കോഴിക്കോട്: 445.95 കോടി ചെലവഴിച്ച് നടത്തുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണം മന്ദഗതിയില്‍. 2027 ജൂലായില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് നിര്‍മാണം വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. മഴയും നവരാത്രി-ദീപാവലി അവധിയും കാരണം തൊഴിലാളികള്‍ കൂട്ടത്തോടെ അവരുടെ നാട്ടിലേക്കുപോയതാണ് പ്രവൃത്തി ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും മന്ത്രി തൃപ്തനായില്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട നിര്‍മാണപ്രവൃത്തി വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

വരുംമാസങ്ങളില്‍ത്തന്നെ ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന നിര്‍മാണഘട്ടം പിന്നിടുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ജൂണിനുമുന്‍പ് അടുത്തഘട്ടം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശംനല്‍കി. ഐടി പാര്‍ക്കിനുള്ള സൗകര്യവും യഥാസമയം ഒരുക്കണം. ആരോഗ്യ ക്ലിനിക്കിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കണം. പടിഞ്ഞാറുഭാഗത്തെ പാര്‍ക്കിങ് സംവിധാനവും ജൂണില്‍ പൂര്‍ത്തിയാക്കണം. നിര്‍മാണപ്രവര്‍ത്തനങ്ങളിലെ കാലതാമസം റെയില്‍വേക്കും കരാറുകാര്‍ക്കും ഒരുപോലെ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയും എം.കെ. രാഘവന്‍ എംപിയും നിര്‍മാണപ്രവൃത്തികള്‍ ചുറ്റിനടന്ന് കണ്ടു. പദ്ധതിക്കായുള്ള മനുഷ്യവിഭവശേഷി, പണലഭ്യത, യന്ത്രസംവിധാനങ്ങള്‍ എന്നിവയില്‍ കുറവുവരുത്തരുതെന്ന് എം.കെ. രാഘവന്‍ എംപി മന്ത്രിയോടാവശ്യപ്പെട്ടു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.പി. പ്രകാശ്ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലബാറിന് കൂടുതല്‍ തീവണ്ടികള്‍ ലഭിക്കും -മന്ത്രി

മലബാറിലെ യാത്രാക്ലേശം പരിഹരിക്കത്തക്കവിധം കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുമെന്ന് യോഗാനന്തരം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവിലുള്ള വണ്ടികളില്‍ കൂടുതല്‍ കോച്ചുകള്‍നല്‍കും. മെമു ആരംഭിക്കാന്‍ നിര്‍ദേശംനല്‍കും. മെമുവിലും കോച്ചുകള്‍ കൂട്ടും. വൈകാതെ സ്ലീപ്പര്‍ വന്ദേഭാരത് വരുമ്പോള്‍ കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് ഒരെണ്ണം അനുവദിക്കാന്‍ സമ്മര്‍ദംചെലുത്തുമെന്നും മന്ത്രി പറഞ്ഞു. റെയില്‍ വികസനത്തിന് കേരളത്തില്‍ സ്ഥലമെടുപ്പ് പ്രശ്‌നമാണെന്നും ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.