
മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ പരസ്പരം ട്രോളിയും പരിഹസിച്ചും കെ.ടി ജലീൽ എംഎൽഎയും പികെ അബ്ദുറബ്ബും പോസ്റ്റുകള്‍ തുടരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായിട്ടാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എംഎൽഎ രംഗത്തെത്തിയത്. കെ.ടി ജലീലിനെതിരേ ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു പികെ അബ്ദു റബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിന് അതേ നാണയത്തിൽ തന്നെ മറുപടിയുമായിട്ടാണ് കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാൻ പോയിട്ടില്ലെന്ന പി.കെ അബ്ദു റബ്ബിന്റെ പരിഹാസത്തിന് 'തലയിൽ മുണ്ടിട്ട്' ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ എന്നായിരുന്നു കെ.ടി ജലീലിന്റെ മറുപടി.
ലോകകേരള സഭയിൽനിന്ന് യു.ഡി.എഫ്. വിട്ടുനിന്നതിന് പിന്നാലെയാണ് വാക്പോര് ആരംഭിച്ചതെങ്കിലും പിന്നീട്, മുസ്ലിം ലീഗ്, കെ.എം. ഷാജിയുടെ എം.എ. യൂസഫലിയ്ക്കെതിരായ പരാമർശം, സാദിഖലി തങ്ങളുടെ പരാമർശം, ഗംഗ എന്ന പേരുള്ള വീടിനെ ചൊല്ലിയുള്ള വിവാദം എല്ലാം വാക്പോരിൽ കടന്നുവന്നു. പിന്നീട് കെ.ടി ജലീലിനെതിരെ നെടുനീളൻ പോസ്റ്റുമായി പി.കെ അബ്ദു റബ്ബ് രംഗത്തെത്തി. ഇതിനെതിരെയാണ് ഇപ്പോൾ കെ.ടി ജലീലിന്റെ മറുപടി പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
റബ്ബാണ് റബ്ബേ റബ്ബ്!
ഗംഗയിൽ നിന്ന് പോയ മെസ്സേജുകൾ വിശുദ്ധ ഖുർആനും റംസാൻ കിറ്റുകളും വിതരണം ചെയ്യാൻ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ. അല്ലാതെ ആരുടെയും ശരീര ലാവണ്യം വർണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ. ഗംഗയിൽ നിന്ന് ഒഴുകിയ സന്ദേശങ്ങളിൽ ഒരു "ലൗ" ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാൽ റബ്ബിനറിയാം റബ്ബേ. "തലയിൽ മുണ്ടിട്ട്" ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ ഉയർത്തി അമ്പെയ്ത് വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിൻമാറിയില്ലേ റബ്ബേ.
തന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയിൽ ചതിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും ജനകീയ കോടതിയിൽ ജയിച്ചു വന്നില്ലേ റബ്ബേ. കള്ളച്ചൂതിന് ഒരുമ്പെട്ട 'യുവസിങ്കം' താനൂർ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന വർഗീയ മുദ്രാവാക്യം മുഴക്കിയ സിമിയിൽ നിന്ന് നേർബുദ്ധി തോന്നിയപ്പോൾ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ. അതേ സിമിയുടെ നേതാവായ സമദാനി ലീഗിൻ്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓർമ്മയില്ലേ റബ്ബേ. എക്സ്പ്രസ് ഹൈവേയുടെ പേരിൽ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാർക്കും ബന്ധുക്കൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, യുഡിഎഫ് ഒളിച്ചു കളി നടത്തിയപ്പോൾ അതിനെയല്ലേ ശക്തിയുക്തം എതിർത്തത് റബ്ബേ.
ഇഹലോകത്ത് നൻമ ചെയ്യുന്ന എല്ലാവർക്കുമാണ് സ്വർഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയർത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാൻ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ. യുഡിഎഫ് സർക്കാരിന്റെ അഴിമതികൾക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ! 25 കൊല്ലം എംഎൽഎ ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാൻ കഴിയാതെ പാർലമെന്ററി ജീവിതം അവസാനിപ്പിച്ചതിൽ എന്തു മഹത്വമിരിക്കുന്നു റബ്ബേ. സ്വാശ്രയ മെഡിക്കൽ കോളേജിൽ പി.ജി സീറ്റ് വർധിപ്പിച്ച് സ്വന്തം മകന്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാൽ ബാപ്പ തന്നെയാണ് റബ്ബേ!
'റബ്ബാണ് റബ്ബേ റബ്ബ്'.
Content Highlights: kt jaleel reply facebook post against pk abdu rabb
Published: 20 Jun 2022, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented