കൊല്ലം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസിന്റെ പേരിൽ യാത്രക്കാരിൽനിന്ന് തുക ഈടാക്കുന്നതു തുടർന്ന് കെ.എസ്.ആർ.ടി.സി. 15 രൂപമുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്നശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരിൽനിന്നാണ് 11 രൂപവരെ അധികമായി ഈടാക്കുന്നത്. 12 വർഷമായി ഇതു തുടരുകയാണ്. 2020 ഡിസംബർമുതൽ ഓർഡിനറി ബസുകളിൽ 49 രൂപവരെയുള്ള ടിക്കറ്റിന് സെസ് പിരിക്കുന്നില്ല.
2014-ലാണ് കെ.എസ്.ആർ.ടി.സി. യാത്രക്കാരിൽനിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷുറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹികസുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ ഒരുരൂപമുതൽ 10 രൂപവരെ സെസ് പിരിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. കോർപ്പറേഷന്റെ പെൻഷൻ ഫണ്ടിലേക്ക് 164 കോടി രൂപ ഇതുവഴി സമാഹരിക്കാനും യാത്രക്കാർക്ക് അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും സെസ് പിരിവിലൂടെ ഉദ്ദേശിച്ചിരുന്നു.
ഡീസൽവിലയിലെ വർധനമൂലം കെ.എസ്.ആർ.ടി.സി.ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ. സെസ് വാങ്ങാൻ തുടങ്ങിയതോടെ, ഒരേ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി.ബസുകളിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കുകളായി. പിന്നീട് ഡീസൽവില അഞ്ചു രൂപവരെ കുറഞ്ഞതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു. നിരക്ക് കൂടിയ കെ.എസ്.ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ ഓർഡിനറി, സിറ്റി ഫാസ്റ്റ്, ജെൻറം, നോൺ എ.സി. ബസുകളിൽ 49 രൂപവരെയുള്ള യാത്രാടിക്കറ്റുകളിൽ ചുമത്തിയിരുന്ന സെസ് 2020 ഡിസംബർ 23 മുതൽ ഒഴിവാക്കിയിരുന്നു. അന്ന് ആറുമാസത്തേക്കാണ് സെസ് ഒഴിവാക്കിയതെങ്കിലും, ഉത്തരവില്ലാതെതന്നെ തുടരുകയായിരുന്നു. സെസ് ഒഴിവാക്കിയതിന് ഗതാഗതവകുപ്പ് സെക്രട്ടറി സാധൂകരണം നൽകി ഉത്തരവിറക്കിയത് ഈമാസം 11-നാണ്.
ഫാസ്റ്റ് പാസഞ്ചർ ബസുകളിലും മറ്റും 15 മുതൽ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്കു മുകളിലെ ടിക്കറ്റിന് 11 രൂപയാണ് പരമാവധി സെസ്. സ്ഥിരം യാത്രക്കാരെയും ദീർഘദൂര യാത്രക്കാരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. സ്ത്രീകൾക്ക് യാത്രാസൗജന്യം നടപ്പാക്കിയതിനു പിന്നാലെ സെസ് പിരിവുകൂടി അവസാനിപ്പിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Content Highlights: KSRTC continues to charge a cess of up to 11 rupees on higher-tier bus tickets., The cess collection persists despite government initiatives for free travel for women on ordinary buses., The policy, originally intended for insurance and pension funds, remains a financial burden for long-distance commuters., Recent government orders have formalized the exemption of cess on ordinary bus tickets up to 49 rupees.
Published: 15 Jun 2026, 08:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented