കടുത്തുരുത്തി: ഇടിമിന്നലിനെ തുടർന്നുള്ള സിഗ്‌നൽ തകരാറിൽ കോട്ടയം-എറണാകുളം റെയിൽവേ പാതയിൽ തീവണ്ടി സർവീസ് ഒരുമണിക്കൂർ തടസ്സപ്പെട്ടു. ഈസമയം ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

To advertise here,

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-ന് മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ വൈക്കം റോഡ്(ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിന് കേടുപാടുണ്ടായി. ഇതോടെ സ്റ്റേഷനിലെ സിഗ്‌നലിന് തകരാർ സംഭവിച്ചതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം. 3.40-ന് തകരാർ പരിഹരിച്ചു.

ഹൈദരാബാദ്-തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം-കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.

റെയിൽവേയിലെ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം എത്തിയാണ് തകരാർ പരിഹരിച്ചത്. ഗതാഗതം പുനഃസ്ഥാപിച്ച ശേഷവും തകരാർ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി.