കട്ടപ്പന: ഒന്നരമാസമായി ശമ്പളം മുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ ബസ് സ്റ്റാൻഡിൽ ചെണ്ടകൊട്ടി ഭിക്ഷയെടുത്ത് സമരം നടത്തി. കെ.എസ്.ടി.എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് കട്ടപ്പന ഡിപ്പോയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് വ്യത്യസ്തമായ സമരം അരങ്ങേറിയത്.

To advertise here,

കെ.എസ്.ആർ.ടി.സി. ടെർമിനൽ ഭാഗത്തുനിന്ന് തുടങ്ങിയ സമരം സ്റ്റാൻഡിലെ എല്ലാ സ്ഥലങ്ങളിലും നടത്തി. ശമ്പളം മുടങ്ങിയതോടെ കുട്ടികളുടെ പഠനവും മാതാപിതാക്കളുടെ ചികിത്സയും മുടങ്ങുന്ന അവസ്ഥയാണ്. വീട്ടുചെലവുകൾക്കും വകയില്ലാതായി. കഴിഞ്ഞ മാസം 240 കോടി രൂപയിലധികം വരുമാനം ലഭിച്ചു. 85 ശതമാനത്തിൽ കൂടുതൽ ഡിപ്പോകളും ലാഭത്തിലായെന്ന് വകുപ്പുമന്ത്രി അവകാശപ്പെടുന്നു.

ഒന്നാംതീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, 45 ദിവസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ പി.കെ.പ്രകാശ്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി പി.വി. ജോണി എന്നിവർ പറഞ്ഞു.