കോഴിക്കോട്:  ഡിഎംഒ ഓഫീസിലെ കസേരത്തര്‍ക്കത്തിന് അവസാനം. ഡോ.ആശാദേവിയെ കോഴിക്കോട് ഡിഎംഓയായും ഡോ. എന്‍.രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു. ഡോ.എന്‍.രാജേന്ദ്രൻ തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്.

To advertise here,

കഴിഞ്ഞ ഡിസംബറിൽ അതിനാടകീയ സംഭവങ്ങൾക്കാണ് കോഴിക്കോട് ഡിഎംഒ ഓഫീസ് സാക്ഷ്യം വഹിച്ചത്. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ഉത്തരവ് പുറത്തിറങ്ങുകയും കോഴിക്കോട് ഡി.എം.ഒ. സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പകരം എറണാകുളം ഡി.എം.ഒ. ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ. ആയി സ്ഥലം മാറ്റി. 

എന്നാല്‍,  കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി.എം.ഒ. ആയി തുടർന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടർന്നു.

ഭര്‍ത്താവും അമ്മയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും അതിനാല്‍ തനിക്ക് കോഴിക്കോടേക്ക് സ്ഥലംമാറ്റം ലഭിച്ചത് വ്യക്തിപരമായി ഉചിതമാണെന്നും അതിനാല്‍ കോഴിക്കോട് തന്നെ തുടരാന്‍ അനുവദിക്കണമെന്നും ആശാദേവി അറിയിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രൊഫസറായ തന്റെ ഭാര്യക്ക് ഇടുക്കിയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചുവെന്നും മകള്‍ ഹൈദരബാദിലാണ് പഠിക്കുന്നതെന്നും തന്റെ മാതാപിതാക്കള്‍ കണ്ണൂരിലാണെന്നും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്ന അവരെ പരിപാലിക്കാന്‍ മറ്റാരുമില്ലായെന്നുമാണ് ഡോ.രാജേന്ദ്രന്‍ ഉന്നയിച്ചിരുന്ന ആവശ്യം.