തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിസംബന്ധിച്ച തർക്കത്തിൽ എൽ.ഡി.എഫ്. നേതാക്കൾ സമവായചർച്ചകളുടെ പ്രതീക്ഷ പങ്കുവെച്ചെങ്കിലും സ്വരം കടുപ്പിച്ച് മുതിർന്നനേതാക്കൾ. പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ ചോദിച്ചു.
തർക്കം സീമകളെല്ലാം ലംഘിച്ച്, പരസ്യമായ കലഹമായിമാറിയതിൽ സി.പി.എം.-സി.പി.ഐ. ദേശീയ നേതാക്കൾക്കും നീരസമുണ്ടെന്നാണ് വിവരം. ഉപനേതൃസ്ഥാനം സി.പി.എമ്മിനുതന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞതു തള്ളി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയ പരസ്യപ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമാണെന്നും അറിയുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയും പ്രശ്നത്തിൽ സി.പി.ഐക്കെതിരേ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു. എല്ലാം താനെന്ന ഭാവം ഒരു കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്ന് പിണറായി വിജയനെ കടുത്തഭാഷയിൽ ഓർമ്മിപ്പിച്ച് സി.പി.ഐ. നേതാവ് സത്യൻ മൊകേരി പാർട്ടി പത്രത്തിൽ ലേഖനമെഴുതിയതും മുന്നണിയിലും പുറത്തും ചർച്ചയും വിവാദവുമായിരുന്നു.
മൊകേരിയെ പിന്തുണച്ച് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.ഐ. പോഷകസംഘടനാ നേതാക്കളും സാമൂഹികമാധ്യമങ്ങളിൽ അണിനിരന്നതോടെ, കലഹം മൂർച്ഛിച്ചു. തർക്കം കൊഴുക്കുന്നതിനിടെയാണ് സി. ദിവാകരൻ രംഗത്തുവന്നത്. ഇതിനു മറുപടിനൽകി എരിതീയിൽ എണ്ണയൊഴിക്കാൻ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മുതിർന്നില്ല. ടി.പി.യുടെ പ്രസ്താവന സ്വാഗതംചെയ്യുന്നുവെന്നും ചർച്ചകൾക്ക് എക്കാലവും സി.പി.ഐ. വാതിൽ തുറന്നുവെക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.
പിണറായിക്കെന്തുകാര്യം -ദിവാകരൻ
‘‘പ്രതിപക്ഷ ഉപനേതൃപദവിയിൽ പിണറായി വിജയൻ അവസാനവാക്ക് പറയാൻ ആരാണ്? പദവി തരില്ലെന്ന് പറയാൻ പിണറായിക്കെന്തു കാര്യം? ഇടതുപക്ഷപ്രസ്ഥാനത്തിന് ചോരയും നീരും കൊടുത്ത പാർട്ടിയാണ് സി.പി.ഐ. സി.പി.ഐ. ഇല്ലെങ്കിൽ 24 മണിക്കൂർപോലും എൽ.ഡി.എഫ്. ഉണ്ടാകില്ല.
ഒരു പാർട്ടി എന്നത് ആരുടെയും വ്യക്തിപരമായ അഭിപ്രായമല്ല. അതൊരു കൂട്ടായ നേതൃത്വമാണ്. സി.പി.എമ്മിന് ഒരു സംസ്ഥാന കമ്മിറ്റിയില്ലേ. പിണറായി വിജയൻ ഒരു ഘടകമല്ലല്ലോ, നേതാവല്ലേ? ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിൽനിന്ന് വരാൻപാടില്ലാത്തതാണ്. സി.പി.ഐ. ഉന്നയിച്ച പ്രശ്നം സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.’’
നേതാക്കൾ മിതത്വം പാലിക്കണം -ടി.പി. രാമകൃഷ്ണൻ
കൊച്ചി: സി.പി.എം.-സി.പി.ഐ. തർക്കത്തിൽ നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ മിതത്വം പാലിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. നേതാക്കൾ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പിണറായി വിജയൻ നടത്തിയ പരാമാർശം മുൻപുണ്ടായിരുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. മുന്നണിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടികളിലെ പോരിനൊപ്പം കൊമ്പുകോർത്ത് യുവനേതാക്കൾ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി സി.പി.എം.-സി.പി.ഐ. പോര് പാർട്ടികളുടെ യുവജനസംഘടനകളിലേക്കും പടരുന്നു. ഇടതുമുന്നണിയിൽ സമ്മർദതന്ത്രം പയറ്റുന്ന സി.പി.ഐ.യ്ക്ക് ഒരു മണ്ഡലത്തിൽ 5000 വോട്ടെങ്കിലും ഉണ്ടോയെന്ന പരിഹാസചോദ്യവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനൻ രംഗത്തുവന്നതാണ് ഒടുവിലത്തെ പ്രകോപനം.
മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടയ്ക്കുന്നതെന്തിനെന്ന ചോദ്യവുമായി എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഇതിന് സാമൂഹികമാധ്യമത്തിൽ മറുപടിനൽകി. ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന പഞ്ചതന്ത്രം കഥ ഓർമ്മിപ്പിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ. ജിസ്മോന് മറുപടിനൽകി. ആപത്തിൽ വിലപേശുകയല്ല, മുന്നണിയിൽ ആരും ആരുടെയും അടിമകളല്ലെന്നും ജിസ്മോനും തിരിച്ചടിച്ചു.
Content Highlights: CPI leader C. Divakaran questions Pinarayi Vijayan's authority over the opposition deputy leader position., Public spat between CPI and CPM leaders intensifies within the LDF coalition., LDF Convener T.P. Ramakrishnan calls for restraint and emphasizes dialogue to resolve the dispute.
Published: 29 Aug 2026, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented