ഇരുപതുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കെ.പി.എ. മജീദ് കഴിഞ്ഞതവണ തിരൂരങ്ങാടിയിൽനിന്ന് നിയമസഭയിലെത്തിയത്. കൊണ്ടുവന്ന വികസനപദ്ധതികളെക്കുറിച്ചും പുതിയ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും എം.എൽ.എ. സംസാരിക്കുന്നു. വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിനോടും മനസ്സുതുറക്കുന്നു. കെ.പി.എ. മജീദുമായി 'മാതൃഭൂമി' ലേഖകരായ ഫഹ്‌മി റഹ്‌മാനി, ഷനീബ് മൂഴിക്കൽ എന്നിവർ നടത്തിയ അഭിമുഖത്തിൽനിന്ന്

To advertise here,

തിരൂരങ്ങാടിയിൽ എത്രത്തോളം വികസനപ്രവർത്തനങ്ങൾ നടത്താനായി

മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് 656 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ജില്ലയിൽതന്നെ ഏറ്റവും വലിയ തുകയുടെ വികസനപ്രവർത്തനങ്ങൾ എത്തിയ മണ്ഡലങ്ങളിലൊന്നാണിത്. പി.കെ. അബ്ദുറബ്ബ് തുടങ്ങിവെച്ച പദ്ധതികളുടെ തുടർപ്രവർത്തനങ്ങളും എളുപ്പത്തിലാക്കി. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലും നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം വർധിപ്പിക്കുന്നതിന് അഞ്ചുകോടി ചെലവിലുള്ള വെഞ്ചാലി-കുണ്ടൂർ എക്‌സ്പ്രസ് കനാൽ നിർമ്മാണം തുടങ്ങി. കുണ്ടൂർ തോട് നവീകരണത്തിന് 15.80 കോടിയുടെ പദ്ധതിക്ക് അനുമതിയായി. പരപ്പനങ്ങാടി കോടതിസമുച്ചയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുക തടസ്സപ്പെട്ടത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എം.എൽ.എ. എന്ന നിലയിൽ ബാർ കൗൺസിലുമായി ചേർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് തടസ്സം നീക്കിയത്. ഒ. ചന്ദുമേനോന്റെ സ്മരണയുള്ള കോടതിവളപ്പിൽ 25.56 കോടി ചെലവിൽ ഉയരുന്ന കോടതിസമുച്ചയം അവസാന മിനുക്കുപണികളിലാണ്.പരപ്പനങ്ങാടി തീരദേശത്ത് കടലാക്രമണം തടയുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്ന് 6.5 കോടി ചെലവിൽ പദ്ധതിയൊരുക്കി. ചെട്ടിപ്പടി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം പുരോഗതിയിലാണ്. ചിറമംഗലം റെയിൽവേ ഓവർബ്രിഡ്ജിനുള്ള നടപടികൾ പുരോഗതിയിലാണ്. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും പ്രാധാന്യം നൽകി. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ട് പാലത്തിനായി 22 കോടി രൂപ ലഭ്യമാക്കി നിർമാണത്തിന് തുടക്കം കുറിക്കാനായി. സയൻസ് പാർക്കിന്റെ തുടർപ്രവർത്തനങ്ങൾക്കായി ഒരു കോടി ലഭ്യമാക്കാനായി. ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തിന് തുകയനുവദിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 13.79 കോടി ചെലവിൽ കാഷ്വാലിറ്റി ബ്ലോക്ക് നിർമാണം പുരോഗതിയിലാണ്. ഒരു കോടി ചെലവിൽ ഡയാലിസിസ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നടപടികളായിട്ടുണ്ട്. വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് 51 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കക്കാട്, തിരൂരങ്ങാടി, ചെമ്മാട് തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നൂറു കോടിയുടെ വെന്നിയൂർ-പതിനാറുങ്ങൽ ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്. ബൈപ്പാസിനുളള സർവേ നടപടികൾ പൂർത്തിയായി.

സംതൃപ്തിയോടെയാണോ അഞ്ചുവർഷം പൂർത്തിയാക്കുന്നത്

പൂർണസംതൃപ്തിയോടെയാണ്. പ്രതീക്ഷിച്ചതിലേറെ വികസനം തിരൂരങ്ങാടിയിൽ കൊണ്ടുവരാനായി. എല്ലാ പാർട്ടിക്കാരും പരമാവധി സഹകരിച്ചു.

തീരദേശം സന്ദർശിച്ചപ്പോൾ ഒരു തവണ വലിയ പ്രതിഷേധമുയർന്നല്ലോ. വിഷമമുണ്ടാക്കിയോ

എന്നോടല്ലായിരുന്നു അവിടെ പ്രതിഷേധം. എന്റെ കൂടെയുള്ള ചിലർക്കെതിരേയാണ് എതിർപ്പുയർന്നത്. എന്നിട്ടും അവർ എന്റെയടുത്ത് വന്ന് മാപ്പ് പറഞ്ഞു. അതൊക്കെ രാഷ്ട്രീയത്തിൽ സ്വാഭാവികമാണെന്നും പ്രശ്നമില്ലെന്നുമാണ് ഞാൻ പറഞ്ഞത്. ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നടക്കണം. ഭരണത്തിന്റെ സാങ്കേതികക്കുരുക്ക് അവർ അറിയേണ്ടതില്ലല്ലോ.

അഞ്ചുതവണ മങ്കടയിലും ഇപ്പോൾ തിരൂരങ്ങാടിയിലും എം.എൽ.എ. ആയി. ഏറ്റവും മധുരമുള്ള വിജയം ഏതാണ്

നിയമസഭാംഗം എന്നതിനേക്കാൾ എന്നും എനിക്കിഷ്ടം സംഘടനാപ്രവർത്തനമാണ്. പാർട്ടി ഭാരവാഹിത്വമാണ് എന്റെ സ്വഭാവത്തിന് കൂടുതൽ യോജിക്കുന്നത്. അത് കൂടുതൽ ഉന്മേഷം തരും.

ഇപ്പോഴത്തെ സംസാരത്തിന് വിടവാങ്ങുന്ന ജനപ്രതിനിധിയുടെ സ്വരമാണല്ലോ ? ഇനി മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചോ

തിരൂരങ്ങാടിയിൽ എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയായി. ഇനിയും തുടരാൻ താൽപ്പര്യമില്ല. പക്ഷേ, അക്കാര്യം അന്തിമമായി തീരുമാനിക്കേണ്ടത് സംസ്ഥാന പ്രസിഡന്റാണ്.

മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചോ

ഞാനത് പുറത്തുപറയുന്നത് ശരിയല്ലല്ലോ. എന്തിനും തയ്യാറാണെന്ന് പറയാനേ പറ്റൂ. തിരൂരങ്ങാടിയിൽ എന്റെ ദൗത്യം പൂർത്തീകരിച്ചു. ബാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് തീരുമാനിക്കേണ്ടത്.

സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വീണ്ടും ഏറ്റെടുക്കാൻ പറഞ്ഞാൽ

അതൊന്നും ഇപ്പോൾ പറയേണ്ടതല്ല. ഏതുകാലത്തും പാർട്ടി പ്രവർത്തനരംഗത്തുണ്ടാകും. അത് 60 വർഷമായി ജീവിതത്തിന്റെ ഭാഗമാണ്.

മന്ത്രിയാകണമെന്ന് ആഗ്രഹമില്ലേ

മന്ത്രിമോഹമില്ല. ആഗ്രഹമുണ്ടായിരുന്നെങ്കിൽ നേരത്തേത്തന്നെ കിട്ടുമായിരുന്നു. അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടുമില്ല. എന്നെപ്പോലെ ഒരാൾക്ക് തരാവുന്ന എല്ലാ സൗകര്യങ്ങളും പാർട്ടി തന്നു. ആറു തവണ എം.എൽ.എ. ആക്കി. ചീഫ് വിപ്പാക്കി. ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി വർഷങ്ങൾ പ്രവർത്തിച്ചു. അതിനപ്പുറം എന്തുണ്ട് !

മങ്കടയിലും മഞ്ചേരിയിലുമായി രണ്ടു തവണ പരാജയപ്പെട്ടല്ലോ. അതിൽനിന്ന് പഠിച്ചതെന്താണ്

പൈസ വളരെ പ്രധാനമാണെന്ന് പഠിച്ചു. പണംകൊണ്ടല്ലാതെ മങ്കടയിൽ എന്നെ തോൽപ്പിക്കാൻ പറ്റില്ലായിരുന്നു. എന്നെക്കൊണ്ട് ഉപകാരം കിട്ടാത്തവർ അവിടെയുണ്ടാകില്ലെന്ന് പൂർണബോധ്യമുണ്ട്. പക്ഷേ, പണം തോൽപ്പിച്ചു. അന്നാണ് പണത്തിന്റെ സ്വാധീനം മനസ്സിലാക്കിയത്.

ലക്ഷ്മി

അത് അന്നത്തെ രാഷ്ട്രീയസാഹചര്യമായിരുന്നു. അന്ന് യു.ഡി.എഫിൽനിന്ന് ഇ. അഹമ്മദ് മാത്രമേ ജയിച്ചിട്ടുള്ളൂ.

ഇത്തവണ കൂടുതൽ സ്ത്രീകളും യുവാക്കളും സ്ഥാനാർഥികളാകുമെന്ന് കേൾക്കുന്നുണ്ടല്ലോ

അതിന് സീറ്റുകൾ ഒഴിവുവേണം. കുറേ എം.എൽ.എ.മാർ മാറിനിന്നാലല്ലേ മത്സരിപ്പിക്കാൻ കഴിയൂ. കുറെ പേർ സ്വയം മാറാൻ തയ്യാറായാൽ എളുപ്പമാണ്. അല്ലെങ്കിൽ പാർട്ടി ഒഴിവാക്കേണ്ടിവരും.

ഒരു ഘട്ടം കഴിഞ്ഞാൽ മാറിനിൽക്കണമെന്നാണോ

എന്നല്ല. സാഹചര്യങ്ങൾ എല്ലാവരും മനസ്സിലാക്കണം. മുപ്പതാം വയസ്സിൽ സീറ്റ് കിട്ടിയ ആളാണ് ഞാൻ. 1980-ൽ വന്നവർക്ക് ഇപ്പോൾ എത്ര വയസ്സായി ? ഇനി പുതിയ തലമുറയും വനിതകളും കടന്നുവരണം. അതിന് നിലവിലുള്ളവർ വഴിയൊരുക്കണം. പഴയ പല തലകളും ഉരുളണം.

ഇത്തവണ യു.ഡി.എഫ്. ഭരണം പിടിക്കുമോ

അതുറപ്പാണല്ലോ. സർക്കാരിനെതിരേ വലിയ ജനവികാരമുണ്ട്. ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നവരാണ് ഭരണം മാറണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നത്. ഒരേ സർക്കാർ തുടർച്ചയായി ഭരിക്കുന്നത് ഗുണകരമല്ലെന്ന് കേരളം പഠിച്ചു.