കണ്ണൂർ: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി. രണ്ട് വാർഡുകൾ യു.ഡി.എഫിന് നഷ്ടമായി. മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡ് ബി.ജെ.പി.യും മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന് വാർഡ് സി.പി.എമ്മും പിടിച്ചെടുത്തു. മാടായി ഗ്രാമപ്പഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം വാർഡ്, രാമന്തളി ഗ്രാമപ്പഞ്ചായത്തിലെ പാലക്കോട് സെൻട്രൽ എന്നീ വാർഡുകൾ യു.ഡി.എഫ്. നിലനിർത്തി. മുസ്‌ലിം ലീഗ് സ്ഥാനാർഥികളാണ് രണ്ടിടത്തും ജയിച്ചത്. മട്ടന്നൂർ നഗരസഭയിൽ ആദ്യമായാണ് ബി.ജെ.പി. സീറ്റ് നേടുന്നത്.

To advertise here,

മട്ടന്നൂർ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയെ വിജയിപ്പിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു.

മട്ടന്നൂർ ടൗണിൽ ബി.ജെ.പി.

placeholder
എ. മധുസൂദനൻ

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ ബി.ജെ.പി. സ്ഥാനാർഥി എ. മധുസൂദനൻ 72 വോട്ടിനാണ് ജയിച്ചത്. കോൺഗ്രസിലെ കെ.വി. പ്രശാന്തിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 വോട്ടിനാണ് പ്രശാന്ത് വിജയിച്ചിരുന്നത്. ബി.ജെ.പിക്കായി എ. മധുസൂദനൻ തന്നെയാണ് കഴിഞ്ഞ തവണയും മത്സരിച്ചത്. എൽ.ഡി.എഫ്. ഇത്തവണയും മൂന്നാംസ്ഥാനത്തായി.

രാമന്തളി പാലക്കോട്ട് യു.ഡി.എഫ്.

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ ഒൻപതാം വാർഡ് പാലക്കോട് യു.ഡി.എഫിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.പി. മുഹമ്മദ് 464 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. മുസ്‌ലിം ലീഗിലെ കെ.സി. മുസ്തഫ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത്തവണ ബി.ജെ.പി. മത്സരരംഗത്ത് ഉണ്ടായിരുന്നില്ല.

placeholder
എം.പി. മുഹമ്മദ്

മമ്മാക്കുന്നിൽ എൽ.ഡി.എഫ്.

മുഴപ്പിലങ്ങാട്: ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എ.സി. നസിയത്ത് ബീവി 12 വോട്ടിന് വിജയിച്ചു. കോൺഗ്രസിലെ എം. റീജയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റീജ 73 വോട്ടിനാണ് വിജയിച്ചത്. ഇത്തവണ യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെട്ടു.

placeholder
എ.സി. നസിയത്ത് ബീവി

മാടായിയിൽ മുസ്‌ലിം ലീഗ്

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 20-ാം വാർഡായ മുട്ടം ഇട്ടപ്പുറത്ത് മുസ്‌ലിം ലീഗിലെ എസ്.എച്ച്. മുഹ്സിന 444 വോട്ടിന് വിജയിച്ചു. മുസ്‌ലിം ലീഗിലെ എസ്.എൽ.പി. സുഫൈജത്തിന് വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതാണ്‌ ഉപതിരഞ്ഞെടുപ്പിന്‌ വഴിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 297 വോട്ടിനാണ് സുഫൈജത്ത് ജയിച്ചത്.

placeholder
എസ്.എച്ച്. മുഹ്സിന

മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി.

മട്ടന്നൂർ: ഇരുമുന്നണികളെയും ഞെട്ടിച്ച് മട്ടന്നൂർ നഗരമധ്യത്തിലെ ടൗൺ വാർഡ് ബി.ജെ.പി. പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 വോട്ടിന്റെ വ്യത്യാസത്തിൽ അകന്നുപോയ വിജയം ഇക്കുറി ആധികാരികമായി തന്നെ ബി.ജെ.പിയിലെ എ.മധുസൂദനൻ നേടി. കൗൺസിലർ കോൺഗ്രസിലെ കെ.വി.പ്രശാന്തിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

എന്നാൽ, സഹതാപതരംഗം വോട്ടായില്ല. ഇതുവരെ വിജയിച്ചുവന്ന വാർഡ് കൈവിട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. യുവസ്ഥാനാർഥിയെ രംഗത്തിറക്കിയ സി.പി.എമ്മിന് 20 വോട്ട് അധികം നേടാൻ കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 343 വോട്ടും ബി.ജെ.പിക്ക് 331 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ 140 പുതിയ വോട്ടർമാരുണ്ടായിട്ടും യു.ഡി.എഫിന് 20 വോട്ട് കുറഞ്ഞു. എന്നാൽ, ബി.ജെ.പിക്ക് 64 വോട്ട് വർധിപ്പിക്കാനായി. .

മട്ടന്നൂർ മഹാദേവ ക്ഷേത്രഭരണം ദേവസ്വം ബോർഡ് പിടിച്ചെടുത്തത് ഉൾപ്പടെ പ്രചാരണവിഷയമാക്കിയാണ് രണ്ടുവർഷം മുൻപത്തെ നഗരസഭാ തിരഞ്ഞെടുപ്പിൽ ടൗൺ വാർഡിൽ ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയത്. 2017-ൽ നടന്ന തിരഞ്ഞെടുപ്പിൽ 86 വോട്ടിനാണ് കോൺഗ്രസിലെ പി.വി.ധനലക്ഷ്മി വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.വി.പ്രശാന്തിന്റെ ഭൂരിപക്ഷം 12 ആയി ചുരുങ്ങി.

2017-ൽ ടൗൺ അടക്കം ഒൻപത് വാർഡുകളിൽ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയിരുന്നു.

വാർഡിന്റെ വികസനത്തിന് വേണ്ടി പരമാവധി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂവകുപ്പിൽ റിട്ട. ഡെപ്യൂട്ടി കളക്ടറാണ് മധുസൂദനൻ.

വിജയിച്ച എ.മധുസൂദനനെ ആനയിച്ച് ബി.ജെ.പി. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, വൈസ് പ്രസിഡന്റ് രാജൻ പുതുക്കുടി, ജില്ലാ സെക്രട്ടറി എം.ആർ.സുരേഷ്, ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി, ശരത് കൊതേരി തുടങ്ങിയവർ നേതൃത്വം നൽകി.

വോട്ടർമാർക്ക് അഭിനന്ദനങ്ങൾ -എൻ. ഹരിദാസ്

കണ്ണൂർ: മട്ടന്നൂർ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയെ മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു.

“ഇടത്-വലതു മുന്നണികൾ എന്നും അഴിമതിയുടെ കേന്ദ്രമായാണ് നഗരസഭയിൽ പ്രവർത്തിച്ചിരുന്നത്. ഈ വിജയം ഒരു ചൂണ്ടുപലകയാണെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. മികച്ച വിജയം നേടുമെന്നതിനുള്ള സൂചന കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.