കോഴിക്കോട്: ചെറൂട്ടി റോഡിലെ കോൺവെന്റ് റോഡിന് സമീപമുള്ള പള്ളിപ്പരിസരത്ത് നിന്ന് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കുഞ്ഞിനെ പ്രസവിച്ച ശേഷം ഉപേക്ഷിച്ചുകളഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി ഫ്രാങ്കോയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

To advertise here,

പാലക്കാട് നിന്ന് ബസ്സുകളിലെത്തിയ തീർഥാടന സംഘങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയത്. ഇവർ കോൺവെന്റ് റോഡിന് സമീപത്തുള്ള മേരി മാതാ കത്തീഡ്രൽ സന്ദർശിക്കുകയും ചെയ്തു.

ഗർഭിണിയായത് കൊണ്ട് യാത്രയിൽ കൂടേണ്ട എന്ന് ഫ്രാങ്കോയോട് മറ്റുള്ളവർ പറഞ്ഞിരുന്നുവെങ്കിലും നിർബന്ധിച്ച് യാത്രയ്‌ക്കൊപ്പം വന്നു. എന്നാൽ കോഴിക്കോടെത്തിയ ശേഷം പള്ളിപ്പരിസരത്ത് പ്രസവിക്കുകയായിരുന്നു. മറ്റുള്ളവർ അറിഞ്ഞാൽ പ്രശ്‌നമാവുമെന്ന് കരുതി ആരോടും പറയാതെ ബസ്സിൽ തന്നെ തിരിച്ചുകയറുകയും ചെയ്തു. തീർഥാടക സംഘം പോയ ശേഷം പിന്നീട് വന്നവരാണ് കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയിൽ പെടുകയും പള്ളി അധികൃതരെ അറിയിക്കുകയും ചെയ്തത്.

സംഭവസമയത്ത് ഭർത്താവ് ഇവരുടെ കൂടെയുണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ സിസിടിവി ദൃശ്യം നോക്കി തിരിച്ചറിഞ്ഞ ശേഷം ഭർത്താവിനെ വിളിച്ചുവരുത്തിയിട്ടിട്ടുണ്ടെന്ന് കോഴിക്കോട് ടൗൺ സിഐ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഗർഭപാത്രത്തിന് ഉള്ളിൽ വെച്ചുതന്നെ കുഞ്ഞുമരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ എങ്ങനെയാണ് ഗർഭപാത്രത്തിന് ഉള്ളിൽവെച്ച് മരിച്ചത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

അമിത രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. ഇവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലായാൽ കൂടുതൽ മൊഴിയെടുക്കാമെന്നാണ് പോലീസ് കരുതുന്നത്. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണന്ന വിവരവുമുണ്ട്.