കോഴിക്കോട്: സമയത്തെ ച്ചൊല്ലിയുടെ തര്‍ക്കത്തില്‍ യാത്രക്കാരുള്ള ബസിന് കല്ലെറിഞ്ഞ ഡ്രൈവറുടെ ലൈന്‍സന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ സിറ്റി സ്റ്റാന്‍ഡ് ബസ്സ്റ്റോപ്പില്‍ മാങ്കാവ് - ചെലവൂര്‍ റൂട്ടിലോടുന്ന 'കടുപ്പയില്‍' ബസിലെ ഡ്രൈവര്‍ ചെലവൂര്‍ സ്വദേശി മുസ്തഫയാണ് കല്ലെറിഞ്ഞത്.

To advertise here,

സംഭവത്തില്‍ ബേപ്പൂര്‍ - മലാപ്പറമ്പ്- മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന 'മനിര്‍ഷ' ബസിലെ ഡ്രൈവര്‍ അരക്കിണര്‍ സ്വദേശി അഖില്‍ രാജിനും രണ്ട് യാത്രക്കാരികള്‍ക്കും പരിക്കേറ്റിരുന്നു. ഇരു ബസുകളും ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും മുസ്തഫയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച മോട്ടോര്‍ വാഹനവകുപ്പ് രണ്ട് ബസുകള്‍ പരിശോധിക്കുകയും ഇരുകൂട്ടര്‍ക്കും ഹാജരാകാനായി നോട്ടീസ് നല്‍കുകയും ചെയ്തു. ശനിയാഴ്ച ഇരുകൂട്ടരേയും വിളിപ്പിച്ച് വാദങ്ങള്‍ കേട്ടശേഷമാണ് നടപടിയെടുത്തതെന്ന് കോഴിക്കോട് ആര്‍ടിഒ സി.എസ്. സന്തോഷ്‌കുമാര്‍ പറഞ്ഞു.

പെര്‍മിറ്റ് പുതുക്കുന്ന വിഷയത്തില്‍ മനിര്‍ഷ ബസിനെ താക്കീതും ചെയ്തു. സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിന് കുറുകെ ബസ് കയറ്റി നിര്‍ത്തിയ ശേഷം ബസില്‍ നിന്നിറങ്ങി ഹോളോബ്രിക്‌സ് കഷ്ണം ഉപയോഗിച്ചാണ് എറിഞ്ഞത്. ചില്ല് തകര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി. രണ്ടാഴ്ച മുന്‍പും സമയതര്‍ക്കത്തെത്തുടര്‍ന്ന് ഇതേ ബസുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.