തിരുവനന്തപുരം: കവടിയാറില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി പോലീസ്. പ്രതിയുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതാണ് വിശദപരിശോധനയ്ക്കയയ്ക്കാന്‍ കാരണം. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

To advertise here,

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കവടിയാര്‍ പണ്ഡിറ്റ് കോളനിക്ക് സമീപം നടന്നുപോവുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ കയറിപ്പിടിച്ചതാണ് ഇയാളുടെ പേരിലുള്ള കുറ്റം. സംഭവത്തില്‍ അന്നുതന്നെ പോലീസില്‍ കേസ് കൊടുക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

അന്ന് ലഭിച്ച് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. പിന്നീട്, ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളുടെ ബൈക്ക് നമ്പര്‍ KL 01 cb 3928 ആണെന്ന് തെളിഞ്ഞു. പിന്നീട്, ഈ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത വാഹന നമ്പര്‍ തെറ്റാണെന്ന് കണ്ടെത്തി.

വ്യാജ നമ്പര്‍പ്ലേറ്റുള്ള ഈ ബൈക്കുപയോഗിച്ച് പല കാലങ്ങളിലായി തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും ഇയാള്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം പേരൂര്‍ക്കടയില്‍ വെച്ച്  ഇയാള്‍ ഒരു സ്ത്രീയെ കയറിപ്പിടിച്ചതായും പിന്നീട് മെിഡക്കല്‍ കോളേജ് പരിസരത്തുവെച്ച് മറ്റൊരു സ്ത്രീയ്ക്കു മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.
 
തിരുവനന്തപുരം നഗരത്തില്‍ പലപ്പോഴായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിവരികയാണ്. മ്യൂസിയം പരിസരത്തും വഞ്ചിയൂരിലും മുമ്പ് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.