
കുന്ദമംഗലം: കോഴിക്കോട്-വയനാട് ദേശീയപാതയിൽ പതിമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർയാത്രക്കാരായ വാവാട് ഇരുമോത്ത് മണ്ടാട്ട് നിഹാൽ (27), പുതുപ്പാടി മലപുറം അപ്പുറത്ത്‌പൊയിൽ സുബ്ക്കി (27), പിക്കപ്പ് വാൻ ഡ്രൈവർ വയനാട് പൊഴുതന പാറക്കുന്ന് മരക്കത്തൊടി ഷമീർ (35) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് അപകടം. കാറിലും പിക്കപ്പ് വാനിലും രണ്ടുപേരാണ് ഉണ്ടായിരുന്നത്.
ഗുരുതരപരിക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊഴുതന സ്വദേശി ഷഫീഖ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പപ്പായ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും എതിരേവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുവാഹനങ്ങളും തമ്മിൽ ചേർന്നുപോയി. നാട്ടുകാർ ലോറിയിൽ വടംകെട്ടി വാഹനങ്ങളെ വേർപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വെള്ളിമാടുകുന്നിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽക്കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാർ പൂർണമായും പിക്കപ്പിന്റെ മുൻവശവും തകർന്നു. വാവാട് ഇരുമോത്ത് മണ്ടാട്ട് സക്കീറിന്റെയും സുൽഫത്തിന്റെയും മകനാണ് നിഹാൽ. സഹോദരി: സന ഫാത്തിമ. പുതുപ്പാടി മലപുറം അപ്പുറത്ത്‌പൊയിൽ അസീസ് മുസ്ല്യാർ (മുഹമ്മദ്)- സക്കീന ദമ്പതിമാരുടെ ഏകമകനാണ് സുബ്ക്കി.
പരേതനായ ഹുസൈനും സുലൈഖയുമാണ് ഷമീറിന്റെ മാതാപിതാക്കൾ. ഭാര്യ: നജ്‌ന നുസ്‌റി. മക്കൾ: മുഹമ്മദ് ഷഹീൻ, സിയ ബതൂൽ. സഹോദരങ്ങൾ: സുബൈർ, ജുനൈദ്.
സ്ഥിരം അപകടമേഖല...
തിങ്കളാഴ്ച പുലർച്ചെയുണ്ടായ ദുരന്തവാർത്തയിൽ നടുങ്ങിയിരിക്കുകയാണ് പതിമംഗലം പ്രദേശം. യുവാക്കളായ മൂന്നുപേരെ ഒരുമിച്ച് നഷ്ടമായതിന്റെ വേദനയിലാണ് നാട്. ഞായറാഴ്ച രാത്രി വൈകി അങ്ങാടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവർക്ക് പുലർന്നപ്പോൾ കേട്ട വാർത്ത വിശ്വസിക്കാനാവുന്നില്ല.
പുലർച്ചെ 1.58-ന് ബ്രേക്ക് ചെയ്യുന്നതോടൊപ്പം വലിയ ഇടിയുടെ ശബ്ദവുംകേട്ടാണ് പരിസരത്തുള്ളവർ ഓടിയെത്തിയത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണമായും തകർന്നിരുന്നു. വെള്ളിമാടുകുന്ന് അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പടനിലം വളവുമുതൽ ചൂലാംവയൽവരെ അപകടമേഖലയായാണ് അറിയപ്പെടുന്നത്. ഒട്ടേറെ അപകടമരണങ്ങളാണ് ഇതുവരെ ഇവിടെ നടന്നതെന്ന് നാട്ടുകാർ പറയുന്നു. മേലേ പതിമംഗലം കയറ്റം കാഴ്ച മറയ്ക്കുന്നതാണെന്നും ഇത് അപകടങ്ങൾക്കിടയാക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഈ ഭാഗത്തുതന്നെയാണ് തിങ്കളാഴ്ചയും അപകടം നടന്നത്. ആഴ്ചകൾക്കുമുൻപ് പതിമംഗലം പെട്രോൾപമ്പിനു മുന്നിൽ വിദ്യാർഥിനി പിക്കപ്പ് വാനിടിച്ച് മരിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇവ ഒഴിവാക്കാൻവേണ്ട സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Tragic accident on Kozhikode-Wayanad highway: Car and pickup van collide, claiming three lives. Rescue efforts underway. Read details.
Published: 13 Jan 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented