ആലപ്പുഴ: മുനമ്പം വിഷയത്തിൽ മുതലെടുപ്പിനു ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്നു ലത്തീൻസഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'ജീവനാദ'ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണു രൂക്ഷവിമർശനം. ഇതര കത്തോലിക്ക സഭകളെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്.

To advertise here,

മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളിൽ നാനൂറോളവും ലത്തീൻ കത്തോലിക്ക വിഭാഗക്കാരാണ്. അതുകൊണ്ടുതന്നെ ഈ വിമർശനങ്ങൾക്കു രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുനമ്പം ഭൂപ്രശ്നം ക്രൈസ്തവ-മുസ്‌ലിം സംഘർഷവിഷയമാക്കി കത്തിച്ചുനിർത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് വിവേകമുള്ളവരെല്ലാം പറഞ്ഞിരുന്നതാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. കേരളത്തിന്റെ മലയോര, കുടിയേറ്റ മേഖലകളിൽ ചലനം സൃഷ്ടിക്കാനായതുപോലെ തീരത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാൻ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റംകൊള്ളുന്നവർ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാൻ എത്രകാലം വേണമെന്നാണു പരിഹാസം. ഇത് ആരെ ഉദ്ദേശിച്ചാണെന്നു വ്യക്തം.

മുനമ്പം നിവാസികൾക്കു നീതി ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കെസിബിസി അധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമീസും സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തും വഖഫ് ഭേദഗതി ബിൽ പുനഃപരിശോധിക്കാൻ ചുമതലപ്പെട്ട സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) നിവേദനമയച്ചിരുന്നു.

ജെപിസിയുടെ ഭേദഗതികൾ അടങ്ങിയ ബിൽ ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോഴും കെസിബിസിയും സിബിസിഐയും ഇറക്കിയ പ്രസ്താവനകൾ അനുസ്മരിച്ച് മുനമ്പത്തെ 'ക്രൈസ്തവരുടെ പ്രശ്നം' ഹൈലൈറ്റ് ചെയ്‌തെന്നും പരിഹാസരൂപേണ പറയുന്നു.

655 പേജുള്ള ജെപിസി റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ല. മുൻകാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത്ഷായും കിരൺ റിജിജുവും ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്നത്തിനു പ്രതിവിധിയായി ബില്ലിൽ നിർദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡൻ എംപി ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോർജ് കുര്യനെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടിയിരുന്നു.

ബിജെഡി സഭാകക്ഷി നേതാവും എംപിയുമായ സസ്മിത് പാത്ര ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. സിബിസിഐയുടെ ആഹ്വാനം ചെവിക്കൊണ്ടാണ് താൻ ബില്ലിനെ പിന്താങ്ങിയതെന്ന് അദ്ദേഹം ഏറ്റുപറയുന്നുണ്ടെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.