
കോഴിക്കോട്: ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും എൽ.ഡി.എഫ്. സ്ഥാനാർഥികളെ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ സി.പി.എം., സി.പി.ഐ. സ്ഥാനാർഥികൾ പ്രചാരണവും തുടങ്ങി. സിറ്റിങ് എം.എൽ.എ.മാരെത്തന്നെയാണ് സി.പി.എം. വീണ്ടും അങ്കത്തട്ടിലിറക്കുന്നത്. കൊയിലാണ്ടിയിലാണ് എം.എൽ.എ.യുടെ മരണംകാരണം ഇതിൽ മാറ്റമുള്ളത്. എലത്തൂരിൽ എൻ.സി.പി.(എസ്)യിലെ തർക്കം കാരണം നീണ്ടുപോവുകയാണ്. കൊടുവള്ളിയിൽ പൊതുസ്വതന്ത്രനുവേണ്ടിയുള്ള കാത്തിരിപ്പാണ്. വടകരയിൽ ആർ.ജെ.ഡി. സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാവും. യു.ഡി.എഫിൽ കൊയിലാണ്ടിയിലും ബേപ്പൂരിലും മാത്രമാണ് സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരമായത്.
കോൺഗ്രസിൽ പട്ടികയിൽ മാറ്റമുണ്ടാവില്ലെങ്കിലും അംഗീകാരമായിട്ടില്ല. മുസ്ലിംലീഗിൽ തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്. ബി.ജെ.പി.യിൽ എം.ടി. രമേശ് ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുമെന്നാണ് തീരുമാനമെങ്കിലും ചിത്രം വ്യക്തമായിട്ടില്ല. പ്രഖ്യാപനം വൈകുമെന്നാണ് അറിയുന്നത്.
തദ്ദേശം ആവർത്തിക്കുമോ...
കോഴിക്കോട്: നിലവിലെ നിയമസഭയിൽ കോഴിക്കോട്ടുനിന്ന് ഒറ്റ എം.എൽ.എ. പോലുമില്ലാത്ത കോൺഗ്രസിന് വലിയ ആശ്വാസം നൽകുന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻമുന്നേറ്റമാണ് യു.ഡി.എഫ്. കാഴ്ചവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ 13 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും യു.ഡി.എഫിനൊപ്പമായിരുന്നു ഇത്തവണ. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്.
2025-ലെ തദ്ദേശ ഫലം നിയമസഭാ മണ്ഡലം തിരിച്ച്
| ക്രമനമ്പർ | മണ്ഡലം | യു.ഡി.എഫ് | എൽ.ഡി.എഫ് |
| 1 | നാദാപുരം | 74,484 | 75,122 |
| 2 | വടകര | 60,785 | 56,024 |
| 3 | കുറ്റ്യാടി | 80,772 | 76,650 |
| 4 | കൊയിലാണ്ടി | 74,653 | 67,586 |
| 5 | പേരാമ്പ്ര | 81,027 | 72,669 |
| 6 | ബാലുശ്ശേരി | 69,255 | 68,028 |
| 7 | തിരുവമ്പാടി | 73,696 | 62,615 |
| 8 | കൊടുവള്ളി | 85,281 | 61,051 |
| 9 | കുന്നമംഗലം | 88,996 | 77,558 |
| 10 | ബേപ്പൂർ | 67,702 | 69,042 |
| 11 | കോഴിക്കോട് സൗത്ത് | 33,580 | 27,495 |
| 12 | കോഴിക്കോട് നോർത്ത് | 36,472 | 42,502 |
| 13 | എലത്തൂർ | 70,375 | 75,712 |
കോൺഗ്രസ് അക്കൗണ്ട് തുറക്കുമോ
കോഴിക്കോട്: ഇരുപതുവർഷംമുൻപാണ് ജില്ലയിൽ കോൺഗ്രസിന് അവസാനമായി എം.എൽ.എ. ഉണ്ടായത്. 2001-നുശേഷമുള്ള നാല് തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽനിന്ന് കോൺഗ്രസ് വിജയിച്ചിട്ടില്ല. കൊയിലാണ്ടിയിൽ പി. ശങ്കരനും കോഴിക്കോട് നോർത്തിൽ എ. സുജനപാലുമാണ് ജില്ലയിൽനിന്ന് അവസാനമായി വിജയിച്ച കോൺഗ്രസ് എം.എൽ.എ.മാർ. മുസ്ലിംലീഗിന്റെയും കഴിഞ്ഞതവണമുതൽ ആർ.എം.പി.യുടെയും എം.എൽ.എ.മാരാണ് യു.ഡി.എഫ്. പ്രതിനിധികളായി ജില്ലയിൽനിന്ന് നിയമസഭയിലെത്തുന്നത്. 13 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്തും എൽ.ഡി.എഫാണ്. വടകരയിൽ ആർ.എം.പി.യും കൊടുവള്ളിയിൽ മുസ്ലിംലീഗുമാണ് കഴിഞ്ഞതവണ വിജയിച്ചത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ അട്ടിമറിവിജയം ആവർത്തിക്കാനായാൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടി കരുത്ത് തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷ. ജില്ലാപഞ്ചായത്തിൽ ഇത്തവണ അട്ടിമറിവിജയമാണ് നേടിയത്. യു.ഡി.എഫ് 42 പഞ്ചായത്തുകളിലാണ് ഭരണം നേടിയപ്പോൾ അതിൽ 19 പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തതാണ്.
മണ്ഡലങ്ങളിലൂടെ…
കോഴിക്കോട് നോർത്ത്
മുൻപ് ഇടതിനും വലതിനുമൊപ്പം നിന്നിട്ടുണ്ടെങ്കിലും 2006 മുതൽ ഇടതിനൊപ്പമാണ് മണ്ഡലം. സിറ്റിങ് എം.എൽ.എ.യും മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേരുമാത്രമാണുള്ളത്. എൻ.ഡി.എ.യിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ നവ്യാ ഹരിദാസാണ് പരിഗണനയിലുള്ളത്.
കോഴിക്കോട് സൗത്ത്
മുസ്ലിംലീഗിനെ അട്ടിമറിച്ച് മണ്ഡലം പിടിച്ച ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റുകൂടിയായ അഹമ്മദ് ദേവർകോവിൽ തന്നെയാണ് എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കുന്നത്. യു.ഡി.എഫിൽ ഡോ. എം.കെ. മുനീർ തന്നെയായിരിക്കും സ്ഥാനാർഥി. അദ്ദേഹം പാർട്ടിനേതൃത്വത്തെ സന്നദ്ധതയറിയിച്ചിട്ടുണ്ട്. അവസാനഘട്ടത്തിൽ പിൻമാറിയാൽമാത്രമേ മുസ്ലിംലീഗ് ഇവിടെ മറ്റൊരാളെ പരിഗണിക്കൂ.
ബേപ്പൂർ
1980 മുതൽ തുടർച്ചയായി എൽ.ഡി.എഫ്. ജയിക്കുന്ന മണ്ഡലമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെയാണ് രണ്ടാമൂഴത്തിന്. യു.ഡി.എഫിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരുമാസം മുൻപേ പി.വി. അൻവർ ഇറങ്ങിക്കഴിഞ്ഞു.
ബാലുശ്ശേരി
ഒരിക്കലും ഇളകാത്ത ഇടതുകോട്ടയായ ബാലുശ്ശേരിയിൽ സച്ചിൻദേവ് തന്നെയാണ് എൽ.ഡി.എഫിൽ രണ്ടാമൂഴത്തിന് ഇറങ്ങുന്നത്. യു.ഡി.എഫിൽ സീറ്റ് മുസ്ലിംലീഗിന് വിട്ടുനൽകാനാണ് ധാരണ. മുൻ എം.എൽ.എ. യു.സി. രാമൻ, മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. സ്മിജി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ.
നാദാപുരം
സി.പി.ഐ.യുടെ ജില്ലയിലെ ഏക സീറ്റാണ്. 1987 മുതൽ തുടർച്ചയായി സി.പി.ഐ.തന്നെയാണ് ജയിക്കുന്നത്. ഇത്തവണ സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമായ പി. വസന്തമാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്താണ് യു.ഡി.എഫ്. സ്ഥാനാർഥി.
തിരുവമ്പാടി
രാഷ്ട്രീയമായി യു.ഡി.എഫിനാണ് മുൻതൂക്കമെങ്കിലും 2006 മുതൽ എൽ.ഡി.എഫിനൊപ്പമാണ്. ലിന്റോ ജോസഫ് തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫിൽ സീറ്റ് വെച്ചുമാറാനുള്ള ചർച്ചകൾ പൂർത്തിയായി. കോൺഗ്രസ് ഏറ്റെടുത്താൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി ആയിരിക്കും സ്ഥാനാർഥി. അല്ലെങ്കിൽ മുസ്ലിംലീഗിന്റെ പൊതുസ്വതന്ത്രൻ വരും.
കൊയിലാണ്ടി
കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കൊയിലാണ്ടി 2006 മുതൽ ഇടതുപക്ഷത്താണ്. മുൻ എം.എൽ.എ.യും കൊയിലാണ്ടി മുൻ നഗരസഭാ ചെയർമാനുമായ കെ. ദാസനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് യു.ഡി.എഫ്. സ്ഥാനാർഥിയെന്ന് ഉറപ്പായിക്കഴിഞ്ഞു.
പേരാമ്പ്ര
1980 മുതൽ ഇടതുമുന്നണിയുടെ കുത്തകയാണ്. എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ നാലാമൂഴത്തിനിറങ്ങുകയാണ്. മുസ്ലിംലീഗിന്റെ സീറ്റിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിലിന്റെ പേരാണ് അന്തിമചർച്ചയിലുള്ളത്.
കൊടുവള്ളി
മുസ്ലിംലീഗിന്റെ ശക്തികേന്ദ്രത്തിൽ ഇത്തവണ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരാണ് യു.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയിലുള്ളത്. മുൻ എം.എൽ.എ. വി.എം. ഉമ്മറിന്റെ പേരുമുണ്ട്. എൽ.ഡി.എഫ്. പൊതുസ്വതന്ത്രനെ തേടുകയാണ്.
കുറ്റ്യാടി
മുസ്ലിംലീഗിൽനിന്ന് കഴിഞ്ഞതവണ സീറ്റ് പിടിച്ചെടുത്ത കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. തന്നെയാണ് എൽ.ഡി.എഫിൽ മത്സരിക്കുന്നത്. യു.ഡി.എഫിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ളതന്നെയായിരിക്കും.
വടകര
എൽ.ഡി.എഫിന്റെ കുത്തക സീറ്റ് കെ.കെ. രമയിലൂടെ കഴിഞ്ഞതവണ യു.ഡി.എഫ്. പിടിച്ചെടുത്തതാണ്. യു.ഡി.എഫിൽ സിറ്റിങ് എം.എൽ.എ. കെ.കെ. രമ തന്നെ രണ്ടാമൂഴത്തിന് ഇറങ്ങും. എൽ.ഡി.എഫിൽ ആർ.ജെ.ഡി.ക്കാണ് സീറ്റ്. സ്ഥാനാർഥിപ്രഖ്യാപനമായിട്ടില്ല
കുന്ദമംഗലം
മുസ്ലിംലീഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്ത പി.ടി.എ. റഹീം തന്നെയാണ് എൽ.ഡി.എഫിൽ നാലാമതും ഇറങ്ങുന്നത്. യു.ഡി.എഫിൽ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ഫാത്തിമ തഹ്ലിയയാണ് പരിഗണനയിലുള്ളത്.
തർക്കംതീരാതെ എലത്തൂർ
എൻ.സി.പി.(എസ്)യുടെ സിറ്റിങ് സീറ്റാണ് എലത്തൂർ. എ.കെ. ശശീന്ദ്രൻതന്നെ മൂന്നാംതവണയും മണ്ഡലത്തിൽ മത്സരസന്നദ്ധനായി രംഗത്തെത്തിയത് എൻ.സി.പി.(എസ്)യിൽ തർക്കം തുടങ്ങിയിട്ടുണ്ട്. ജില്ലാകമ്മിറ്റിയും ശശീന്ദ്രനും രണ്ടുതട്ടിലാണ്. ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ്. കൺവീനറുമായ മുക്കം മുഹമ്മദിനെയാണ് അവർ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ, എ.കെ. ശശീന്ദ്രൻ അത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് സ്ഥാനാർഥിനിർണയം അനിശ്ചിതാവസ്ഥയിലാവുന്ന രീതിയിൽ തർക്കം തുടരുകയാണ്.
യു.ഡി.എഫിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെപേരാണ് അവസാനപട്ടികയിലുള്ളത്.
സ്ഥാനാർഥികൾ (പ്രഖ്യാപിച്ചത്)
ബേപ്പൂർ: പി.എ. മുഹമ്മദ് റിയാസ് (എൽ.ഡി.എഫ്.)
: പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പി.എ. മുഹമ്മദ് റിയാസ്(49) 2021ൽ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ പി.എം. നിയാസിനെ പരാജയപ്പെടുത്തിയാണ് ബേപ്പൂരിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 2014-ൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ. രാഘവനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയസംഘടനാപ്രവർത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. ഡി.വൈ.എഫ്.ഐ. ദേശീയപ്രസിഡന്റായിരുന്നു. സി.ഐ.ടി.യു. രംഗത്തും ജില്ലയിൽ സജീവമായിരുന്നു. നിലവിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എം. അബ്ദുൽ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണ് ഭാര്യ.
കുറ്റ്യാടി: കെ.പി. കുഞ്ഞമ്മദ് കുട്ടി (എൽ.ഡി.എഫ്.)
: കുറ്റ്യാടിയിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർഥിയായി വീണ്ടും കെ.പി. കുഞ്ഞമ്മദ് കുട്ടി ജനവിധി തേടും. 1988 മുതൽ 1995 വരെ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്, 1995 മുതൽ 2000 വരെ പഞ്ചായത്തംഗം, 2000 മുതൽ 2005 വരെ ജില്ലാ പഞ്ചായത്ത് അംഗം, 2003 മുതൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, 2005-10 കാലത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2021-26 കാലത്ത് കുറ്റ്യാടി മണ്ഡലം എം.എൽ.എ., വഖഫ് ബോർഡംഗം, മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം, സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോഴിക്കോട് ജില്ലാ ചെയർമാൻ, ഹരിത കേരളം സംയോജിത കൃഷി ജില്ലാസമിതി ചെയർമാൻ, കുറ്റ്യാടി സ്‌നേഹസ്പർശം ഡയാലിസിസ് സെന്റർ ചീഫ് കോഡിനേറ്റർ. കുറ്റ്യാടി എം.ഐ. യു.പി. സ്‌കൂൾ റിട്ട. അധ്യാപകൻ. പിതാവ്: മൊയ്തു. മാതാവ്: മറിയം. ഭാര്യ: ആസ്യ. മക്കൾ: ഷെറിക് അഹമ്മദ്, ഷെഫീക് അഹമ്മദ്, ശബ്‌ന.
കോഴിക്കോട് സൗത്ത്: അഹമ്മദ് ദേവർകോവിൽ (എൽ.ഡി.എഫ്.)
:തുടർച്ചയായി രണ്ടാം തവണയാണ് അഹമ്മദ് ദേവർകോവിൽ (66) കോഴിക്കോട് സൗത്ത് മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നത്. 2021-ൽ നിയമസഭയിലേക്കുള്ള തന്റെ കന്നിയങ്കത്തിൽ മുസ്ലിം ലീഗിലെ നൂർബിനാ റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ആദ്യത്തെ രണ്ടരവർഷം തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രിയായിരുന്നു.
ഐ.എൻ.എൽ. സംസ്ഥാന പ്രസിഡന്റാണ്. ഇബ്രാഹീം സുലൈമാൻ സേട്ട് ഐ.എൻ.എൽ. രൂപവത്കരിച്ച കാലംതൊട്ട് പാർട്ടിയിലുണ്ട്.
മുംബൈ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, മുംബൈ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുസ്ലിം ലീഗിന്റെ സെക്രട്ടറിയുമായിരുന്നു. കുറ്റ്യാടിക്കടുത്ത് ദേവർകോവിലാണ് സ്വദേശം. പിതാവ്: ഒറുവയിൽ വളപ്പൻ മൂസ. മാതാവ്: പുത്തലത്ത് മറിയം. ഭാര്യ: സാബിറ. മക്കൾ: ഷഫി മോനിഷ് അഹമ്മദ്, താജുന ഷർവിൻ, തൻസിഹ ഷെറിൻ.
പേരാമ്പ്ര: ടി.പി. രാമകൃഷ്ണൻ(എൽ.ഡി.എഫ്.)
:നിലവിലെ എം.എൽ.എ.യും എൽ.ഡി.എഫ്. കൺവീനറുമായ ടി.പി. രാമകൃഷ്ണൻ (75) പേരാമ്പ്ര മണ്ഡലത്തിൽനിന്ന് നാലാം തവണയാണ് ജനവിധി തേടുന്നത്. 2016-ൽ എൽ.ഡി.എഫ്. സർക്കാരിൽ തൊഴിൽ, എക്‌സൈസ് മന്ത്രിയായിരുന്നു. 2001-ലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ ടി.പി. രാമകൃഷ്ണൻ കോഴിക്കോട് ജില്ലാ മുൻസെക്രട്ടറിയുമാണ്. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. കീഴരിയൂർ നമ്പ്രത്തുകര ഉണിച്ചിരാംവീട്ടിൽ പരേതരായ ശങ്കരന്റെയും മാണിക്യത്തിന്റെയും മകനാണ്. നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരാണ് താമസം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റുമായ എം.കെ. നളിനിയാണ് ഭാര്യ. മക്കൾ: രജുലാൽ (അധ്യാപകൻ, മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ), രഞ്ജിനി (ഊരാളുങ്കൽ ലേബർ സൊസൈറ്റി).
കോഴിക്കോട് നോർത്ത്: തോട്ടത്തിൽ രവീന്ദ്രൻ (എൽ.ഡി.എഫ്.)
: കോഴിക്കോട് നോർത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ(79) നിയമസഭയിലേക്ക് രണ്ടാമൂഴത്തിനിറങ്ങുകയാണ്. നിലവിൽ നോർത്ത് മണ്ഡലം എം.എൽ.എ.യാണ്. രാജ്യത്ത് ഏറ്റവുംകൂടുതൽ കാലം കോർപ്പറേഷൻ മേയർ പദവിയിൽ ഇരുന്നയാൾ എന്ന റെക്കോർഡിന് ഉടമയാണ് (ഒൻപതുവർഷവും അഞ്ചുമാസവും രണ്ടുദിവസവും). രണ്ടുതവണയാണ് കോഴിക്കോട് കോർപ്പറേഷൻ മേയറായത്. (20002005, 2016, 2020) 1979ലാണ് ആദ്യമായി കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചുതവണ കോർപ്പറേഷൻ കൗൺസിലറായി. ഒരുതവണ ഡെപ്യൂട്ടി മേയറായിരുന്നു. 2007 മുതൽ 2011 വരെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നു. 1968 മുതൽ സി.പി.എം. അംഗമാണ്. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. ഭാര്യ: വത്സല (റിട്ട. അധ്യാപിക). മക്കൾ: വിഷ്ണു, ലക്ഷ്മി. കോഴിക്കോട് ബിലാത്തികുളം രവീസ് ആണ് വീട്.
നാദാപുരം: പി. വസന്തം (എൽ.ഡി.എഫ്.)
:സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമാണ്. സി.പി.ഐ. ദേശീയ കൗൺസിലിലും അംഗമാണ്. നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂർ സ്വദേശിനിയാണ്. തൃശ്ശൂർ കേരളവർമ കോളേജ് വൈസ് ചെയർപേഴ്സണായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ.യും കാലിക്കറ്റ് ഗവ. ലോ കോളേജിൽനിന്ന് എൽ.എൽ.ബി.യും നേടി. എ.ഐ.എസ്.എഫ്. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചു. 83 മുതൽ പാർട്ടി അംഗം. കേരള മഹിളാസംഘം നാദാപുരം മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചു. 1993 മുതൽ കല്ലാച്ചിയിൽ അഭിഭാഷകയാണ്. ഭർത്താവ്: സത്യൻ മൊകേരി (സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി). മക്കൾ: അച്യുത് വി. സത്യൻ, ആർഷ വി. സത്യൻ.
തിരുവമ്പാടി: ലിന്റോ ജോസഫ് (എൽ.ഡി.എഫ്.)
:നിലവിലെ എം.എൽ.എ.യായ ലിന്റോ ജോസഫിന് രണ്ടാമൂഴമാണ്. ബിരുദധാരിയായ ലിന്റോ ജോസഫ് രണ്ടാംപിണറായി സർക്കാരിൽ ജില്ലയിൽ നിന്നുള്ള പ്രായംകുറഞ്ഞ രണ്ടാമത്തെ എം.എൽ.എ.കൂടിയാണ്. കൂടരഞ്ഞി കൂമ്പാറ സ്വദേശിയാണ്. 2019-ലെ പ്രളയകാലത്ത് ഗുരുതരാവസ്ഥയിലായ രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ ഡ്രൈവറായ ലിന്റോയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സ ഇപ്പോഴും തുടരുകയാണ്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്, എസ്.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാസെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ജില്ലാകമ്മിറ്റിയംഗമാണ്. പാലയ്ക്കൽ ജോസഫ്-അന്നമ്മ ദമ്പതിമാരുടെ മകൻ. ഭാര്യ: അനുഷ (കേരള പോലീസ്) സഹോദരൻ: ലിബിൻ. സഹോദരി: ലിന്റു.
കുന്ദമംഗലം: പി.ടി.എ. റഹീം (എൽ.ഡി.എഫ്.)
:പീടികതൊടുകയിൽ ഇസ്മായിൽകുട്ടി ഹാജിയുടെയും ആയിഷയുടെയും മകനായി 1949 ഓഗസ്റ്റ് മൂന്നാംതീയതി കൊടുവള്ളിയിൽ ജനിച്ചു. അഭിഭാഷകൻ. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പി.എം.ജെ.വി.കെ. സംസ്ഥാനതല കമ്മിറ്റി അംഗം, ഓർഫനേജ് കൺട്രോൾബോർഡ് മെമ്പർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ടിച്ചുവരുന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിൽനിന്ന് 2006-ൽ കെ. മുരളീധരനെ 7506 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി. 2011-ൽ കുന്ദമംഗലത്തുനിന്ന് യു.സി. രാമനെ 3269 വോട്ടിനും, 2016-ൽ ടി. സിദ്ദിഖിനെ 11,205 വോട്ടിനും, 2021-ൽ ദിനേശ് പെരുമണ്ണയെ 10,276 വോട്ടിനും പരാജയപ്പെടുത്തി നിയമസഭാംഗമായി.
ഭാര്യ: സുബൈദ, രണ്ട് പെൺമക്കളും ഒരു മകനുമടങ്ങിയ കുടുംബം. സ്ഥിരമേൽവിലാസം: മിസ്ഫ, കൊടുവള്ളി പി.ഒ, കോഴിക്കോട്
കൊയിലാണ്ടി: കെ. ദാസൻ (എൽ.ഡി.എഫ്.)
:കൊയിലാണ്ടിയിൽനിന്ന് മൂന്നാംവട്ടമാണ് കെ. ദാസൻ(74) മത്സരിക്കുന്നത്. 13, 14 കേരള നിയമസഭയിൽ കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധാനംചെയ്തത് കെ. ദാസനാണ്. അതിനുമുൻപ് രണ്ടുതവണ കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു. സി.പി.എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. സി.ഐ.ടി.യു. അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, സംസ്ഥാനകമ്മിറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. 2011-ൽ കോൺഗ്രസിലെ (ഇപ്പോൾ സി.പി.എം. ജില്ലാകമ്മിറ്റി അംഗം) കെ.പി. അനിൽകുമാറിനെ 4139 വോട്ടിന് തോൽപ്പിച്ചു. 2016-ൽ യു.ഡി.എഫിലെ എൻ. സുബ്രഹ്‌മണ്യനെ 13,369 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1952 ഡിസംബർ ഒന്നിന് കൊയിലാണ്ടി കൊടക്കാട്ടുംമുറിയിൽ ജനനം. അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: കല്യാണി. ഭാര്യ: ഇ. സുലോചന. മക്കൾ: മരീഷ, മിരൺദാസ്. മരുമക്കൾ: സായൂജ്, അശ്വതി.
ബാലുശ്ശേരി:കെ.എം. സച്ചിൻദേവ് (എൽ.ഡി.എഫ്.)
:നിലവിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗം. പതിനഞ്ചാമത് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ. 1993 ഒക്ടോബർ 18-ന് ബാലുശ്ശേരിയിൽ ജനിച്ച കെ.എം. സച്ചിൻദേവ് സ്‌കൂൾ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനത്തിന് തുടക്കംകുറിച്ചത്. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദവും നേടി. ആർട്‌സ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു. എസ്.എഫ്.ഐ. കോഴിക്കോട് ജില്ലാസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018 മുതൽ 2023 വരെ എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയായിരുന്നു. ഭാര്യ തിരുവനന്തപുരം കോർപ്പറേഷൻ മുൻമേയറായ ആര്യാ രാജേന്ദ്രൻ.
Content Highlights: Comprehensive overview of LDF and UDF candidate selections across 13 Kozhikode
Published: 16 Mar 2026, 08:38 am IST
Related Topics
Kerala Assembly Election 2026
Beypore Assembly Constituency
Elathur Assembly Constituency
Thiruvambady Assembly Constituency
Kozhikode South Assembly Constituency
Kozhikode North Assembly Constituency
Koyilandy Assembly Constituency
Nadapuram Assembly Constituency
Kuttiady Assembly Constituency
Perambra Assembly Constituency
Koduvally Assembly Constituency
Kunnamangalam Assembly Constituency
Balussery Assembly Constituency
Kozhikode
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented