
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികൾ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബുധനാഴ്ച പുലർച്ചെ ഭക്ഷ്യസുരക്ഷാവിഭാഗം ഏഴിടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ചുനൽകിയ നാല് നിർമാണകേന്ദ്രങ്ങൾ അടപ്പിച്ചു. ബാക്കി മൂന്നുസ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.
പാളയത്തെ അഖിൽ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത മറുനാടൻതൊഴിലാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഇതിൽ ഒരു സ്ഥാപനത്തിൽ ചെളിനിറത്തിലുള്ള വെള്ളമാണ് അടുക്കളയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
അർധരാത്രി പ്രവർത്തനമാരംഭിച്ച് പുലർച്ചയോടെ നിർമാണം പൂർത്തിയാക്കുന്ന കേന്ദ്രങ്ങളാണിവയിലേറെയും. ഈ എണ്ണക്കടികൾ ശരിയായ മാനദണ്ഡംപാലിക്കാതെയാണ് മറ്റുകടകളിലേക്ക് വിതരണം ചെയ്യുന്നത്. ഫുഡ് ഗ്രേഡ് പാത്രങ്ങൾ ഉപയോഗിച്ചായിരിക്കണം വിതരണവും സൂക്ഷിക്കലും നടത്തേണ്ടത്. എന്നാൽ, പ്ലാസ്റ്റിക് സഞ്ചികളിലാണ് നഗരത്തിൽ ഇവ വിതരണംചെയ്യുന്നത്. പുലർച്ചെ ഇരുചക്രവാഹനങ്ങളിൽ തൂക്കിയിട്ടും മറ്റും ഇത്തരം സഞ്ചികളുമായി പോകുന്ന വിതരണക്കാരെ കാണാനാകും. ഉപയോഗിച്ച എണ്ണയിൽ പുതിയത് വീണ്ടും പാകംചെയ്യാൻ ഉപയോഗിക്കുന്ന പ്രവണതയും ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസി. കമ്മിഷണർ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
Content Highlights: Four snack production units in Kozhikode were shut down by the Food Safety Department., Major violations included unhygienic conditions, use of contaminated water, and reusing old oil., The raids were conducted in seven locations, with three other units receiving notices., These units supplied fried snacks to various hotels and shops in the city., The inspection was led by Food Safety Deputy Commissioner T.S. Vinod Kumar.
Published: 26 Feb 2026, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented