
ഇരിട്ടി (കണ്ണൂർ): അയ്യൻകുന്ന് പാലത്തുംകടവിൽ ബാരാപോൾ പദ്ധതിപ്രദേശത്ത് വനപാലകനെ ആക്രമിച്ച പുള്ളിപ്പുലിയെ വനപാലകസംഘം വെടിവെച്ച് കൊന്നു. പുലിയുടെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന് പരിക്കേറ്റു. പുലിയുടെ പിടിയിൽനിന്ന് ഫോറസ്റ്റ് ഓഫീസറെ രക്ഷിക്കാനാണ് വെടിവെച്ചതെന്ന് സംശയിക്കുന്നു. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സഹപ്രവർത്തകർ ചേർന്ന് ആകാശത്തേക്ക് വെടിയുതിർത്ത് രാഹുലിനെ രക്ഷപ്പെടുത്തിയെന്നാണ് വനംവകുപ്പ് പറയുന്നത്. ബുധനാഴ്ച വൈകിട്ട് ബാരാപോൾ പദ്ധതിപ്രദേശത്ത് പുഴയുടെ തീരത്ത് സോളാർപാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30-ഓടെ റീഡിങ് എടുക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരായ പ്രവീണും ധനേഷുമാണ് ആദ്യം പുലിയെ കണ്ടത്.
ഭയന്നോടിയ ഇരുവരും സോളാർപാനലിന്റെ മുകളിൽ കയറി കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാട്ടിലേക്ക് കയറിയിട്ടുണ്ടെന്ന് അറിയിച്ചതോടെ സംഘം ഈ ഭാഗത്തേക്ക് നീങ്ങി. തിരച്ചിലിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ സംഘം വെടിവെക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. രാഹുലിനെ ആക്രമിക്കുന്നത് തടയാൻ സഹപ്രവർത്തകർ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
പുലി പരിക്ക് കാരണമാണ് ചത്തതെന്ന് വനം വകുപ്പ്
ഇരിട്ടി: അയ്യൻകുന്ന് പാലത്തുംകടവിൽ ബാരാപോൾ പദ്ധതിപ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ബീറ്റ് ഓഫീസർ രാഹുലിനെ ഇരിട്ടി അമല ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം ആർആർടി വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പുലിയുടെ ഇടത് മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടത് പിൻകാലിൽ ബോൾപോലെ നീരുവന്ന് വീർത്ത പരിക്കും കണ്ടെത്തി.
സ്വാഭാവികമായി തീറ്റയെടുക്കാൻ പറ്റാത്തവിധം ക്ഷീണമുണ്ടായിരുന്നുവെന്നും പുലി പരിക്ക് കാരണമാണ് ചത്തതെന്നുമാണ് നിഗമനം.
10 വയസ്സിലധികമുള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ ജഡം വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും ഇരിട്ടി എസ്.ഐ. റെജി സ്‌കറിയയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തിയിരുന്നു.
Content Highlights: A leopard was killed by forest officials in Ayyankunnu, Kannur., A Beat Forest Officer was injured during the leopard attack., The Forest Department suggests the leopard died from pre-existing injuries., The deceased animal was an adult male leopard, over 10 years old.
Published: 26 Feb 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented