കൊച്ചി: എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ  അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. സിപിഐഎം കൗണ്‍സിലര്‍ കല രാജു യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതോടെ ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണം ഉയര്‍ന്നു.  എന്നാൽ പിന്നീട് കല രാജുവിനെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്തി. 

To advertise here,

നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കെത്തിയ സി.പി.എം. അംഗത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ കടത്തിക്കൊണ്ടു പോയി എന്നതായിരുന്നു പരാതി. തന്നെ തട്ടിക്കൊണ്ടു പോയതല്ലന്ന് കലാരാജു പ്രതികരിച്ചാല്‍ കേസ് ഇല്ലാതെയാകും. എന്നാല്‍ സംഭവം സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.

യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഐഎമ്മിന്റെ ഒരു കൗണ്‍സിലറും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ സാന്നിധ്യത്തില്‍ യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരെയടക്കം ആക്രമിക്കുകയും ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ സിപിഐഎം കൗണ്‍സിലര്‍ കലാരാജുവിനെ കടത്തിക്കൊണ്ടു പോവുകയും ആയിരുന്നു എന്നാണ് പരാതി ഉയര്‍ന്നത്. ഞങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നു കാണിച്ച്  പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും കൗണ്‍സിലര്‍ ബോബന്‍ വര്‍ഗീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

വനിതാ കൗണ്‍സിലര്‍മാര്‍ക്കടക്കം വലിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ച്  എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍  എത്തിയിരുന്നു.