
കോഴിക്കോട്: ദേശീയ രാഷ്ട്രീയ ഭൂമികയിലെ വേറിട്ട വ്യക്തിത്വം എന്ന് കെ.പി. ഉണ്ണിക്കൃഷ്ണനെ ഒറ്റവാക്യത്തിൽ വിശേഷിപ്പിക്കാം. തലയെടുപ്പും ആകാരവും കൊണ്ടുതന്നെ ഏത് ആൾക്കൂട്ടത്തിലും ശ്രദ്ധാകേന്ദ്രമാവും. പണ്ഡിതനെങ്കിലും സൗമ്യനും മിതഭാഷിയുമാണ്. കോൺഗ്രസ് നേതൃത്വത്തിലെ നാല് തലമുറകളിലെ നേതാക്കളുമായി തോളുരുമ്മി നില്ക്കുമ്പോഴും ഉണ്ണിക്കൃഷ്ണന്റെ ഉള്ളിൽ ഒരു സോഷ്യലിസ്റ്റുണ്ടായിരുന്നു. ഭിന്നാഭിപ്രായങ്ങൾ തുറന്നടിക്കും - തന്റെ രാഷ്ട്രീയ നേട്ടങ്ങൾ കണക്കിലെടുക്കാതെ തന്നെ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയതിനാലാവാം അത്. റാം മനോഹർ ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ സ്വാധീനവും അതിന് കാരണമായിട്ടുണ്ട്.
ആറു പ്രാവശ്യം വടകരയെ പ്രതിനിധാനംചെയ്തു. ഇത് കേരളത്തിൽ ഒരു റെക്കോഡാണ്. സ്വന്തം മണ്ഡലത്തിന്റെ കാര്യം മാത്രം നോക്കി അവിടെ സദാ ചുറ്റിത്തിരിയുന്ന നേതാവായിരുന്നില്ല ഉണ്ണിക്കൃഷ്ണൻ. രാജ്യത്തിന്റ് പ്രശ്‌നങ്ങൾ കേന്ദ്ര ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തിക്കാനായിരുന്നു മിക്കപ്പോഴും അദ്ദേഹത്തിന്റെ താത്പര്യം. എന്നിട്ടും ഒരേ മണ്ഡലത്തിൽനിന്ന് തുടരെ ഇത്രയധികം പ്രാവശ്യം പാർലമെന്റംഗമാവാനായത് ചെറിയ കാര്യമല്ല. ഇണങ്ങിയും പിണങ്ങിയും കോൺഗ്രസിൽ നില്ക്കുമ്പോഴും അല്ലാത്തപ്പോഴും വടകരക്കാർ പലമാനങ്ങളുള്ള ഈ നേതാവിനെത്തന്നെ വരിച്ചു. പത്രപ്രവർത്തകനായി തുടങ്ങിയ കാലം മുതൽ ഡൽഹിയായിരുന്നു പ്രധാന തട്ടകം. എന്നിട്ടും കോഴിക്കോടുമായുള്ള ബന്ധം മുറിയാതെ കാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഉണ്ണിക്കൃഷ്ണൻ. കേരളത്തിൽ ഇന്നുകാണുന്ന പല ദേശീയപാതകളുടെയും വികസനത്തിന് ആദ്യഘട്ട അനുമതി നേടിയെടുത്തത് ഉണ്ണിക്കൃഷ്ണന്റെ കാലത്താണ്.
ആറര പതിറ്റാണ്ടിലേറെ നീണ്ട ആ രാഷ്ട്രീയ ജീവിതത്തിൽ അഴിമതി ആരോപണങ്ങളൊന്നുംതന്നെ ഉയർന്നു കേട്ടിട്ടില്ലെന്നത് മറ്റൊരു വ്യതിരിക്തത. മാതൃസഹോദരിയായ സ്വാതന്ത്ര്യസമരനായിക എ.വി. കുട്ടിമാളു അമ്മയോടൊപ്പം അവഡി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ഉണ്ണിക്കൃഷ്ണൻ കോൺഗ്രസ് അംഗം പോലുമായിരുന്നില്ല. ദേശീയപോരാട്ടത്തിന്റെ ഹൃദയനന്മയും ശുദ്ധഖദറിന്റെ വെണ്മയും അന്നേ ആ മനസ്സിൽ ഇടംനേടി. പലവട്ടം പാർലമെന്റംഗമായിട്ടും കേന്ദ്ര മന്ത്രിയായിട്ടും ആ വലിയ മനുഷ്യന്റെ വലിയ മനസ്സ് സത്യപാതയിൽനിന്ന് തെല്ലും മാറിയില്ല.
വ്യത്യസ്ത അഭിപ്രായം തുറന്നുപറയാനുള്ള ആർജവം എന്നും കോഴിക്കോട്ടുകാരുടെ ഉണ്ണിയേട്ടൻ പ്രകടമാക്കി. തന്റെ വാക്കുകളെ പ്രതിപക്ഷസ്വരമായി കാണാതെ പാർട്ടിയെ നേരായപാതയിൽ നയിക്കാനുള്ള വഴിയായാണ് അദ്ദേഹം കണ്ടത്. കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞ് മുന്നേറുമ്പോഴും ആ സ്വരം ഏവരാലും ശ്രദ്ധിക്കപ്പെട്ടു. എത്തിപ്പിടിക്കാവുന്ന പലതും നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു ഈ മാർഗദർശനം. വ്യത്യസ്താഭിപ്രായങ്ങളുടെ സമന്വയമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് വിശ്വസിച്ചു. വിശ്രമജീവിതത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രാധാന്യം ഒരിക്കലും നഷ്ടമാവില്ലെന്നും കോൺഗ്രസിന്റെ ജനാധിപത്യബോധത്തിന് പകരംവയ്ക്കാൻ മറ്റൊരു സാധ്യതയും താൻ കാണുന്നില്ലെന്നും അദ്ദേഹം പലവട്ടം തുറന്നുപറഞ്ഞു.
ഉണ്ണിക്കൃഷ്ണന്റെ പുസ്തകപ്രേമം അസാധാരണമായിരുന്നു. സാധാരണഗതിയിൽ രാഷ്ട്രീയ നേതാക്കൾക്ക് ആഴത്തിലുള്ള വായനയ്ക്ക് സമയംകിട്ടാറില്ല. ഉണ്ണിക്കൃഷ്ണനാവട്ടെ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചു. വാങ്ങിക്കൂട്ടി വീട് നിറച്ചു. ഡൽഹിയിൽനിന്ന് കോഴിക്കോട് തിരുവണ്ണൂരിലേക്ക് വീടുമാറുമ്പോൾ ലോറികളിലാണ് പുസ്തകങ്ങൾ കൊണ്ടുവന്നത്. എഴുത്തും വായനയും പുസ്തകചർച്ചയും മറ്റും ആ ഗൃഹവായനശാലയെ സമ്പന്നമാക്കി. ഉപരിപഠനത്തിന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എത്തിയ ഉണ്ണിക്കൃഷ്ണന് അവിടത്തെ മികച്ച ലൈബ്രറി വായനയ്ക്കുള്ള വിശാലമായ വാതായനം തുറന്നിട്ടു.
മലയാള കവിതയും ക്ലാസ്സിക് കൃതികളും മുതൽ രാഷ്ട്രമീമാംസയും തത്വശാസ്ത്രവും വരെ വിപുലമായ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അന്നാടുകളിലെ പുസ്തകശാലകളിൽ പോയി വിലപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കി. ഇവ ഓൺലൈനിൽ വാങ്ങാമല്ലോ എന്ന് കൂടെയുള്ളവർ പറഞ്ഞാലും അദ്ദേഹം സമ്മതിക്കില്ല. പുസ്തകക്കെട്ടുകൾ അപ്പോൾത്തന്നെ വാങ്ങി മടങ്ങും. ഇതുണ്ട് ബെൻസിലാൽ ഒരിക്കൽ പറഞ്ഞു - 'നിങ്ങൾക്ക് പുസ്തക ഭ്രമമല്ല. കടുത്ത പുസ്തക ഭ്രാന്താണ്.''
വലിയൊരു സൗഹൃദവലയത്തിനുടമയായിരുന്നു ഉണ്ണിക്കൃഷ്ണൻ. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത വി.കെ.എന്നെപ്പോലുള്ള സാഹിത്യകാരന്മാരും മറ്റും അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു. വിവിധ മേഖലകളിലുള്ളവരോട് വലുപ്പച്ചെറുപ്പമില്ലാതെ സൗഹൃദം സൃഷ്ടിക്കാനും സൂക്ഷിക്കാനും നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു.
Content Highlights: A distinguished political figure who served as a six-time Member of Parliament from Vadakara
Published: 03 Mar 2026, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented