
കൊട്ടാരക്കര(കൊല്ലം):താലൂക്കാശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണു. ഹൗസ് സർജൻ ഉൾപ്പെടെ നാലുപേർ ലിഫ്‌റ്റിൽ ഉണ്ടായിരുന്നതിൽ കൂട്ടിരിപ്പുകാരിയായ വീട്ടമ്മയുടെ തോളിനു ക്ഷതമുണ്ടായി. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.
രണ്ടാംനിലയിൽനിന്നു ഒന്നാംനിലയിലേക്ക് ലിഫ്റ്റ് പെട്ടെന്നു പതിക്കുകയായിരുന്നു. വൈദ്യുതി തടസ്സത്താലുണ്ടായ സാങ്കേതികത്തകരാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണി കരാറേറ്റ ഏജൻസി പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കളക്ടർ റിപ്പോർട്ട് തേടി.
2026 വരെ കാലാവധിയുള്ള ലിഫ്റ്റുകളിൽ ഒരെണ്ണമാണ് പൊട്ടിവീണത്. കാവൽ ജീവനക്കാരനും ഒരു ഹൗസ് സർജനും കൂട്ടിരിപ്പുകാരായ രണ്ടുപേരുമായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്. തോളിനു പരിക്കേറ്റ വീട്ടമ്മയ്ക്ക് ഉടൻ ചികിത്സ ലഭ്യമാക്കിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. മന്ത്രി കെ.എൻ.ബാലഗോപാൽ ശനിയാഴ്ച ആശുപത്രി സന്ദർശിക്കുന്നുണ്ട്.
ജനകീയ ഡോക്ടറെഉൾപ്പെടെ സ്ഥലംമാറ്റി
താലൂക്കാശുപത്രിയിൽ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഫിസിഷ്യൻ ആൻസി ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റിയത് പ്രവർത്തനത്തെ ബാധിക്കുന്നു. ഓർത്തോ ഡോക്ടർ ജയേഷ് മോഹൻ, ഫിസിഷ്യൻ കരംചന്ദ്, ഫിസിയാട്രിസ്റ്റ് മിഞ്ചു, അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മഹിമ തുടങ്ങി സ്ഥലംമാറ്റപ്പെട്ടവർക്ക് പകരക്കാരെത്തിയിട്ടില്ല.
ഒ.പി.യിൽ കൂടുതൽ രോഗികൾ ആവശ്യപ്പെടുന്ന ഡോക്ടറാണ് ആൻസി. ഇവരെ വർക്കലയിലേക്കാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. ഡോ. കരംചന്ദിനു പകരമായി നിയമിതനായ ഡോക്ടർ അവധിയെടുത്ത് ഗൾഫിൽ പോയി. നാല് ഫിസിഷ്യൻമാരുണ്ടായിരുന്നതിൽ ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്.
പീഡിയാട്രീഷൻ റോയി സ്ഥലംമാറിയിട്ട് വർഷങ്ങളാകുന്നു. പകരം നിയമനമായിട്ടില്ല. അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം ഉയരുന്നു.എന്നാൽ താത് കാലിക നിയമനങ്ങൾ നടത്തുന്നതിൽ മത്സരമാണ്. ആറുപേരുടെ നിയമനത്തെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കമുണ്ടായത് അടുത്തിടെയാണ്.
Content Highlights: Lift broke in kottarakkara Taluk Hospital
Published: 24 Aug 2024, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented