലെ ഒരംഗത്തിനോ, ബന്ധപ്പെട്ട രാഷ്ട്രീയപ്പാർട്ടിക്കോ, പാർട്ടി ചുമതലപ്പെടുത്തുന്നയാൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകാം. കമ്മിഷൻ തീരുമാനമെടുക്കും. കമ്മിഷന് സിവിൽ കോടതിയുടെ അധികാരമുണ്ട്. മറ്റ് സിവിൽ കോടതികൾക്ക് ഇതിൽ ഇടപെടാനാവില്ല.
ശിക്ഷയിങ്ങനെ
കൂറുമാറ്റം തെളിഞ്ഞ് അയോഗ്യനാകുന്നയാൾക്ക് അടുത്ത ആറുവർഷം ഒരുതിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. അതായത് അടുത്ത രണ്ടുതവണ മത്സരത്തിൽനിന്ന് മാറി നിൽക്കണം.
നിയമത്തിൽ കൂറുമാറ്റം മൂന്നുതരം
ഒന്ന്: തദ്ദേശസ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എന്നീ തിരഞ്ഞെടുപ്പുകളിലും ഭരണസമിതി യോഗങ്ങളിലും പാർട്ടി രേഖാമൂലം നൽകുന്ന നിർദേശം ലംഘിച്ചാൽ കൂറുമാറ്റമാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർഥികൾക്ക് ചിഹ്നംനൽകാൻ പാർട്ടി ചുമതലപ്പെടുത്തിയവരാണ് രേഖാമൂലം നിർദേശം (വിപ്പ്) നൽകേണ്ടത്. ഇതിന്റെ പകർപ്പ് തദ്ദേശസ്ഥാപന സെക്രട്ടറിക്കും നൽകണം. മിക്കവാറും എല്ലാപാർട്ടികളും ഇങ്ങനെ വിപ്പ് നൽകാറുണ്ട്. വിപ്പ് ഇല്ലെങ്കിലും ജയിച്ചുവന്ന പാർട്ടിയോട് വിശ്വാസവഞ്ചനകാട്ടിയെന്ന് തെളിഞ്ഞാൽ അയോഗ്യത കല്പിക്കാം. വിട്ടുനിൽക്കുന്നതും വോട്ട് അസാധുവാക്കുന്നതുമെല്ലാം വിപ്പ് ലംഘനമാണ്.
രണ്ട്: മുന്നണിയുടെ ഭാഗമായി വിജയിക്കുന്ന സ്വതന്ത്രൻ അതിൽനിന്ന് മാറി ഏതെങ്കിലും പാർട്ടിയിൽ ചേരുകയോ മറ്റുമുന്നണികളുടെ ഭാഗമാകുകയോ, മുന്നണിസംവിധാനം നൽകുന്ന നിർദേശങ്ങൾ ലംഘിക്കുകയോ ചെയ്താലും കൂറുമാറ്റമാകും.
മൂന്ന്: മുന്നണിയുടെ ഭാഗമല്ലാത്ത സ്വതന്ത്രൻ മറ്റുപാർട്ടികളിലോ മുന്നണികളിലോ ചേർന്നാലും കൂറുമാറ്റമാകും.
എന്നാൽ, സ്വതന്ത്രനെന്ന സ്ഥാനം നിലനിർത്തിക്കൊണ്ട് മുന്നണികളുടെ പിന്തുണയോടെ ഏതെങ്കിലും സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പ്രശ്‌നമാകില്ല.
Content Highlights: Defectors Will Face Disqualification in Local Bodies Despite Mass Party Switching
Published: 29 Dec 2025, 05:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented