തൃശ്ശൂർ: തലശ്ശേരിയിൽ സ്വകാര്യ ഫൈൻ ആർട്‌സ് കോളേജിന്റെ പേരിൽ പിരിച്ചെടുത്ത പണം തിരികെ നൽകാൻ ലളിതകലാ അക്കാദമി മുൻ സെക്രട്ടറി സ്വീകരിച്ച വളഞ്ഞ വഴി പുറത്ത്. കലാകാരൻമാർക്കായുള്ള ചികിത്സാസഹായ ഫണ്ടാണ് മുൻ സെക്രട്ടറിയായിരുന്ന എബി എൻ. ജോസഫ് വകമാറ്റി ചെലവഴിച്ചത്. അക്കാദമി ചെയർമാൻ മുരളി ചീരോത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ പണം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. മറ്റൊരു പരാതിയിൽ സെക്രട്ടറി പദവിയിൽനിന്ന് മാറ്റിനിർത്തപ്പെട്ട എബി എൻ. ജോസഫിൽനിന്ന് ഈ തുക തിരിച്ചുപിടിക്കാൻ അക്കാദമി നിർവാഹകസമിതി യോഗം തീരുമാനിച്ചുവെങ്കിലും നടപ്പായില്ല.
തലശ്ശേരിയിൽ 90 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കേരള സ്‌കൂൾ ഓഫ് ആർട്‌സിന്റെ ഭാഗമായി ഉപരിപഠനത്തിന് കേന്ദ്രം സ്ഥാപിക്കാനായിരുന്നു തീരുമാനം. സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന എബി എൻ. ജോസഫിന്റെ നേതൃത്വത്തിൽ ചിത്രകാരൻമാരിൽനിന്നും പൊതുജനങ്ങളിൽനിന്നും 17 ലക്ഷത്തോളം രൂപയാണ് പിരിച്ചെടുത്തത്. തലശ്ശേരിക്കടുത്ത് വള്ള്യായിൽ നാലു ഏക്കർ സ്ഥലം വാങ്ങിക്കാൻ രണ്ട് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കുകയും ചെയ്തു. ഒരു സെന്റിന്റെ വിലയായ 30,000 രൂപ വീതമാണ് ഓരോരുത്തരും നൽകിയത്. എന്നാൽ, അപ്രതീക്ഷിതമായി എബി എൻ. ജോസഫ് സ്ഥലം വാങ്ങുന്നതിൽനിന്ന് പിൻമാറിയതോടെ പണം നൽകിയ പലരും തിരികെ ചോദിച്ചുതുടങ്ങി. ഇത്തരത്തിൽ പണമാവശ്യപ്പെട്ട തലശ്ശേരിക്കാരനായ ചിത്രകാരന് അക്കാദമി ചികിത്സാ സഹായം ഒപ്പിച്ചുനൽകിയാണ് എബി എൻ. ജോസഫ് തലയൂരിയത്. 30,000 രൂപ നൽകാനുണ്ടായിരുന്നതിൽ ചികിത്സാസഹായമായി 25000 രൂപയാണ് തിരികെ നൽകിയത്. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യമുള്ള ചിത്രകാരനോട് ചികിത്സാസഹായം ആവശ്യപ്പെട്ട് കത്ത് നൽകാൻ എബി എൻ. ജോസഫ് നിർദേശിക്കുകയായിരുന്നു.
ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, കേരള സ്‌കൂൾ ഓഫ് ആർട്‌സ് മുൻ സെക്രട്ടറി സെൽവൻ മേലൂർ, എക്‌സിക്യുട്ടീവ് അംഗങ്ങളായ സുഹാസ് വേലാണ്ടി, കെ. സുരേന്ദ്രൻ, രാകേഷ് പുന്നോൾ എന്നിവരാണ് അക്കാദമി ചെയർമാൻ മുരളി ചീരോത്തിന് പരാതി നൽകിയത്. പിരിച്ചെടുത്ത ഫണ്ടിൽനിന്ന് നാലുലക്ഷം രൂപ എബി എൻ. ജോസഫ് ചെലവഴിച്ചതായും പണം തിരികെ ആവശ്യപ്പെട്ടവർക്ക് നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതിയിലുണ്ട്.
വ്യക്തിപരമായ കടം വീട്ടുന്നതിനായി അക്കാദമി നിർവാഹക സമിതിയെ തെറ്റിദ്ധരിപ്പിച്ച് നൽകിയ പണം എബി എൻ. ജോസഫിൽനിന്ന് തിരികെ പിടിക്കണം എന്നാണ് അക്കാദമി തീരുമാനിച്ചത്. എന്നാൽ, പണം എങ്ങനെ ഈടാക്കുമെന്ന കാര്യത്തിൽ അക്കാദമിക്ക് വ്യക്തതയില്ല. സർക്കാരാണ് ഇനിയുള്ള തീരുമാനമെടുക്കേണ്ടതെന്നാണ് അക്കാദമി അധികൃതർ പറയുന്നത്.
Content Highlights: Former Lalit Kala Akademi Secretary AB N. Joseph allegedly diverted funds meant for artists` welfare to repay personal debts. An investigation revealed the misappropriation, raising questions about accountability.
Published: 08 Feb 2026, 10:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented