കണ്ണൂർ: ‘‘രത്തൻ ഒരു നല്ല കൂട്ടാണ്. ദിവസവും രാവിലെ അദ്ദേഹം എന്റെ താമസസ്ഥലത്തെത്തും. ഞങ്ങൾ ഒരുമിച്ച് ഒരുകാറിലാണ് ലാബിലേക്കുള്ള യാത്ര. എന്റെ കാറും ഡ്രൈവറും തൊട്ടുപിറകിൽ ഞങ്ങളെ അനുഗമിക്കുകയാണ് പതിവ്. അതെനിക്ക് നിർബന്ധമായിരുന്നു. കാരണം യാത്രയ്ക്കിടയിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ വാക്‌തർക്കവും വഴക്കുമുണ്ടാകും. അത്തരം ഘട്ടങ്ങളിൽ വണ്ടിനിർത്തിച്ച് ഞാനെന്റെ കാറിൽ കയറി യാത്രതുടരുകയാണ് ചെയ്തിരുന്നത്’’. മറ്റുള്ളവർക്ക് അധികമറിയാത്ത രത്തൻ ടാറ്റയെ മലയാളിക്ക് പരിചയപ്പെടുത്തിയത് കെ.പി.പി.നമ്പ്യരാണ്.

To advertise here,

കെൽട്രോണിന്റെ ആദ്യ ചെയർമാനും ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് മുൻപേ നടന്ന മലയാളിയുമായ നമ്പ്യാരും രത്തൻ ടാറ്റയും അടുത്ത സുഹൃത്തുക്കളായിരുന്നു. നെൽകോയിൽ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു ഇരുവരുടെയും തല്ലുകൂടിയുള്ള യാത്ര. കമ്പനിയുടെ നയങ്ങളെയും സാങ്കേതിക കാര്യങ്ങളെയും കുറിച്ചുള്ള സംസാരമായിരുന്നു ശണ്ഠയോളം വളർന്നത്.

‘‘ടാറ്റയുടെ കമ്പനിയായ നെൽകോയിൽ ജ്യേഷ്ഠൻ റിസർച്ച് ഡിവലപ്‌മെന്റ് വിഭാഗം തലവനായിരിക്കുമ്പോഴാണ് രത്തൻ അവിടെ ട്രെയിനിയായി വന്നത്’’. കെ.പി.പി.നമ്പ്യാരുടെ സഹോദരനും കെൽട്രോൺ കണ്ണൂർ യൂണിറ്റ് മുൻ എം.ഡി.യുമായ കെ.പി.എൻ.കുട്ടി ഓർക്കുന്നു. അതേക്കുറിച്ചും ആത്മകഥയായ ‘സഫലം കലാപഭരിത’ത്തിൽ കെ.പി.പി. നമ്പ്യാർ എഴുതിയിട്ടുണ്ട്.

റേഡിയോ കമ്പോളത്തിൽ മറ്റു കമ്പനികളുമായി ഫലപ്രദമായി മത്സരിക്കാൻ സെറ്റുകളുടെ ചമയത്തിലും രൂപകല്പനകളിലും പരിഷ്കാരങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ‘‘ഒരുദിവസം ടാറ്റയിലെ എക്സിക്യൂട്ടീവായിരുന്ന ദിലീപ് മത്തായി ഒരു യുവാവിനെയും കൊണ്ട് എന്റെ ലാബിൽ കടന്നുവന്നു. ജവാഹർലാൽ നെഹ്‌റുവിന്റെ മന്ത്രിസഭയിൽ സാമ്പത്തികകാര്യ മന്ത്രിയായിരുന്ന ജോൺമത്തായിയുടെ മകനാണ് ദിലീപ്. ഇത് രത്തൻ, നേവൽ ഡി. ടാറ്റയുടെ മകൻ, ഇയാൾക്ക് നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്- ദിലീപ് പറഞ്ഞു. ആദ്യമായാണ് ഞാൻ രത്തൻടാറ്റയെ കാണുന്നത്. അന്നയാൾക്ക് 32 വയസ്സായിരുന്നു പ്രായം’’.

മൂന്നുവർഷത്തോളം രത്തൻ ടാറ്റ നെൽകോയിൽ റേഡിയോ ഡിസൈൻ രംഗത്ത് പ്രവർത്തിച്ചു. ‘‘മനോഹരമായ ചില മാതൃകകൾ അദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. അവയിൽ ഏറ്റവും വിജയകരമായതും വിപണിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും തൃപ്തി എന്ന മോഡലായിരുന്നു’’- കെ.പി.പി. നമ്പ്യാരുടെ ഓർമക്കുറിപ്പുകളിൽ പറയുന്നു. ജ്യേഷ്ഠനും രത്തൻ ടാറ്റയും തമ്മിലുള്ള സൗഹൃദം വഴിയാണ് ടാറ്റ ഗ്രൂപ്പ് കേരളത്തിലേക്കെത്തിയതെന്ന് കെ.പി.എൻ.കുട്ടി ഓർക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് കേരളത്തിൽ യാഥാർഥ്യമാകുന്നതിലുൾപ്പെടെ ആ സൗഹൃദം വലിയ പങ്കുവഹിച്ചു. എല്ലാവരോടും വളരെ സ്നേഹമുള്ളൊരാളായിരുന്നു രത്തൻ. ജ്യേഷ്ഠനൊപ്പം പലതവണ കണ്ടിട്ടുണ്ട് -കുട്ടി പറഞ്ഞു.