
കോഴിക്കോട്: ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസംകേന്ദ്രമാക്കാനുള്ള ചുവടുവെപ്പിന്റെ ഭാഗമായി ദ്വീപിലെ അഗത്തിയിൽ ആദ്യമായി കസ്റ്റംസ് സ്റ്റേഷൻ വരുന്നു. തിങ്കളാഴ്ച കസ്റ്റംസ് സ്റ്റേഷന്റെ പ്രവർത്തനമാരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്കും കപ്പലുകൾക്കും ലക്ഷദ്വീപിലേക്ക് നേരിട്ട് എത്താൻ കഴിയും.
അഗത്തിയിൽ വിമാനത്താവളമുണ്ടെങ്കിലും ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് കസ്റ്റംസ് സ്റ്റേഷൻ വരുന്നതെന്ന് കേരള-ലക്ഷദ്വീപ് കസ്റ്റംസ് ആൻഡ് സിജിഎസ്ടി ചീഫ് കമ്മിഷണർ എസ്.കെ. റഹ്‌മാൻ പറഞ്ഞു.
ലക്ഷദ്വീപിനോടുചേർന്ന് അന്താരാഷ്ട്രകപ്പലുകൾ പോവുന്നുണ്ടെങ്കിലും അഗത്തിയിൽ പ്രവേശിക്കാനോ നങ്കൂരമിടാനോ കഴിയില്ല.
കസ്റ്റംസ് പരിശോധനയ്ക്ക് സംവിധാനമില്ലാത്തതാണ് അതിനുള്ള പ്രധാനതടസ്സം. കവരത്തിയിലും അഗത്തിയിലും ലക്ഷദ്വീപ് പോലീസ് നിയന്ത്രിക്കുന്ന എമിഗ്രേഷൻകേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച എല്ലാസൗകര്യങ്ങളോടെയുമുള്ള കസ്റ്റംസ് സ്റ്റേഷൻ പ്രവർത്തനംതുടങ്ങുന്നതോടെ ചരിത്രപരമായ നാഴികക്കല്ലാണ് ലക്ഷദ്വീപ് പിന്നിടുന്നത്. കൂടുതൽ അന്താരാഷ്ട്രകപ്പലുകൾ എത്തുന്നതോടെ ലക്ഷദ്വീപ് ലോകശ്രദ്ധയാകർഷിക്കുന്ന ടൂറിസംകേന്ദ്രമായി വളരും. കേരളവുമായി ബന്ധമുള്ള പ്രദേശമെന്നനിലയിൽ അന്താരാഷ്ട്രസർവീസുകൾ ആരംഭിക്കുന്നത് കേരളത്തിനും പ്രയോജനംചെയ്യുമെന്ന് കസ്റ്റംസ് ചീഫ് കമ്മിഷണർ പറഞ്ഞു.
ലക്ഷദ്വീപിലെ മറ്റുദ്വീപുകളെ അപേക്ഷിച്ച് തന്ത്രപ്രധാനമേഖലയും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന സൗകര്യങ്ങളുള്ള കേന്ദ്രവുമെന്നനിലയിലാണ് അഗത്തിയെ തിരഞ്ഞെടുത്തത്. കപ്പൽ സർവീസിനുപുറമേ ഭാവിയിൽ അഗത്തിയിലേക്ക് ടൂറിസ്റ്റുകൾക്കായി ചെറുവിമാനങ്ങളുപയോഗിച്ചുള്ള അന്താരാഷ്ട്രസർവീസുകൾ തുടങ്ങുന്നതിനുള്ള സാധ്യതയ്ക്കാണ് ഇത് വഴിയൊരുക്കുന്നത്. അഗത്തിയിലെ കസ്റ്റംസ് സ്റ്റേഷനുപുറമേ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര കൊറിയർ സർവീസ് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
മരുന്നുകൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ കൊച്ചി വിമാനത്താവളത്തെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത്. ആ പ്രശ്നം പരിഹരിക്കപ്പെടുകയാണെന്നും പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളോടെ കസ്റ്റംസിന്റെ പുതിയ ഓഫീസും പ്രവർത്തനമാരംഭിക്കുന്നുണ്ട്.
Content Highlights: Lakshadweep Gets 1st Customs Station in Agatti
Published: 18 Sept 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented