തിരുവനന്തപുരം: യൂണിറ്റിന് 10 രൂപ വിലയുള്ള വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. മേയ് 15 വരെ 250 മെഗാവാട്ട് വാങ്ങാനാണ് അനുമതി. കടുത്ത വൈദ്യുതിക്ഷാമം കണക്കിലെടുത്താണ് തീരുമാനം. വേനലിൽ വൈദ്യുതി ആവശ്യം കൂടുമെന്ന് അറിയാമായിരുന്നിട്ടും വേണ്ട ആസൂത്രണം നടത്താൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. വൈദ്യുതി വാങ്ങൽ ആസൂത്രണംചെയ്യുന്ന ഉദ്യോഗസ്ഥർ യാഥാർഥ്യങ്ങൾ വിലയിരുത്താൻ മനസ്സിരുത്തുന്നില്ലെന്ന ഗുരുതര വിമർശനവും കമ്മിഷൻ നടത്തി.
കമ്മിഷൻ അനുമതി നൽകിയെങ്കിലും രാജ്യത്താകെ വൈദ്യുതി ആവശ്യകത കൂടിയതിനാൽ കേരളത്തിന് വൈദ്യുതി ലഭിക്കുമോ എന്നും ആശങ്കയുണ്ട്. ചൂടുകൂടിയതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത സർവകാല റെക്കോഡിലാണ്. വെള്ളിയാഴ്ച 252 ജിഗാവാട്ട് ആണ് രാജ്യത്ത് വേണ്ടിവന്നത്.
എന്നാൽ, കൂടിയവില നൽകുന്നതിനാൽ വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി. 10 രൂപയ്ക്ക് പുറമേ വിപണി സാഹചര്യം വിലയിരുത്തി അഞ്ചുപൈസവരെ അധികം നൽകാനും കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. ഇത് കേരളത്തിലെത്തുമ്പോൾ യൂണിറ്റിന് 10.55 പൈസവരെയാകും.
കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ കെഎസ്.ഇ.ബി.യുടെ വീഴ്ചകളെപ്പറ്റി ഗുരുതരമായ നിരീക്ഷണങ്ങളുണ്ട്. അപേക്ഷയിലോ അതു സംബന്ധിച്ച തെളിവെടുപ്പിലോ വിവിധ വിഭാഗം മേധാവികൾ മനസ്സിരുത്തിയതായി കാണുന്നില്ലെന്നാണ് പ്രധാന വിമർശം. 2024- ലെ വേനൽക്കാലത്ത് ഇതുപോലെ പ്രതിസന്ധിയുണ്ടായി. അന്നത്തെ അനുഭവം കെ.എസ്.ഇ.ബി.ക്ക് ഉണ്ടാകേണ്ടതായിരുന്നു.
സാഹചര്യങ്ങൾ കൃത്യതയോടെ നിരീക്ഷിച്ച് രാത്രികാല ഉപഭോഗം കുറയ്ക്കാനുള്ള പ്രചാരണം കെഎസ്.ഇ.ബി. നടത്തിയില്ല. സാഹചര്യങ്ങൾ നിരീക്ഷിച്ചിരുന്നെങ്കിൽ നേരത്തേതന്നെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൈമാറ്റക്കരാറുകൾ ഉണ്ടാക്കാമായിരുന്നു. ആവശ്യപ്പെട്ട പല വിവരങ്ങളും കെ.എസ്.ഇ.ബി. നൽകിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.
മേയ് 31-വരെ ദിവസേനയുള്ള സ്ഥിതി വിലയിരുത്തി കെ.എസ്.ഇ.ബി. ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകാനുള്ള സംവിധാനം ഏർപ്പെടുത്താനും കമ്മിഷൻ ആവശ്യപ്പെട്ടു. വേനൽമഴ കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ അല്പം കുറവ് വന്നിട്ടുണ്ട്. ശനിയാഴ്ച 5770 മെഗാവാട്ട് ആയിരുന്നു ആവശ്യകത. കഴിഞ്ഞദിവസങ്ങളിൽ ഇത് 6000 മെഗാവാട്ടിൽ കൂടുതലായിരുന്നു.
Content Highlights: Regulatory Commission approved power purchase at Rs 10 per unit until May 15., KSEB criticized for poor planning and failure to anticipate summer demand., Total cost including surcharges could reach Rs 10.55 per unit., The commission mandates daily reporting on power status until May 31., Nationwide power demand reaching record highs impacts availability.
Published: 27 Apr 2026, 06:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented