
തിരുവനന്തപുരം: മൂകാംബികയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ രണ്ട് ദിവസമായിട്ട് പലരും പങ്കുവെക്കുന്നത്.
യഥാര്‍ഥത്തില്‍ ബസ് ഗോവയിലെത്തിയോ, അതോ മൂകാംബികയില്‍ തന്നെയാണോ എത്തിയത്, വഴിതെറ്റിയോ, ഈ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് പ്രതികരിക്കുകയാണ് സ്വിഫ്റ്റ് അധികൃതര്‍. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മൂകാംബികയിലേക്ക് പോയ ബസാണ് വഴിതെറ്റി ഗോവയിലെത്തി എന്ന തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും പ്രചരിച്ചത്.
ബസിന് വഴിതെറ്റിയിരുന്നു, ഗോവയിലേക്ക് പോകുന്ന വഴിയിലൂടെ കുറച്ചു ദൂരം പോയപ്പോൾ തന്നെ ഡ്രൈവർക്ക് വഴിതെറ്റി എന്ന് മനസ്സിലാകുകയും ബസ് തിരിക്കുകയുമായിരുന്നു. യാത്രക്കാർ പുറത്തുനോക്കിയപ്പോൾ കടല്‍ കാണുകയും ചെയ്തു. അതിനെ ചുറ്റിപ്പറ്റിയാണ് ഇങ്ങനെയൊരു വാസ്തവവിരുദ്ധമായ വാര്‍ത്ത പ്രചരിച്ചതെന്നും അധികൃതര്‍ പറയുന്നു.
കുന്ദാപുരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഗോവയും വലത്തോട്ട് തിരിഞ്ഞാൽ മൂകാംബികയുമാണ്. എന്നാൽ ഡ്രൈവർ ഇടത്തോട്ടുള്ള വഴിയിലേക്ക് തിരിച്ചു. പത്തോ പതിനഞ്ചോ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ തന്നെ വഴിതെറ്റി എന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് തിരിക്കുകയും ചെയ്തു. പുലർച്ചെ ആയിരുന്നു സംഭവമെന്നും സ്വിഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി.
ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാലും ഓടിയെത്തിയ കിലോമീറ്റര്‍ തിട്ടപ്പെടുത്തിയും ബസ്സില്‍ സഞ്ചരിച്ച യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷവുമാണ് ഗോവ കഥ കെട്ടുകഥയാണെന്ന് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു
Content Highlights: ksrtc swift statement about travel to Goa instead of Mookambika
Published: 14 May 2022, 02:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented