കോട്ടയം: ആരേയും ബുദ്ധിമുട്ടിക്കാനോ ശല്യപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ വേണ്ടിയായിരുന്നില്ല തന്റെ പ്രതിഷേധമെന്ന്, ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ചതിന് സ്ഥലംമാറ്റം നടപടി നേരിട്ട കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടര്‍ അഖില എസ്. നായര്‍. ശമ്പളം കിട്ടാതെ വീട്ടിലെ കാര്യങ്ങള്‍ നടക്കില്ല. പത്താം തീയതി കഴിഞ്ഞപ്പോഴും ശമ്പളം കിട്ടാതായതോടെയാണ് പ്രതിഷേധിച്ചതെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

ആരേയും ബുദ്ധിമുട്ടിക്കാതെയും വലിയ ബഹളമുണ്ടാക്കാതെയും വേറിട്ടൊരു പ്രതിഷേധത്തിനാണ് ശ്രമിച്ചത്. ബസിന് കല്ലെറിഞ്ഞും തീയിട്ടുമടക്കം പ്രതിഷേധങ്ങള്‍ നടക്കാറുണ്ട്. താന്‍ ഇതൊന്നും ചെയ്തിട്ടില്ല. തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്തുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും അവര്‍ പറഞ്ഞു. സ്ഥലംമാറുന്നതില്‍ യാതൊരു മടിയുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്ക് കയറുമ്പോള്‍ തന്നെ എത് ഡിപ്പോയിലും ജോലി ചെയ്യാന്‍ നമ്മള്‍ സന്നദ്ധരാണ്. അതിലൊരുമടിയുമില്ല. പക്ഷേ, പ്രതിഷേധത്തിന്റെ പേരിലെ നടപടിയായതിനാലാണ് ബുദ്ധിമുട്ട് തോന്നുന്നത്.', അഖില വ്യക്തമാക്കി.

'ശമ്പളം കിട്ടാതെ വീട്ടിലെ കാര്യങ്ങള്‍ നടക്കില്ല. എത്രപേരോട് മറുപടി പറയണം? പത്രക്കാരനോടും പാല്‍ക്കാരനോടും പലചരക്കുകടക്കാരനോടും സ്‌കൂളിലെ ഫീസുമടക്കം ഒരുപാട് പേരോട് മറുപടി പറയുകയും ഒരു ദിവസത്തേക്കാണെങ്കിലും നാളെ തരാം എന്ന് പറയുകയും ചെയ്യേണ്ടുന്ന അവസ്ഥ കെ.എസ്.ആര്‍.ടി.സിയിലെ 26,000 ജീവനക്കാര്‍ക്കുമുണ്ട്. കൂടുതല്‍പ്പേരും ഈ വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും', അഖില ചൂണ്ടിക്കാട്ടി.

ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് കുത്തി പ്രതിഷേധിച്ചതിന് കഴിഞ്ഞ ദിവസം അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. അഖിലയുടെ നടപടി സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.