അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള ട്രംപ് സർക്കാരിന്റെ നടപടി പ്രക്ഷോഭത്തിന് വഴിവെച്ചതോടെ ലോസ് ആഞ്ജലിസിലെ മലയാളിസമൂഹം ആശങ്കയിൽ. 1500-ലധികം കുടുംബങ്ങൾ നഗരപ്രദേശത്തുണ്ട്. ഒരാഴ്ചയായിട്ടും അക്രമത്തിന് അറുതിവരാത്തതിനാൽ പലരും വീടിനു പുറത്തിറങ്ങുന്നില്ല. പ്രക്ഷോഭമേഖലയിലെ യാത്ര ഒഴിവാക്കി മറ്റു മാർഗങ്ങൾ തേടുന്നവരുമുണ്ട്. പക്ഷേ, ചെലവ് അധികമാകുമെന്നതാണ് പ്രശ്നം. ഓഫീസുകളിലേക്കു പോകാനും കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാനും ഭയമാണ്. അക്രമത്തെത്തുടർന്ന് പ്രധാന ഹൈവേകൾ അടച്ചതും പ്രതിസന്ധിയായി.
കാലിഫോർണിയയിലെ 20 നഗരങ്ങൾക്കുപുറമേ ഷിക്കാഗോയിലേക്കും ന്യൂയോർക്കിലേക്കും പ്രതിഷേധം വ്യാപിച്ചു. സിമന്റ്കട്ട വലിച്ചെറിഞ്ഞ പ്രക്ഷോഭകരെ റബ്ബർ ബുള്ളറ്റുകൊണ്ടാണ് പോലീസ് നേരിട്ടത്.ടെമ്പിൾ സ്ട്രീറ്റ് മുതൽ ലോസ് ആഞ്ജലിസ് സ്ട്രീറ്റ് വരെയും ഇതിനോടുചേർന്നുള്ള ഫെഡറൽ ഓഫീസുകൾക്ക് സമീപവുമാണ് പ്രക്ഷോഭം കേന്ദ്രീകരിച്ചിരിക്കുന്നത്. ലോസ് ആഞ്ജലിസ് നഗരത്തിൽക്കൂടി കടന്നുപോകുന്ന 101, 110 ഹൈവേകളിലെ വാഹനഗതാഗതം സമരക്കാർ തടഞ്ഞിരുന്നു. ഫെഡറൽ ഓഫീസുകൾക്ക് ദേശീയ സുരക്ഷാ സേന കാവലുണ്ട്. പ്രത്യേക മറീനുകളും രംഗത്തിറങ്ങി.
ലോസ് ആഞ്ജലിസിൽ കർഫ്യൂ
ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരേ ശക്തിയാർജിച്ച ലോസ് ആഞ്ജലിസിലെ പ്രക്ഷോഭം ദേശീയസുരക്ഷാസേനയും മറീനുകളും ഇറങ്ങിയിട്ടും ശമനമില്ലാതെ തുടരുന്നു. വ്യാപകകൊള്ളയും നശീകരണവും റിപ്പോർട്ട് ചെയ്തതോടെ മേയർ കാരെൻ ബാസ് നഗരഹൃദയത്തിലെ 2.5 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
23 കടകളാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. സൈന്യത്തെ ഇറക്കി ട്രംപ് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയാണെന്ന് മേയർ ആരോപിച്ചു. തിങ്കളാഴ്ച രാത്രി പോലീസ് സമരക്കാർക്കുേനരേ പുകബോംബുകളും റബ്ബർബുള്ളറ്റും പ്രയോഗിച്ചു. ചൊവ്വാഴ്ചമാത്രം 195 അറസ്റ്റുണ്ടായി.
അക്രമാസക്തരായ പ്രക്ഷോഭകാരികളിൽനിന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലിസിനെ മോചിപ്പിക്കാനാണ് നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കിയതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ആ മോചനം ആവശ്യമില്ലെന്ന് നഗരവാസികൾ തിരിച്ചടിച്ചു. വേണ്ടിവന്നാൽ 1807-ലെ കലാപനിയമം പ്രയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഫോർട്ട് ബ്രാഗിൽ കരസേനയുടെ 250-ാം വാർഷികാഘോഷത്തിൽ സംസാരിക്കവേയാണ് ഇതുപറഞ്ഞത്. “അമേരിക്കൻ നഗരത്തെ കീഴ്പ്പെടുത്താനും െെകയടക്കാനും അധിനിവേശ, വിദേശശത്രുക്കളെ ഞങ്ങൾ അനുവദിക്കില്ല” -ട്രംപ് പറഞ്ഞു. പ്രതിഷേധക്കാരെ മൃഗങ്ങളെന്നും വിളിച്ചു. യുഎസിൽ സായുധകലാപമോ ആഭ്യന്തരയുദ്ധമോ ഉണ്ടായാൽ സായുധസേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണത്.
രാജ്യത്ത് ജനാധിപത്യം അതിക്രമം നേരിടുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. ട്രംപ് സൈന്യത്തെ വിന്യസിച്ചത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫെഡറൽ കോടതിയിൽ അടിയന്തരഹർജി നൽകി.
അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി കുടിയേറ്റകാര്യവിഭാഗം നടത്തിയ വ്യാപകറെയ്ഡാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രതിഷേധം തുടങ്ങാൻ കാരണം. പ്രക്ഷോഭം അടിച്ചമർത്താൻ നാഷണൽ ഗാർഡിലെ 4000 പേരെയും 700 മറീനുകളെയുമാണ് ട്രംപ് ഇറക്കിയിരിക്കുന്നത്.
(ലോസ് ആഞ്ജലിസിൽ പ്രാദേശികഭരണവിഭാഗത്തിലെ മാനവ വിഭവശേഷി വിഭാഗത്തിലാണ് മല്ലപ്പള്ളി സ്വദേശിയായ ലേഖകൻ പ്രവർത്തിക്കുന്നത്)
Content Highlights: la riots curfew malayali people situations
Published: 12 Jun 2025, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented